The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2012, മാർച്ച് 1, വ്യാഴാഴ്‌ച

വെള്ളി നിലാവ്: പ്രാര്‍ത്ഥന

പ്രാര്‍ഥിക്കുവാനായി അല്ലാഹു മനുഷ്യരോട് കല്‍പ്പിക്കുന്നു, പ്രാര്‍ത്ഥന അല്ലാഹുവിലുള്ള പ്രത്യാശയുടെ മാര്‍ഗമാണ്. അവനോടു അടുക്കുവാനും ബന്ധം വളര്‍ത്താനും പ്രാര്തിക്കുന്നവന് ഔന്നത്യം നേടാനും പ്രാര്‍ത്ഥന കൊണ്ട് കഴിയും. എല്ലാ സൃഷ്ട്ടികള്‍ക്കും ആവലാതികള്‍ പറയാനും കരഞ്ഞു തേടാനും അല്ലാഹു മാത്രമേ ഉള്ളൂ.. ആ പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കുകയും ചെയ്യും. അല്ലാഹു പറയുന്നു "നിങ്ങളുടെ നാഥന്‍ അരുളിയിട്ടുണ്ട്, എന്നോട് പ്രാര്തിക്കൂ, ഞാന്‍ നിങ്ങള്ക്ക് ഉത്തരം നല്കുന്നതാകുന്നു" (ഖുര്‍ആന്‍)


തന്റെ നിസ്വത ബോധ്യപ്പെട്ടും തന്റെ ആവശ്യങ്ങള്‍ നിവര്ത്തിക്കുന്നതിലുള്ള അല്ലാഹുവിന്റെ കഴിവില്‍ വിശ്വസിച്ചും മനുഷ്യര്‍ നടത്തുന്ന ഒരു ഇബാദത്താണ് ഈ പ്രാര്‍ത്ഥന. മുത്ത്‌ ഹബീബ് തിരുമേനി (സ്വ) പറയുന്നു "പ്രാര്‍ത്ഥന എന്നാല്‍ ഇബാദത്താകുന്നു" അല്ലാഹുന്റെ അടുത്തു പ്രാര്തനയെക്കാള്‍ ഉത്തമമായ മറ്റൊന്നില്ല. മുത്ത്‌ ഹബീബ് പറഞ്ഞു "പ്രാര്‍ത്ഥനയേക്കാള് അല്ലാഹുവിന്നു ഏറ്റവും ഇഷ്ട്ടമായ - ഉദാരമായ മറ്റൊന്നില്ല".
‍പ്രാര്‍ഥനക്ക് ചില മര്യാദകളുണ്ട്. ഉത്തരം ലഭിക്കുവാന്‍ ചില നിബന്ധനകളും. അവയിലേറ്റവും പ്രധാനമായത് സന്തോഷാവസരത്തിലും പ്രതിസന്ധി ഘട്ടത്തിലും അല്ലാഹുവില്‍ അഭയം തേടുകയെന്നതാണ്. പ്രയാസ സമയങ്ങളില്‍ നമ്മെ അറിയുന്നതിന്നായി സുഖാവസരങ്ങളില്‍ നാം അല്ലാഹുവേ മനസ്സിലാക്കണം. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "ആപദ്ഘട്ടങ്ങളിലും ദുരിതങ്ങളിലും അല്ലാഹു തനിക്കുത്തരം നല്‍കുന്നതില്‍ സന്തോഷിക്കുന്നവന്‍ തന്റെ സുഖാവസരങ്ങളില്‍ അവനോടു ധാരാളമായി പ്രാര്‍ഥിച്ചു കൊള്ളട്ടെ"


മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "ഉത്തരം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തോടെ നിങ്ങള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുക" ഈ ഉറച്ച വിശ്വാസതോടെയായിരിക്കണം നമ്മുടെ ഇതു സമയത്തെയും പ്രാര്‍ഥനകള്‍. മുത്ത്‌ ഹബീബ് (സ്വ) പറയുന്നു "ആര്‍ക്കെങ്കിലും ഒരു ദുരിതം ബാധിക്കുകയും എന്നിട്ടയാള്‍ അതകറ്റുന്നതിന്നായി അല്ലാഹുവിന്റെ മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്‌താല്‍ അല്ലാഹു അവന്നു ഉടനെയോ സാവധാനത്തിലോ സഹായം നല്കിയേക്കാം" പ്രാര്തനയിലെ മനസ്സാനിധ്യവും തന്റെ നാഥന്റെ മുമ്പില്‍ പ്രാര്‍ഥിക്കുന്നവന് പ്രകടിപ്പിക്കുന്ന നിസ്സഹായതയും ഉത്തരം ലഭിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ‍ഹബീബ് (സ്വ) പറയുന്നു "അറിഞ്ഞിരിക്കുക, അശ്രദ്ധവും ബോധ രഹിതവുമായ മനസ്സുകളില്‍ നിന്നുള്ള ഒരു പ്രാര്‍ത്ഥനക്കും അല്ലാഹു ഉത്തരം നല്‍കുന്നതല്ല" പ്രാര്‍ത്ഥന എപ്പോഴും ഭക്തി സാന്ദ്രമായിരിക്കണം. ചില പ്രവാചകരുടെ പ്രാര്‍ത്ഥനകളെ കുറിച്ച് അല്ലാഹു പ്രശംസയോടെ എടുത്തുദ്ധരിക്കുന്നത് കാണാം "അവര്‍ നന്മകളില്‍ മുന്നേറുകയും ആശയോടെയും ഭയത്തോടെയും നമ്മോടു പ്രാര്‍ഥിക്കുകയും നമ്മെ ഭയപ്പെടുകയും ചെയ്യാറുണ്ടായിരുന്നു" (ഖുര്‍ആന്‍)


പ്രാര്‍ത്ഥന സ്വീകരിക്കാനുള്ള മറ്റൊരു നിമിത്തമാണ് അല്ലാഹുവിനെ മഹത്വപ്പെടുത്തുകയും സ്തുതിക്കുകയും അവന്റെ സമുന്നത വിശേഷണങ്ങളാല്‍ അവനെ വാഴ്ത്തുകയും (അസ്മാഉല് ഹുസ്ന) മുത്ത്‌ ഹബീബ് (സ്വ) തങ്ങളുടെ പേരില്‍ സ്വലാത്തുകളും അനുഗ്രഹ പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തു കൊണ്ട് തുടങ്ങുന്ന പ്രാര്‍ഥനകള്‍. ഇത്തരം പ്രാര്തനകള്‍ക്ക് മഹത്വം വര്‍ദ്ധിക്കുകയും അല്ലാഹുവിന്റെ പെട്ടെന്നുള്ള ഉത്തരം ലഭിക്കാന്‍ വളരെ സാധ്യത കൂടുതലുമാണ്. മഹാനായ ഉമര്‍ (റ) പറഞ്ഞു "നീ നിന്റെ പ്രാവാചകന് വേണ്ടി സ്വലാത്ത് ചെല്ലുന്നത് വരെ പ്രാര്‍ത്ഥന മേലോട്ട് ഉയരാതെ ആകാശ ഭൂമികള്‍ക്കിടയില്‍ തങ്ങി നില്‍ക്കും".


ആഹാരം, പാനീയം, വസ്തം തുടങ്ങി നാം ഉപയോഗിക്കുന്ന എല്ലാറ്റിലും ഹലാല്‍ മാത്രം തേടുക എന്നതും പ്രാര്‍ത്ഥന സ്വീകരിക്കാന്‍ കാരണമാകുന്നു. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "അല്ലാഹു വിശുദ്ധനാണ്, നല്ലതല്ലാത്ത ഒന്നും അവന്‍ സ്വീകരിക്കുന്നതല്ല" അനന്തരം ഹബീബ് (സ്വ) ഒരാളെ അനുസ്മരിച്ചു, അയാള്‍ ദീര്‍ഘമായി യാത്ര ചെയ്യുന്നവനും, മുടി ജഡ പിടിക്കുകയും ദേഹമാസകലം പൊടി പുരളുകയും ചെയ്തിരിക്കുന്നു, അയാള്‍ ഇരു കരങ്ങളും ആകാശത്തേക്ക് ഉയര്‍ത്തി പ്രാര്‍ഥിക്കുന്നു "നാഥാ.... നാഥാ.... " എന്നാല്‍ അയാളുടെ ആഹാരമാവട്ടെ നിഷിദ്ധമായ അന്നമാകുന്നു, കുടിക്കുന്നതും നിഷിദ്ധം, ഉടുവസ്ത്രവും ഹറാം, അയാള്‍ ഇട പെട്ടതോ ഹറാമില്‍ മാത്രവും.... പിന്നെ അയാള്‍ക്ക്‌ എങ്ങിനെ ഉത്തരം ലഭിക്കും?"


തന്റെ മുസ്ലിം സഹോദരന് വേണ്ടി അവന്റെ അഭാവത്തില്‍ പ്രാര്തിക്കുംപോഴും ഉത്തരം ലഭിച്ചേക്കാം. അത് മുസ്ലിംകള്‍ തമ്മിലുള്ള സ്നേഹത്തിന്റെയും ആത്മാര്‍ത്തതയുടെയും പരസ്പരണ സഹകരണത്തിന്റെയും മികച്ച ഉദാഹരണങ്ങളാണ്. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "ഒരു മുസ്ലിം തന്റെ സഹോദരന് വേണ്ടി അവന്റെ അഭാവത്തില്‍ നടത്തുന്ന പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്. അവന്റെ ശിരോ ഭാഗത്ത് നിശ്ചയിക്കപ്പെട്ട ഒരു മലക്കുണ്ട്, തന്റെ സഹോദരന്റെ നന്മക്കായി അവന്‍ പ്രാര്തിക്കുംപോഴെല്ലാം ആ മലക്ക് പറയും "ആമീന്‍... നിനക്കും തത്തുല്ല്യമായത് ഉണ്ടാവട്ടെ" (മുസ്ലിം 2733 )
പ്രാര്‍ത്ഥന ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് ഉത്തരം ലഭിക്കുന്നതിന്നുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു "മുത്ത്‌ ഹബീബ് (സ്വ) പ്രാര്തിക്കുംപോള്‍ മൂന്നു പ്രാവശ്യം പ്രാര്‍ഥിക്കുകയും ചോദിക്കുമ്പോള്‍ മൂന്നു പ്രാവശ്യം ചോദിക്കുകയും ചെയ്യാറുണ്ടായിരുന്നു" (മുസ്ലിം 1796 )

എന്നാല്‍ പല കാരണങ്ങളാലും പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നത് നീണ്ടു പോകും, അതിലൊന്ന് ഉത്തരം ലഭിക്കുന്നതിനു ധൃതി കൂട്ടുക എന്നതാണ്. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "ധൃതി കാണിക്കുകയും, ഞാന്‍ എന്റെ നാഥനോട് പ്രാര്‍ഥിച്ചു, എന്നിട്ടും എനിക്ക് ഉത്തരം ലഭിചില്ലല്ലോ എന്ന് വേവലാതിപ്പെടുകയും ചെയ്യുന്ന പക്ഷം നിങ്ങളില്‍ ഒരാള്‍ക്കും  പ്രാര്തനക്കുത്തരം ലഭിക്കുകയില്ല, "

പ്രാര്‍ത്ഥന സ്വീകരിക്കുന്നത് തനിക്കു മാത്രം അറിയാവുന്ന യുക്തിയാല്‍ ചിലപ്പോള്‍ അല്ലാഹു നീട്ടി വെക്കും, അബൂ സഈദ് അല്‍ ഹുദ്രീ ( റ) പറയുന്നു, മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "പാപമോ, കുടുംബ ബന്ധ വിച്ചേദനമോ ഇല്ലാത്ത പ്രാര്‍ത്ഥന നടത്തുന്ന ഏതൊരു മുസ്ലിമിന്നും മൂന്നിലൊരു രൂപത്തില്‍ അല്ലാഹു പ്രാര്‍ഥനക്ക് ഉത്തരം നല്കാതിരിക്കില്ല, ഒന്നുകില്‍ അവന്നു ഉടനെ ഉത്തരം നല്‍കുന്നു, അല്ലെങ്കില്‍ അത് അവന്നു പരലോകത്തെക്കായി സൂക്ഷിച്ചു വെക്കുന്നു, അതുമല്ലെങ്കില്‍ അവനില്‍ നിന്നും തത്തുല്യമായ ഒരു തിന്മ അകറ്റിക്കൊടുക്കുന്നു". അപ്പോള്‍ ഞങ്ങള്‍ ആരാഞ്ഞു "എങ്കില്‍ ഞങ്ങള്‍ അധികരിപ്പിക്കട്ടയോ?" മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "അല്ലാഹു ഏറ്റവും കൂടുതല്‍ നല്‍കുന്നവനാകുന്നു"


സ്വെല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം

തയ്യാറാക്കിയത്:
സയ്യിദ് ഹുസൈന്‍ തങ്ങള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ