The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2012, ഫെബ്രുവരി 28, ചൊവ്വാഴ്ച

കേരള യാത്ര: സ്വാഗത സംഘം രൂപീകരിച്ചു

തൃക്കരിപ്പൂര്‍: മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തുന്ന കേരള യാത്രയുടെ ജില്ലാ തല സമാപനം ചരിത്ര സംഭാവമാക്കുന്നതിനായി തൃക്കരിപ്പൂരില്‍ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

ഏപ്രില്‍ 12മുതല്‍ 28വരെ കാസറഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന യാത്ര 12നു വൈകുന്നേരം തൃക്കരിപ്പൂരില്‍ എത്തും.

സുന്നി കൊര്ടിനെഷന്‍ മേഖലാ പ്രസിടന്റ്റ് എ.ബി അബ്ദുള്ള മാസ്ടരുടെ അധ്യക്ഷതയില്‍, ജില്ലാ എസ്.വൈ.എസ് പ്രസിടന്റ്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഹസ്ബുള്ള തളങ്കര, അഷ്‌റഫ്‌ കരിപ്പൊടി, അബ്ദുല്‍ ജലീല്‍ സഖാഫി, ജാബിര്‍ സഖാഫി, എം.ടി.പി ഇസ്മായില്‍ സഅദി, എം.ടി.പി അബ്ദുല്‍ റഹിമാന്‍ ഹാജി, ടി.പി അബ്ദുല്‍ സലാം ഹാജി. സിദ്ധീഖ് ബാഖവി പടന്ന, യൂസുഫ് മദനി ചെറുവത്തൂര്‍, മഹമൂദ് മുന്‍ഷി പി.കെ അബ്ദുള്ള മൌലവി, അബ്ദുല്‍ ജലീല്‍ നീലമ്പാറ, ജബ്ബാര്‍ പിലാവളപ്പ്, അബ്ദുല്‍ റഹിമാന്‍ മദനി പടന്ന, സലാം കൂലെരി, ബഷീര്‍ മങ്കയം, സാദിഖ് അഹ്സനി, സുലൈമാന്‍ സ അദി, ആദം സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു. ടി.പി നൌഷാദ് മാസ്റര്‍ സ്വാഗതവും, ഷക്കീര്‍ മാസ്റര്‍ നന്ദിയും പറഞ്ഞു.

സ്വാഗത സംഘം ഭാരവാഹികളായി എം.ടി.പി അബ്ദുല്‍ റഹിമാന്‍ ഹാജി ചെയര്‍മാനും, അബ്ദുല്‍ ജലീല്‍ സഖാഫി കണ്‍-വീനറും, എ.സി അബ്ദുല്‍ സലാം ഹാജി ഖജാന്ജിയും ആയി തെരഞ്ഞെടുക്കപ്പെട്ടു.



2012, ഫെബ്രുവരി 25, ശനിയാഴ്‌ച

സമസ്ത (ഇ.കെ വിഭാഗം) 85-ാം വാര്‍ഷികം ഇന്ന് സമാപിക്കും

കൂരിയാട് (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍): സത്യ സാക്ഷികളാകാനുള്ള ആഹ്വാനവുമായി കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 85-ാം വാര്‍ഷിക ചതുര്‍ദിന മഹാസമ്മേളനം ഇന്ന് സമാപിക്കും. നാടിന്റെ നാനാഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന പരലക്ഷങ്ങള്‍ സമാപന സംഗമത്തിന് സാക്ഷികളാവു മെന്നു സംഘാടകര്‍ അറിയിച്ചു. ‍  

ആധുനിക ലോകത്ത് ഇസ്‌ലാമിന്റെ പ്രസക്തിയും ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിമിന്റെ കടമയും യഥാര്‍ഥ ഇസ്‌ലാമിനെ ഉള്‍കൊണ്ട സമസ്തയുടെ പ്രവര്‍ത്തനങ്ങളുമടക്കം പന്ത്രണ്ടോളം കാലിക പ്രസക്തമായ വിഷയങ്ങളാണ് നാല് ദിവസങ്ങളിലായി സമ്മേളന നഗരിയില്‍ ചര്‍ച്ചക്ക് വിധേയമായത്.  ഇന്ത്യക്കകത്തും പുറത്തുമുള്ള ചിന്തകരും പ്രഭാഷകരും വിവിധ സെഷനുകളില്‍ വിഷയം അവതരിപ്പിച്ചു.

സമ്മേളന നഗരിയില്‍ ഇന്ന് രാവിലെ മുതല്‍ രണ്ടു വേദികളിലായി മുഅല്ലിം സംഗമം, പ്രവാസി സംഗമം, ദേശീയ വിദ്യാര്‍ത്ഥി സംഗമം, ദഅ്‌വാ നവലോക സാധ്യതകള്‍, സിവില്‍ സര്‍വ്വീസ് സാധ്യതകള്‍, കുരുന്നുകൂട്ടം, എംപ്ലോയ്‌സ് മീറ്റ്, കന്നട, അറബി, തമിഴ് ഭാഷാ സംഗമങ്ങള്‍ അരങ്ങേറും.

വൈകിട്ട് ഏഴിന് ആരംഭിക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത (ഇ.കെ വിഭാഗം) ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.. യു.എ.ഇ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാശിമിയാണ് മുഖ്യാതിഥി.

കോട്ടുമല ടി.എം ബാപ്പുമുസ്ലിയാര്‍, പാറന്നൂര്‍ പി,.പി. ഇബ്രാഹീം മുസ്‌ലിയാര്‍, കേന്ദ്ര മാനവ വിഭവശേഷി സഹ മന്ത്രി ഇ. അഹമ്മദ്, സംസ്ഥാന ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലികുട്ടി, പത്മശ്രീ എം.എ യൂസുഫ് അലി, ടി.കെ.എം ബാവ മുസ്‌ലിയാര്‍, പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സി.കെ.എം.സാദിഖ് മുസ്‌ലിയാര്‍, എം.എ. മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, അബ്ദുസ്സമദ് പൂകോട്ടൂര്‍, റഹ്മത്തുല്ല ഖാസിമി മുത്തേടം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയവര്‍ പ്രസംഗിക്കും.


മത വിഷയങ്ങളില്‍ ലീഗ് ഇടപെടില്ല: ഇ.ടി മുഹമ്മദ്‌ ബഷീര്‍
കൂരിയാട്: മത വിഷയങ്ങളില്‍ ഇടപെടുന്ന പാരമ്പര്യം മുസ്ലിം ലീഗിന് ഇല്ലെന്നു ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ്‌ ബഷീര്‍ വ്യക്തമാക്കി. ഇ.കെ.വിഭാഗം സംഘടിപ്പിച്ച സമസ്ത വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ചാനല്‍ പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ഓരോ മത വിഭാഗങ്ങളിലും മത പരമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട് അത് അതാതു മതങ്ങളിലെ പണ്ടിതന്മാരാണ് ചര്‍ച്ച ചെയ്തു പരിഹരിക്കേണ്ടത്. തിരു കേശം സംബന്ധമായി പിണറായി നടത്തിയ പരാമര്‍ശം വ്യക്തമായ രാഷ്ട്രീയ മുതലെടുപ്പ് ഉദ്ദേശിച്ചുള്ളതാണെന്നും ഇ.ടി കൂട്ടിച്ചേര്‍ത്തു.

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്നു


ഉദിനൂര്‍‍: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്നു. യാത്രക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തൃക്കരിപ്പൂരിലെ എ.ജി.സി.സിറാജുദീന്റെ ഉടമസ്ഥതയിലുള്ള ഹ്യുണ്ടായി സാന്‍ട്രോ  (KL-60-D-244)  കാറാണ് തീപിടിച്ചു നശിച്ചത്.  ശനിയാഴ്ച രാവിലെ പതിനൊന്നോടെ ഉദിനൂര്‍ സെന്‍ട്രലില്‍ ഇ.എം.എസ്. പഠന കേന്ദ്രം പരിസരത്താണ് സംഭവം.

പടന്ന ഭാഗത്തുനിന്നു തൃക്കരിപ്പൂര്‍ നടക്കാവിലേക്ക് വരികയായിരുന്ന വാഹനത്തില്‍ നിന്ന് പുക  ഉയരുന്നത്  കണ്ട് ഓടിച്ചയാള്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയതോടെ തീ നിയന്ത്രണം വിടുകയായിരുന്നു. കാര്‍ ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. നടക്കാവില്‍ നിന്ന് എത്തിയ ഫയര്‍ ഫോഴ്സ് യൂണിറ്റാണ് തീ കെടുത്തിയത്. തീപിടുത്ത കാരണം അറിവായിട്ടില്ല. കാറില്‍ പെട്രോള്‍ കാനിലാക്കി സൂക്ഷിച്ചിരുന്നതായി അഗ്നി ശമന സേനാ വിഭാഗം പറഞ്ഞു.

റിപ്പോര്‍ട്ട്: രാഘവന്‍ മാണിയാട്ട്

2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

വെള്ളി നിലാവ് - കാരുണ്യം

അല്ലാഹുവിന്റെ ഒരു വിശേഷണമാണ് കാരുണ്യം. അല്ലാഹു പറയുന്നു "പറയുക, നിങ്ങളുടെ നാഥന്‍ വിശാലമായ കാരുണ്യമുടയവനാകുന്നു" സൃഷ്ടികളോടുള്ള അല്ലാഹുവിന്റെ ഔധാര്യവും ദയാ വായ്പുമാണത്. അല്ലാഹു പറയുന്നു "നിങ്ങളുടെ നാഥന്‍ കാരുണ്യം തന്റെ സ്ഥായിയായ സ്വെഭാവമായി സ്വീകരിച്ചിരിക്കുന്നു". ആ കാരുണ്യം സകലതിനെയും പൊതിഞ്ഞു പറന്നു കിടക്കുകയാണ്. "എന്റെ കാരുണ്യം സകല വസ്തുക്കളെയും ഉള്‍ക്കൊണ്ടിരിക്കുന്നു" എന്ന് അല്ലാഹു പറയുന്നുണ്ട്. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വിശാലത ഹബീബായ മുത്ത്‌ നബി വിശദീകരിക്കുന്നുണ്ട്. തിരുമേനി പറഞ്ഞു "കാരുണ്യത്തെ അല്ലാഹു നൂറു ഭാഗങ്ങളാക്കി വിഭജിച്ചു. എന്നിട്ട് അതിലെ തൊണ്ണൂറ്റി ഒന്‍പതു  ഭാഗങ്ങള്‍ തന്റെ അടുത്തു നിര്‍ത്തുകയും ഒരു ഭാഗം മാത്രം ഭൂമിയിലെക്കിറക്കുകയും ചെയ്തു, ആ ഒരു ഭാഗത്തില്‍ നിന്നാണ് സകല സൃഷ്ട്ടികളും പരസ്പരം കാരുണ്യം കാണിക്കുന്നത്. പരിക്കെല്‍ക്കുമോയെന്ന ഭയത്താല്‍ കുതിര തന്റെ കിടാവില്‍ നിന്നും കാലുയര്തുന്നത് പോലും".
സകല പ്രവാചകന്മാരുടെയും വിശിഷ്ട ഗുണമായിരുന്നു കാരുണ്യം. നബി (സ്വ) തങ്ങളെ വിശേഷിപ്പിച്ചു കൊണ്ട് അല്ലാഹു പറയുന്നു "അങ്ങ് വളരെ സൌമ്യ ശീലനായത് അല്ലാഹുവില്‍ നിന്നുള്ള മഹത്തായ ഒരു അനുഗ്രഹമാകുന്നു. അങ്ങ് കഠിന ഹൃദയനായ പരുഷ പ്രക്രുതനായിരുന്നുവെങ്കില്‍ അങ്ങയുടെ ചുറ്റു നിന്നും അവരെല്ലാം പിരിഞ്ഞു പോയേനെ. അവരുടെ തെറ്റുകള്‍ പൊറുക്കുക, അവരുടെ പാപ മുക്തിക്കായി പ്രാര്‍ഥിക്കുക"
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു "നിങ്ങള്‍ക്കിടയില്‍ നിങ്ങളില്‍ നിന്ന് തന്നെ ഒരു ദൈവ ദൂതന്‍ ഇതാ ആഗതനായിരിക്കുന്നു. നിങ്ങള്‍ വിഷമിക്കുന്നത് അദ്ദേഹത്തിനു അസഹ്യമാണ്. നിങ്ങളുടെ വിജയത്തില്‍ അതീവ തല്പരനാണദ്ദേഹം. സത്യ വിശ്വാസികളോട് അലിവും കാരുണ്യമുള്ളവരുമാകുന്നു ആ പ്രവാചകന്‍". തിരുമേനിയുടെ പ്രിയപ്പെട്ട അനുചരന്മാരെ അള്ളാഹു വിശേഷിപ്പിച്ചത്‌ "അവര്‍ പരസ്പ്പരം കാരുണ്യം കാണിക്കുന്നവരുമാകുന്നു" എന്നാണു.
അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുവാന്‍ പല നിമിത്തങ്ങളുമുണ്ട്. അതിലൊന്ന് മനുഷ്യര്‍ അന്യോന്യം കാരുണ്യം കാനിക്കുകയെന്നതാണ്. റസൂല്‍ തിരുമേനി (സ്വ) പറയുന്നു "കരുണ ചെയ്യുന്നവരോട് പരമ കാരുണികന്‍ കരുണ കാണിക്കും, നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക എങ്കില്‍ ആകാശത്തിന്റെ അധിപന്‍ നിങ്ങളോടും കരുണ കാണിക്കും" മറ്റൊന്ന് അല്ലാഹുവിനെയും അവന്റെ ദൂതരെയും വിശ്വസിക്കുക എന്നതാണ്. അല്ലാഹു പറഞ്ഞു "അല്ലാഹുവിനെയും റസൂലിനെയും നിങ്ങള്‍ അനുസരിക്കുക, നിങ്ങള്ക്ക് കാരുണ്യം ലഭിച്ചേക്കാം"
വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിലൂടെയും അത് ശ്രദ്ധയോടെ കേള്‍ക്കുന്നതിലൂടെയും ദൈവ കാരുണ്യം ലഭിക്കും. അല്ലാഹു പറയുന്നു "ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുമ്പോള്‍ നിങ്ങളത് സശ്രദ്ധം  ശ്രവിക്കുകയും മൌനം പാലിക്കുകയും ചെയ്യുവിന്‍. നിങ്ങള്ക്ക് അത് വഴി കാരുണ്യം ലഭിച്ചേക്കാം".
അല്ലാഹുവോട് മാപ്പിന്നും ദയക്കും വേണ്ടി അര്‍ഥിക്കുന്നതിലൂടെയും അല്ലാഹുവിന്റെ കാരുണ്യം ലഭിക്കും. പ്രാര്തിക്കുന്നവര്‍ക്ക് ഉത്തരം ചെയ്യുന്ന ഉദാര മതിയാണ് അല്ലാഹു. റബ് തആല പറയുന്നു "നിങ്ങള്‍ അല്ലാഹുവിനോട് മാപ്പ് തേടാത്തത് എന്ത്? നിങ്ങള്ക്ക് കാരുണ്യം ലഭിചെങ്കിലോ?"
ചോദിക്കുന്ന അടിമക്ക് അല്ലാഹു നല്‍കുന്ന ഒരു അനുഗ്രഹമാണ് കാരുണ്യം. അല്ലാഹു അതാര്‍ക്കു നല്‍കിയോ അവനാണ് വിജയി. സൃഷ്ട്ടികളോട് കരുണ കാണിക്കുന്നവര്‍ക്ക് അല്ലാഹു തന്റെ കാരുണ്യം നിഷേധിക്കുന്നില്ല, നബി തിരുമേനി (സ്വ) പറയുന്നു "ജനങ്ങളോട് കരുണ കാണിക്കാത്തവന് അല്ലാഹു കരുണ ചെയ്യുകയില്ല". കാരുണ്യം തടയപ്പെടുന്നത് ഒരു തരം നിര്ഭാഗ്യമാണ്. നബി തിരുമേനി (സ്വ) പറഞ്ഞു "ഭാഗ്യദോഷിയില്‍ നിന്ന് മാത്രമേ കാരുണ്യം എടുത്തു മാറ്റപ്പെടുകയുള്ളൂ"
കാരുണ്യമില്ലാതെ മനുഷ്യ കുലത്തിനു നില നില്‍ക്കുക സാധ്യമല്ല. മക്കള്‍ക്ക്‌ മാതാ പിതാക്കളോടുള്ള കാരുണ്യമാണ് ഏറ്റവും മുന്തിയത്. അല്ലാഹു തആലാ പറഞ്ഞു "നീ പ്രാര്‍ഥിക്കുക, എന്റെ നാഥാ.. ചെറുപ്പത്തില്‍ അവരെന്നെ വളര്‍ത്തിയ പോലെ അവരിരുവര്‍ക്കും നീ കരുണ ചെയ്യേണമേ!"
തന്റെ ഭാര്യയോടും മകളോടും അവരെ പരിപാലിക്കുകയും സ്നേഹിക്കുകയും ചെയ്തു കൊണ്ട് കുടുംബ നാഥന്‍ കാണിക്കുന്നത്, ഡോക്ടര്‍ തന്റെ രോഗിയെ പരിശോദിച്ചു കൊണ്ട് പ്രകടിപ്പിക്കുന്നത്, മുതിര്‍ന്നവര്‍ ചെറിയവരോട് കാണിക്കുന്നത്, ശക്തന്‍ ബാലഹീനനോട് കാണിക്കുന്നത്, തന്റെ ശിഷ്യന്റെ ശിക്ഷണത്തിന്നായി അദ്ധ്യാപകന്‍ അനുവര്‍ത്തിക്കുന്നത്, മുതലാളി തൊഴിലാളിയോടു കാണിക്കുന്നത്, കൂടുതല്‍ വില ഈടാക്കതെയും അമിത വര്‍ണന നടത്താതെയും വ്യാപാരി ഉപഭോക്താവിനോട് കാണിക്കുന്നത്, മനുഷ്യന്‍ മൃഗങ്ങളോടും മറ്റു സചേതനവും അചേതനവുമായ വസ്തുക്കളോട് കാണിക്കുന്നതൊക്കെയുള്ള കാരുണ്യം വളരെ മഹത്തരമാണ്.

നബി തിരുമേനി (സ്വ) ഒരിക്കല്‍ ഒരു അന്സ്വാരിയുടെ തോട്ടത്തില്‍ ചെന്നു, അപ്പോള്‍ അവിടെ ഒരു ഒട്ടകമുണ്ട്, നബി തിരുമേനിയെ കണ്ടപ്പോള്‍ ആ ഒട്ടകം അനങ്ങുകയും കണ്ണീര്‍ പൊഴിക്കുകയും ചെയ്തു. തിരുമേനി (സ്വ) അപ്പോള്‍ അതിന്റെ അടുത്തു ചെന്നു അതിന്റെ പിരടി തടവിക്കൊടുത്തു. അപ്പോള്‍ അത് നിശബ്ദമായി. എന്നിട്ട് നബി തിരുമേനി (സ്വ) ചോദിച്ചു "ഈ ഒട്ടകത്തിന്റെ ഉടമ ആരാണ്?" അപ്പോള്‍ ഒരു അന്‍സാരി യുവാവ് വന്നു പറഞ്ഞു " തിരു ദൂതരെ, ഈ ഒട്ടകം എന്റെതാണ്" പ്രവാചക തിരുമേനി ആ യുവാവിനോട് പറഞ്ഞു "അല്ലാഹു നിനക്കധീനപ്പെടുത്തി തന്ന ഈ മിണ്ടാ പ്രാണിയുടെ കാര്യത്തില്‍ നീ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ? നീ അതിനെ വേദനിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് അത് എന്നോട് ആവലാതി പറഞ്ഞിരിക്കുന്നു"
സഹോദരനമാരെ, എല്ലാ ജീവ ജാലങ്ങളോടും കാരുണ്യം കാണിക്കാന്‍ പഠിപ്പിക്കുകയും അത് ജീവിതത്തിലൂടെ കാണിച്ചു തന്നവരുമാണ് നമ്മുടെ മുത്ത്‌ നബി (സ്വ). നാം പരസ്പ്പരം കാരുണ്യത്തോടെ പെരുമാറുന്നതായാല് തീര്‍ച്ചയായും അല്ലാഹുവിന്റെ കാരുണ്യം നമുക്ക് ലഭിക്കും. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് വരുത്തതിരിക്കാനും അന്യോന്യം കരുണ ചെയ്യാനും തിരുമേനി (സ്വ) നമ്മോടു നിര്‍ദേശിച്ചിട്ടുണ്ട്. അബൂ മൂസല്‍ ‍ അശ്അരി (റ) പറയുന്നു. നബി (സ്വ) പറഞ്ഞു "നിങ്ങള്‍ അന്യോന്യം കരുണ ചെയ്യുന്നത് വരെ നിങ്ങളിലൊരാളും സ്വെര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല" അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു "അല്ലാഹുവിന്റെ തിരു ദൂതരെ, ഞങ്ങളെല്ലാവരും കരുണ കാണിക്കുന്നവരാണല്ലോ?" അപ്പോള്‍ അവിടുന്ന് പ്രതിവചിച്ചു "നിങ്ങളിലോരോരുത്തരും തങ്ങളുടെ പ്രത്യേകക്കാരോട് കാണിക്കുന്ന കരുണയല്ല അത്, പ്രത്യുത എല്ലാ മനുഷ്യരോടും കാണിക്കുന്ന കരുണയാകുന്നു ഞാന്‍ ഉദ്ദേശിച്ചത്".
അല്ലാഹു തആലാ പരസ്പ്പരം കാരുണ്യം ചെയ്യുന്നവരിലും കാരുണ്യം ഉള്ള മനസ്സ് ഉള്ളവരിലും നമ്മെ ഉള്പ്പെടുതുമാറാകട്ടെ. ആമീന്‍

തയ്യാറാക്കിയത്: സയ്യിദ് ഹുസൈന്‍ തങ്ങള്‍ 

2012, ഫെബ്രുവരി 20, തിങ്കളാഴ്‌ച

തൃക്കരിപ്പൂര്‍: ഫുട്ബോള്‍ ഉത്സവ ലഹരിയില്‍


തൃക്കരിപ്പൂര്‍ . ഹിറ്റാച്ചി ത്രിക്കരിപൂരിന്റെ ആഭിമുഖ്യത്തില്‍ മിനി സ്റെടിയത്തില്‍ നടക്കുന്ന അഖില കേരള ഫ്ള ട്‌ ലൈറ്റ് ഫുട്ബോള്‍ ടൂര്‍ ണ്ണ മെന്റ് നഗരത്തെ ഫുട്ബോള്‍ ലഹരിയില്‍ ആഴ്ത്തി. കേരളത്തിലെ വമ്പന്മാര്‍ കൊമ്പ് കോര്‍ക്കുന്ന ഈ രാത്രികാല ഫുട്ബോള്‍ മേള സമീപ കാല ചരിത്രത്തിലെ ഏറ്റവും വലിയ ജന സാന്നിധ്യത്താല്‍ ശ്രദ്ധേയമാവുകയാണ്. 

കഴിഞ്ഞ ദിവസം സംഘാടകരായ ഹിറ്റാച്ചിയുടെ മത്സരം വീക്ഷികാന്‍ റിക്കോര്ഡ് ജനക്കൂട്ടമാണ് ഇരമ്പിയെത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ ഓരോ നീക്കങ്ങളും ആര്‍പ്പു വിളികളോടെയാണ് കാണികള്‍ പ്രോത്സാഹിപ്പിച്ചത്. ഈ മത്സരത്തില്‍ ഹിറ്റാച്ചി,  കെ.എഫ്‌.സി. കാളികാവിനെ (3-1). നു മലര്‍ത്തിയടിച്ചു. വിവിധ വര്‍ണ്ണങ്ങളിലുള്ള കൊടികള്‍ കയ്യിലേന്തിയാണ് കാണികള്‍ ഗ്രൗണ്ടില്‍ എത്തുന്നത്‌.. 

തൊട്ടടുത്ത ദിവസമാകട്ടെ ബദ്ധ വൈരികളായ ഷൂട്ടേഴ്സും ഹണ്‍ടേഴ്സും ഏറ്റു മുട്ടിയ മത്സരമാകട്ടെ കാല്‍ പന്ത് കളിയുടെ സകലമാന സൌന്ദര്യങ്ങളും പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ളതായിരുന്നു. ഈ മത്സരം ടൈബ്രെക്കര്‍ വരെ നീണ്ടപ്പോള്‍ ജയം ഷൂട്ടേഴ്സിനോപ്പം നിന്നു. 

റെയിഞ്ച് നബിദിനത്തിന് ഉജ്ജ്വല സമാപ്തി


നബിദിന റാലിയില്‍ ഉദിനൂര്‍ മമ്പഉല്‍ ഉലൂം മദ്രസ്സ വിദ്യാര്‍ഥികള്‍ 
തൃക്കരിപ്പൂര്‍:വിവിധ മദ്രസകളിലെ വിദ്യാര്‍ഥികള്‍ അണി നിരന്ന ഉജ്വല മൌലീദ് ജാഥയോടെ തൃക്കരിപ്പൂര്‍ റെയ്ഞ്ച് ജം ഇയ്യത്തുല്‍ മുഅല്ലിമീനും മദ്രസാ മാനേജ്മെന്‍റ് കമ്മറ്റിയും സംഘടിപ്പിച്ച നബിദിന പരിപാടികള്‍ സമാപിച്ചു. ദഫ് മുട്ട് ,സ്കൌട്ട് മാര്‍ച്ച് എന്നിവയുടെ അകമ്പടിയോടെ ബീരിച്ചേരി ജുമാ മസ്ജിദ് പരിസരത്ത് നിന്ന് ആരംഭിച്ച ജാഥ തൃക്കരിപ്പൂര്‍ ടൌണില്‍ സമാപിച്ചു.

ബൈത്തുകളും  സ്വലാത്തുകളും ചൊല്ലി നീങ്ങിയ ജാഥ വീക്ഷിക്കാന്‍ സ്ത്രീകളും കുട്ടികളും അടക്കം ആബാലവൃദ്ധം ജനങ്ങള്‍ നഗര വീഥിക്ക് ഇരു വശവും തടിച്ചു കൂടിയിരുന്നു.   ഗതാഗത തടസം ഉണ്ടാക്കാത്ത തരത്തില്‍  തീര്‍ത്തും സമാധാനപരമായാണ് ജാഥ സമ്മേളന നഗരിയായ തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് എത്തിച്ചേര്‍ന്നത്‌. നേതാക്കളായ ജൂബിലി മൊയ്തീന്‍ കുട്ടി. കെ.ടി.അബ്ദുല്ല മൗലവി, കെ.പി.അഷ്‌റഫ്‌ മുന്‍ഷി, ഇസ്മായില്‍ കക്കുന്നം, എന്‍.എ.മജീദ്‌ ഹാജി, എം.എ.സി.കുഞ്ഞബ്ദുല്ല ഹാജി, ഉസ്മാന്‍ അഹമദ് മുസ്‌ലിയാര്‍, ടി.കെ.അബ്ദുല്‍ ജലീല്‍ ഹാജി, എന്‍.സി.കുഞ്ഞഹമ്മദ് മൗലവി, ബഷീര്‍ ഫൈസി മാണിയൂര്‍, യ.പി.സി.അഹമദ്‌, സത്താര്‍ വടക്കുമ്പാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് ടൗണില്‍ നടന്ന പൊതുസമ്മേളനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മാണിയൂര്‍ അഹമദ് മൗലവി അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സൈതലവി ദാരിമി, ചുഴലി മുഹ്യുദ്ദീന്‍ മൗലവി, എം.സി.ഖമറുദ്ദീന്‍, ടി.പി.കുഞ്ഞബ്ദുല്ല, വി.ടി.മുഹമ്മദലി ബാഖവി, വി.കെ.ബാവ എന്നിവര്‍ പ്രസംഗിച്ചു. ഇസ്മായില്‍ കക്കുന്നം സ്വാഗതം പറഞ്ഞു.

നേരത്തേ വള്‍വക്കാട് അന്‍വാറുല്‍ ഇസ്ലാം മദ്രസ്സയില്‍ നടന്ന മുഅല്ലിംഫെസ്റ്റില്‍ 62 പോയന്റ്‌നേടിയ മെട്ടമ്മല്‍ ഹജാത്തുസുബിയാന്‍ മദ്രസ്സ ഓവറോള്‍ചാമ്പ്യന്മാരായി. 54 പോയന്റ് നേടിയ മാടക്കാല്‍ മദ്രസ്സ രണ്ടും 36 പോയന്റ് നേടി ചന്തേര മദ്രസ്സ മൂന്നാംസ്ഥാനവും നേടി.

2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

വെള്ളി നിലാവ് - നിസ്കാരം

ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ രണ്ടാമത്തേതും, മനുഷ്യന്‍ അവന്റെ ഓര്‍മ്മ ശക്തി നിലനില്‍ക്കുവോളം കാലം നിര്‍വ്വഹിക്കല്‍ നിര്‍ബന്ധവുമായ ആരാധനാ കര്‍മ്മം ആണ് നിസ്കാരം. വിചാരണാ നാളില്‍ ആദ്യം വിചാരണ ചെയ്യപ്പെടുക നിസ്കാരം ആണെന്നും, അതില്‍ ഒരാള്‍ വിജയിച്ചാല്‍ മറ്റുള്ളവയില്‍ അവന്റെ വിജയം സുനിശ്ചിതമാണ് എന്നും, അല്ലാത്ത പക്ഷം പരാജയം ആണ് അവനെ തേടി എത്തുക എന്നും നബി (സ) അരുള്‍ ചെയ്തിട്ടുണ്ട്.

നിസ്കാരത്തില്‍ സൂക്ഷ്മത പുലര്തിയവര്‍ക്ക് നയായ വിധി നാളില്‍ അത് അവനു അനുകൂല തെളിവും, പ്രകാശവും, രക്ഷയുമായി മാറുമെന്നും മറ്റൊരു തിരു വചനത്തില്‍ കാണാം.

പ്രവാചക ശ്രേഷ്ടരുടെ നിയമങ്ങളില്‍ പ്രാധാന്യമുള്ള ആരാധനയാണ് നിസ്കാരം. എന്നെയും എന്റെ സന്താന പരമ്പരയില്‍ വരുന്നവരെയും നിസ്കാരം മുറക്ക് നിര്‍വ്വഹിക്കുന്നവര്‍ ആക്കേണമേ എന്നായിരുന്നു ഇബ്രാഹിം (അ) നബിയുടെ പ്രാര്‍ത്ഥന. ഇസ്ഹാഖ് (അ), യാഖൂബ് (അ) എന്നീ പ്രവാചകന്മാരെ അല്ലാഹു പുകഴ്ത്തി പറഞ്ഞപ്പോള്‍ അതും നിസ്കാരം നില നിര്‍ത്തുന്ന വിഷയത്തിലായിരുന്നു. ഈസാ (അ) നബിയോടുള്ള പ്രത്യേക വസിയ്യത്തും നിസ്കാരത്തെ കുറിച്ചായിരുന്നു. ഇതില്‍ നിന്നെല്ലാം നിസ്കാരത്തിന്റെ പ്രാധാന്യം നമുക്ക് ഗ്രഹിക്കാവുന്നതാണ്.

നബി (സ) യാവട്ടെ മനോ വിഷമങ്ങളില്‍ നിന്നും വ്യഥകളില്‍ നിന്നും ആശ്വാസം കണ്ടെത്തിയിരുന്നത് നിസ്കാരത്തിലൂടെ ആയിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ നബി (സ) ബിലാല്‍ (റ) നോട് നിസ്കാരത്തിനു ഇഖാമത്ത് വിളിക്കാന്‍ പറയുമ്പോള്‍ അവിടുന്ന് ഇപ്രകാരം ആയിരുന്നു 
പറയാറുണ്ടായിരുന്നത്: 'ബിലാല്‍ ഇഖാമത് കൊടുക്കൂ, നിസ്കാരത്തിലൂടെ ഞങ്ങള്‍ക്ക് ആശ്വാസം നല്‍കൂ'  മാത്രമല്ല തിരു ദൂതരുടെ അവസാന നിര്‍ദ്ദേശവും നിസ്കാരം സൂക്ഷിക്കണേ എന്നാണെന്ന് വരുമ്പോള്‍ നിസ്കാരത്തിന്റെ മഹത്വം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

പാപ മോചനത്തിന്റെ കവാടം ആണത്രേ നിസ്കാരം. അംഗ ശുദ്ധി വരുത്തി ഭക്തിയോടെ അത് നിര്‍വ്വഹിക്കുന്നവര്‍ക്ക് പാപമോചനം നല്‍കുക എന്നത് അല്ലാഹുവിന്റെ കരാര്‍ ആണെന്ന് അബൂദാവൂദ് (റ) റിപ്പോര്‍ട്ട് ചെയ്ത ഒരു തിരു വചനത്തില്‍ വന്നിട്ടുണ്ട്.

നിസ്കാരത്തിനു നേരത്തെ എത്തുന്നവനും വൈകി എത്തുന്നവനും ഒരു പോലെയല്ല. നബി (സ) പറഞ്ഞു: ബാങ്ക് വിളിക്കുന്നവന്റെയും, ഒന്നാം സഫില്‍ നില്‍ക്കുന്നവന്റെയും പ്രതിഫലം ജനങ്ങള്‍ അറിയുന്ന പക്ഷം അതിന് മുന്നോട്ടു വരുന്നവരുടെ ബാഹുല്യം കാരണം നറുക്കെടുപ്പിലൂടെ ആളെ നിശ്ചയിക്കേണ്ടുന്ന വരുന്ന അവസ്ഥ സംജാതമാകും. ളുഹര്‍ നിസ്കാരത്തിന്റെ പ്രതിഫലം മനസ്സിലാക്കിയിരുന്നെങ്കില്‍ അതിനായി അവര്‍ മത്സരിക്കും. സുബഹിയുടെയും, ഇശായുടെയും പ്രതിഫലം അറിയുന്നവര്‍ നിരങ്ങിയെങ്കിലും നിസ്കാരത്തിനു എത്തിച്ചേരുമായിരുന്നു.

നിസ്കാരത്തിനു പുറപ്പെട്ടു തിരിച്ചു വീട്ടിലെത്തുന്നത് വരെയും നിസ്കാരത്തിന്റെ പ്രതിഫലം ലഭിക്കുന്നുവെന്നാണ് ഹദീസില്‍ വന്നിട്ടുള്ള സുവിശേഷം. നിസ്കാരം ഭക്തിയോടെ നിര്‍വ്വഹിക്കുന്നവരില്‍ നാഥന്‍ നമ്മെയും കുടുംബത്തെയും ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

സിറാജ് ഡെയിലി ആറാം എഡിഷന്‍ ഒമാനില്‍ നിന്നും


മസ്കറ്റ്:  സിറാജ് ദിന പത്രത്തിന്റെ ആറാമത് എഡിഷന്‍ ഒമാനില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിക്കുന്നു. ഫെബ്രുവരി 23 നു മസ്കത്തില്‍ നിന്നും ആണ് പുതിയ എഡിഷന്‍ പുറത്തിറങ്ങുക. കഴിഞ്ഞ ദിവസം മസ്കത്തില്‍ ചേര്‍ന്ന പ്രഖ്യാപന സമ്മേളനത്തില്‍ ആയിരക്കണക്കിന് മലയാളികള്‍ ആണ് സംബന്ധിച്ചിരുന്നത്. ചെയര്‍മാന്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപന പ്രസംഗം നടത്തി. ചടങ്ങില്‍ പ്രമുഖ വ്യവസായികളായ ഗള്‍ഫാര്‍ മുഹമ്മദ്‌ അലി, കെ.ടി.റബീ ഉള്ള, നാസര്‍ ഹാജി (സ്ട്രോങ്ങ്‌ ലൈറ്റ്), ദുബായ് എഡിഷന്‍ ചീഫ് എഡിറ്റര്‍ നിസാര്‍ സെയ്ത്, ഹമീദ് ഈശ്വര മംഗലം തുടങ്ങിയവര്‍ സംബന്ധിച്ചു.

1983 ല്‍ കോഴിക്കോട് നിന്നും പ്രസിദ്ധീകരണം ആരംഭിച്ച സിറാജിനു, കോഴിക്കോടിനു പുറമേ ഇപ്പോള്‍ തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, ദുബായ് എന്നിവിടങ്ങളിലായി അഞ്ചു എഡിഷനുകള്‍ ഉണ്ട്. യു.എ.ഇ യില്‍ ഏറ്റവും അധികം വായിക്കപെടുന്ന പത്രം എന്ന നിലയില്‍ കഴിഞ്ഞ വര്ഷം യു.എ.ഇ ആഭ്യന്തര മന്ത്രാലയം സിരാജുമായി പ്രത്യേക കരാറില്‍ ഏര്‍പ്പെട്ടത് ശ്രദ്ധേയമായിരുന്നു.

ഒമാനിന്റെ മുക്ക് മൂലകളില്‍ ഇപ്പോള്‍ പ്രവാസി മലയാളികള്‍ സിറാജിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്.



2012, ഫെബ്രുവരി 9, വ്യാഴാഴ്‌ച

വെള്ളി നിലാവ് - ധനം കൊണ്ടുള്ള അനുഗ്രഹം

മനുഷ്യ ജീവിതത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു ദൈവിക അനുഗ്രഹമാണ്
ധനം. മനുഷ്യ പുരോഗതിയുടെയും ജീവിതത്തിന്റെയും ജീവ നാഡിയാണത്.
സമൂഹങ്ങളുടെയും സംസ്കാരങ്ങളുടെയും നിര്‍മിതിയില്‍ വലിയ പങ്കാണ് അതിനു
നിര്‍വഹിക്കാനുള്ളത്. മനുഷ്യന്റെ ശ്രദ്ധാ കേന്ദ്രമാണത്. അല്ലാഹു പറയുന്നു
"നിങ്ങള്‍ അമിതമായി ധനത്തെ സ്നേഹിക്കുന്നു" മനുഷ്യന്റെ ജന്മ സ്വഭാവമാണ് അത്. "അവന്‍ പണത്തോട് അമിതമായി സ്നേഹം പുലര്തുന്നവനാകുന്നു"
എന്നും വിശുദ്ധ ഖുറാന്‍ പറയുന്നുണ്ട്. ധനം അല്ലാഹുവിന്റെ ഓധാര്യമാനെന്നും
അത് അല്ലാഹുവിന്റെതാണെന്നും, അതില്‍ കേവലം കാര്യസ്ഥന്റെ റോള്‍ മാത്രമാണ്
തനിക്കുള്ളതെന്നും, തന്നെ വിശ്വസിച്ചു ഏല്‍പിച്ചതാണ് ഇതെന്നും
മനസ്സിലാക്കി വേണം ധനം ചിലവഴിക്കേണ്ടത്.

അല്ലാഹു പറയുന്നു "നിങ്ങളെ പ്രതിനിധികളാക്കി വെച്ച വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ചിലവഴിക്കുവിന്‍"
"അല്ലാഹു നിങ്ങള്ക്ക് നല്‍കിയ ധനത്തില്‍ നിന്ന് അവര്‍ക്ക് നല്‍കുക"
അനുവദനീയമായ മാര്‍ഗങ്ങളിലൂടെ മാത്രമേ ധനം ചിലവഴിക്കാവൂ. പണം
സമ്പാധിക്കെണ്ടതും അനുവദനീയ മാര്‍ഗത്തിലൂടെ തന്നെ വേണം. ഹബീബ് മുത്ത്‌
നബി (സ്വ) പറയുന്നു "സച്ചരിതനായ വ്യക്തിയുടെ കൈവശം ഉള്ള ശുദ്ധമായ ധനം അതി
വിഷിഷ്ടമാകുന്നു" ശുദ്ധമായ വിഭവങ്ങള്‍ അനുഭവിക്കുന്നതിനു ധനം
ഉപയോഗപ്പെടുത്താന്‍ അല്ലാഹു അനുവാദം തന്നിട്ടുണ്ട്. അല്ലാഹു പറയുന്നു
"സാമ്പത്തും സന്താനങ്ങളും   ഐഹിക ജീവിതത്തിന്റെ അലങ്കാരങ്ങള്‍ ആകുന്നു"
"അവരോടു ചോദിക്കുക, അല്ലാഹു അവന്റെ ദാസന്മാര്‍ക്കായി ഉല്‍പ്പാദിപ്പിച്ച
അലങ്കാരങ്ങളെ നിഷിധമാക്കുന്നത് ആരാണ്?" തിരു നബി (സ്വ) പറയുന്നു "അല്ലാഹു
ഒരാള്‍ക്ക്‌ അനുഗ്രഹം ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ അടയാളം അവനില്‍
കാണുവാന്‍ അല്ലാഹു ഇഷ്ട്ടപ്പെടുന്നു"

സമ്പത്ത് ഒരു അനുഗ്രഹം ആണെങ്കിലും സാമ്പത്തിക ശേഷി ഇല്ലാത്തവന്‍ അല്ലാഹു
തനെക്കാളും സമ്പന്നനെ ഉയര്‍ത്തി എന്ന് കണക്കാകെണ്ടാതില്ല. അതിലെല്ലാം
അല്ലാഹുവിനു വലിയ യുക്തിയുണ്ട്. "അല്ലാഹു അവന്റെ എല്ലാ ദാസന്മാര്‍ക്കും വിഭവങ്ങള്‍ വിപുലീകരിച്ചു കൊടുത്തിരുന്നുവെങ്കില്‍ അവര്‍ ഭൂമിയില്‍ അതിക്ക്രമം
പ്രവര്‍ത്തിക്കുമായിരുന്നു. എന്നാല്‍ അവന്‍ ഒരു കണക്കനുസരിച്ച്,
താനിചിക്കും വിധം ഇറക്കുന്നു, അവന്‍ തന്റെ ദാസന്മാരെ കുറിച്ച്
സൂക്ഷ്മക്ഞ്ഞനും സൂക്ഷ്മ ദ്രിഷ്ട്ടിയുള്ളവനും അല്ലോ" മനുഷ്യര്‍ക്ക്‌
അനുഗുണമായത് എന്തെന്ന് അറിയുന്നതിനാല്‍ അവരെ വിഭവങ്ങളില്‍ വ്യത്യസ്ത
നിലവാരമുള്ളവരാക്കിയത് ഒരു നടപടി ക്രമം മാത്രമാകുന്നു . ഹബീബ് മുത്ത്‌
നബി (സ്വ) പറയുന്നു "അല്ലാഹു തന്റെ മുഅമിനായ അടിമയെ, അവനെ സ്നേഹിച്ചു
കൊണ്ട് തന്നെ ദുനിയാവില്‍ നിന്നും അവനെ സംരക്ഷിക്കുന്നു. നിങ്ങളുടെ
രോഗിയെ അവനു ദോഷകരമെന്നു നിങ്ങള്‍ ആശന്കിക്കുന്ന ഭക്ഷണ പാനീയങ്ങളില്‍
നിന്ന് നിങ്ങള്‍ തടയുന്നത് പോലെ" (അഹ്മദ്).

സാമ്പത്തിക ഞെരുക്കം അല്ലാഹുവിന്റെ അപ്രീതിയുടെ ലക്ഷണമല്ല. അല്ലാഹു ഒരു
മനുഷ്യന്നു സാമ്പത്തിക ഞെരുക്കം വരുത്തുകയും എന്നാല്‍ ദൈവ സ്മരണയിലും
അനുസരണത്തിലും  മുഴുകി അല്ലാഹുവിന്റെ സാമിപ്യം നേടാനുള്ള വഴികള്‍ തുറന്നു
കൊടുത്തു കൊണ്ട് അവനെ അതീവ സമ്പന്നനാക്കുകയും ചെയ്യും. അങ്ങിനെ അല്ലാഹു
അവന്നു നല്‍കിയത് എന്തോ അത് അവന്നു തടയപ്പെട്ടതിനേക്കാള്‍ ഉത്തമമായി
മാറുന്നു. ചിലപ്പോള്‍ ജീവിത വിഭവങ്ങളും പാരത്രിക നേട്ടവും ഒരാള്‍ക്ക്‌
തന്നെ അല്ലാഹു നല്‍കും. അത് ഇചിക്കുന്നവര്‍ക്ക് അവന്‍ നല്‍കും. അല്ലാഹു
പറയുന്നു "മനുഷ്യന്റെ അവസ്ഥ എന്തെന്നാല്‍, തന്റെ  നാഥന്‍ അവനെ
പരീക്ഷിക്കുകയും അങ്ങിനെ ആദരിക്കുകയും അനുഗ്രഹങ്ങള്‍ നല്‍കുകയും
ചെയ്‌താല്‍ അവന്‍ പറയും എന്റെ നാഥന്‍ എന്നെ പ്രതാപിയാക്കിയിരിക്കുന്നു,
എന്നാല്‍ അവനെ പരീക്ഷിക്കുകയും അങ്ങിനെ അവന്റെ വിഭവം ചുരുക്കുകയും
ചെയ്‌താല്‍ അവന്‍ പറയും "എന്റെ നാഥന്‍ എന്നെ നിന്ദിച്ചു കളഞ്ഞു"
ഒരിക്കലുമില്ല....(അല്‍ ഫജ്ര്‍) എന്ന് പറഞ്ഞാല്‍ അല്ലാഹു കഴിവും പ്രതാപവും
നല്‍കിയ എല്ലാവരെയും അല്ലാഹു ആദരിക്കുകയായിരുന്നു എന്നോ ഞെരുക്കം
നല്‍കുകയും വിഭവം ചുരുക്കുകയും ചെയ്തവരെ അല്ലാഹു
നിന്ദിക്കുകയായിരുന്നുവെന്നോ അല്ല എന്നര്‍ത്ഥം. അല്ലാഹുവിനെ അറിയുകയും
അവനെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യാന്‍ കഴിയുന്നതാണ്
അല്ലാഹുവിന്റെ ആദരിക്കല്‍. അതിനു കഴിയാതിരിക്കലാണ് നിന്ധ്യത. ശ്രേഷ്ട്ടത
സാമ്പത്തിക ശേഷിയിലല്ല, പ്രത്യുത ദൈവ ഭക്തിയിലാണ്. അല്ലാഹു പറയുന്നു
"നിങ്ങളില്‍ ഏറ്റവും ദൈവ ഭക്തി ഉള്ളവരാകുന്നു അല്ലാഹുവിങ്കല്‍ ഏറ്റവും
ഔന്നത്യമുള്ളവര്‍"

നന്ദി കാണിക്കുന്നതിലൂടെ അനുഗ്രഹം നില നില്‍ക്കും, അല്ലാഹു പറയുന്നു
"നിങ്ങള്‍ നന്ദി കാണിക്കുന്ന പക്ഷം നിങ്ങള്ക്ക് ഞാന്‍ കൂടുതല്‍ അഭിവൃദ്ധി
നല്കുന്നതാകുന്നു" അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നതിനു പ്രധാനമായി
വേണ്ടത് അല്ലാഹുവിനെ ശരിയാം വണ്ണം സ്തുതിക്കുകയും പ്രശംസിക്കുകയും അവന്‍
ചെയ്തു തന്ന മഹത്തായ അനുഗ്രഹങ്ങള്‍ സമ്മതിച്ചു പറയുകയുമാകുന്നു.
അത് പോലെ അല്ലാഹു തൃപ്തിപ്പെടുകയും തനിക്കു നന്മയും സൌഭാഗ്യവും
നേടിത്തരികയും ചെയ്യുന്ന മാര്‍ഗത്തില്‍ മാത്രം  ധനം ചെലവഴിക്കുക,
കുടുമ്പത്തെ പരിപാലിക്കുക, മക്കള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുക, പാവങ്ങളെ
സഹായിക്കുക, പള്ളികള്‍ നിര്‍മിക്കുക, അനാധകളെയും വിധവകളെയും
സംരക്ഷിക്കുക, ആശുപതികള്‍ നിര്‍മിക്കുക, അനാഥരെയും വിധവകകളെയും
സഹായിക്കുക, വിധ്യാര്തികളെ സഹായിക്കുക, ദീനി സ്ഥാപനങ്ങളെ വളര്‍ത്തുക
തുടങ്ങി അല്ലാഹുവിന്റെ തൃപ്തി നേടാന്‍ കഴിയുന്ന പ്രവര്തനങ്ങളില്‍ ധനം
ചിലവഴിക്കുക, അനാവശ്യമായി കടം വാങ്ങേണ്ടി വരികയും തനിക്കും കുടുമ്പതിന്നും വലിയ ഭാരം
വരുത്തി വെക്കുകയും ചെയ്യുന്നതില്‍ നിന്നും പിന്തിരിയുക, ധനം
ധൂര്‍ത്തടിക്കാതിരിക്കുക, മിതവ്യയവും ജീവിത ചിലവിന്നുള്ള ശരിയായ
ആസൂത്രണവും ഹബീബിന്റെ സ്വെഭാവത്തില്‍ പെട്ടതാകുന്നു. നബി (സ്വ) പറഞ്ഞു "
മിത വ്യയം പ്രവാചകത്വത്തിന്റെ ഇരുപത്തി അഞ്ചു ഭാഗങ്ങളില്‍ ഒന്നാണ്"
അല്ലാഹു നമ്മെ അനുഗ്രഹിക്കുമാരാകട്ടെ, ആമീന്‍.

2012, ഫെബ്രുവരി 3, വെള്ളിയാഴ്‌ച

അല്‍-മുജമ്മ ഉല്‍ ഇസ്‌ലാമി നബിദിന സന്ദേശ റാലി നടത്തി

തൃക്കരിപ്പൂര്‍: അല്‍-മുജമ്മ ഉല്‍ ഇസ്‌ലാമി മീലാദ് കാമ്പയിന്‍ ഭാഗമായി തൃക്കരിപ്പൂരില്‍ നബിദിന സന്ദേശ റാലി നടത്തി. മുജമ്മഉ  മസ്ജിദില്‍ നിന്നും സയ്യിദ് തയ്യിബ് അല്‍ ബുഖാരിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച യാത്ര ബീരിച്ചേരി വഴി തൃക്കരിപ്പൂരില്‍ സമാപിച്ചു. ദഫ് സ്കൌട്ട് അകമ്പടിയോടെ ബൈത്തുകള്‍ ചൊല്ലി നീങ്ങിയ ജാഥയില്‍  വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സ്ഥാപന മേധാവികള്‍ എന്നിവര്‍ അണിനിരന്നു. 
റാലിക്ക് സമാപനം കുറിച്ച് ടൗണില്‍ നടന്ന പൊതുയോഗത്തില്‍ സ്വാദിഖ് അഹ്-സനി, സിദ്ദീഖ് ബാഖവി എന്നിവര്‍ സന്ദേശ പ്രഭാഷണം നടത്തി. നബിദിന യാത്രക്ക് അബ്ദുല്‍ ജലീല്‍ സഖാഫി, സുലൈമാന്‍ സഅദി, ടി.പി.ശാഹുല്‍ ഹമീദ് ഹാജി, ജാബിര്‍ സഖാഫി, ഹനീഫ അഹ്സനി, ഇസ്മാഈല്‍  സഅദി, അബ്ദുന്നാസര്‍ അമാനി, എം.ടി.പി.അബ്ദുറഹിമാന്‍ ഹാജി, ടി.പി അബ്ദുസ്സലാം ഹാജി ഉദിനൂര്‍, എം.ടി.പി അബൂബക്കര്‍ മൗലവി, എന്‍ അബ്ദുല്‍ റഷീദ് ഹാജി എന്നിവര്‍ നേതൃത്വം നല്‍കി.

സാദിഖ് അഹ്- സനി പ്രസംഗിക്കുന്നു

റാലി തൃക്കരിപ്പൂര്‍ ടൌണില്‍ എത്തിയപ്പോള്‍

വെള്ളി നിലാവ് - മീലാദുന്നബി (സ)

ലോക ജനതയില്‍  ഏറ്റവും ഉന്നതമായ കുടുംബ പാരമ്പര്യത്തില്‍ നിന്നും
പ്രവാചകനായി നിയോഗിച്ച മുഹമ്മദ്‌ (സ്വ) യുടെ ജന്മ സ്മരണകളിലൂടെയാണ് നാം
കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അവിടുന്ന് പ്രസ്താവിച്ചു. "അല്ലാഹു
അറബികളില്‍ നിന്ന് മുദ്റിനെ തെരഞ്ഞെടുത്തു. പിന്നെ മുദ്റില്‍ നിന്നും
ഖുറൈഷിനെ തെരഞ്ഞെടുത്തു. പിന്നെ ഖുറയ്ഷില്‍ നിന്നും ബനീ ഹാഷിമിനെ
തെരഞ്ഞെടുത്തു. അനന്തരം ബനീ ഹാഷിമില്‍ നിന്നും എന്നെ തെരഞ്ഞെടുത്തു.  അത്
വഴി ഞാന്‍ അത്യുന്നതനില്‍ ഉന്നതനാകുന്നു" (ബൈഹഖി).
ഹബീബ് (സ്വ) യഥാര്‍ത്ഥത്തില്‍ തന്നെ തന്റെ സമൂഹത്തിന്നും മനുഷ്യ
കുലത്തിന്നും അത്യുത്തമ വ്യക്തിത്വമായിരുന്നു. സ്വെര്ഗ്ഗതിലേക്ക് നമ്മെ
അടുപ്പിക്കുന്ന സകല നന്മയെയും നമുക്ക് കാണിച്ചു തന്നിട്ടുണ്ട്.
നരകത്തിലേക്ക് അടുപ്പിക്കുന്ന ഒരു തിന്മയും അതിനെ കുറിച്ച് മുന്നറിയിപ്പ്
നല്‍കാതെ വിട്ടു കളഞ്ഞിട്ടില്ല.
നമ്മുടെ ജീവിതത്തിന്നു മാത്രുകയാകെണ്ടുന്ന, അവിടത്തെ ചില
വിശിഷ്ട സ്വഭാവങ്ങളെ പരിചയപ്പെടാം. ധാരാളമായി അല്ലാഹുവിനെ ആരാധിക്കുന്ന
വ്യക്തിത്വമായിരുന്ന മുത്ത്‌ ഹബീബ് (സ്വ). നമസ്ക്കാരം അവിടത്തേക്ക് നയന
ശീതളിമ ആയിരുന്നു.  പാതിരാത്രിയിലെഴുന്നേറ്റു  സുന്ദരമായ ശബ്ദത്തില്‍
തന്റെ നാഥനുമായി സ്വകാര്യ സംഭാഷണം നടത്തുമായിരുന്നു .
ഹബീബ് (സ്വ) തന്റെ കുടുംബത്തോട് അങ്ങേയറ്റം സ്നേഹവും സമൂഹത്തോട് നല്ല
പെരുമാറ്റവും കാണിക്കുന്ന മഹാനായിരുന്നു. വീട്ടിനുള്ളില്‍, കുടുംബത്തെ
ജോലികളില്‍ സഹായിക്കുകയും മക്കളോടും പെരക്കിടാങ്ങലോടും സൌമ്യമായി
പെരുമാറുകയും ചെയ്യും. "ഒരിക്കല്‍ ജനങ്ങളോടോത്തു നമസ്കരിച്ചപ്പോള്‍
പുത്രി സൈനബിന്റെ മകള്‍ ഉമാമ തിരുമേനിയുടെ ചുമലിലുണ്ടായിരുന്നു. റുകൂഅ
ചെയ്യുമ്പോള്‍ അവളെ താഴെ വെക്കുകയും റുകൂഇല്‍ നിന്ന് ഉയരുമ്പോള്‍ അവളെ
എടുക്കുകയും ചെയ്യും" (ബുഖാരി).

കുട്ടികളോട് ദയ കാണിക്കുന്ന വിനയാന്വിതനായിരുന്നു ഹബീബ് (സ്വ). ജാബിര്‍
(റ) പറയുന്നു "ഞാന്‍ ഹബീബിന്റെ കൂടെ ആദ്യ ളുഹര്‍ നമസ്കാരം നിര്‍വഹിച്ചു,
അനന്തരം അവിടുന്ന് വീട്ടിലേക്കു തിരിച്ചു. അവിടത്തോടൊപ്പം ഞാനും
യാത്രയായി. അപ്പോള്‍ ചില കുട്ടികള്‍ ഹബീബിനെ എതിരേറ്റു, അവിടുന്ന്
ഓരോരുത്തരെയായി എല്ലാവരുടെയും കവിള്‍ തടവാന്‍ തുടങ്ങി, അവിടുന്ന്
എന്റെയും ഇരു കവിളുകളും തടവി. അപ്പോള്‍ ഹബീബിന്റെ കരങ്ങള്‍ക്ക് ഒരു
കുളിര്‍മയും സുഗന്തവും എനിക്ക് അനുഭവപ്പെട്ടു. അത് സുഗന്ത വ്യാപാരിയുടെ
സഞ്ചിയില്‍ നിന്നും പുറത്തെടുത്ത പോലെയായിരുന്നു" (മുസ്‌ലിം - 2329 )
ഹബീബ് (സ്വ) അത്യന്തം വിശാല മനസ്കനും മൃദുല സ്വഭാവിയും ഉദാരമതിയും ലജ്ജാ
ശീലനും ഹൃദയ വിശാലനുമായിരുന്നു. ചോദിക്കുന്നവര്‍ക്കെല്ലാം നല്‍കും.
തന്നോട് വിവേക രഹിതമായി പെരുമാറുന്നവരോട് ക്ഷമിക്കും.
അനസ് ഇബ്നു മാലിക് (റ) പറയുന്നു "ഞാന്‍ ഹബീബിനോടൊപ്പം നടക്കുകയായിരുന്നു.
നബി തിരുമേനിയുടെ ദേഹത്ത് നജ്രാന്‍ നിര്‍മിതമായ പരുത്ത കരയുള്ള ഒരു
പുതപ്പുണ്ടു. അപ്പോള്‍ ഒരു ഗ്രാമീണന്‍ അദ്ധേഹത്തെ സമീപിച്ചു, അയാള്‍
ഹബീബിനെ പുതപ്പു കൊണ്ട് ശക്തമായി പിടിച്ചു വലിച്ചു, വലിയുടെ ശക്തി മൂലം
പുതപ്പിന്റെ കര തിരുമേനിയുടെ പിരടിയില്‍ അടയാളം വരുത്തിയതായി
എനിക്ക് കാണാന്‍ കഴിഞ്ഞു, അനന്തരം അയാള്‍ പറഞു" ഓ മുഹമ്മദ്‌, താങ്കളുടെ
പക്കലുള്ള ദൈവിക ധനത്തില്‍ നിന്ന് എനിക്ക് നല്‍കുവാന്‍ കല്‍പ്പിക്കുക"
അപ്പോള്‍ ഹബീബ് (സ്വ) അയാളിലേക്ക് തിരിഞ്ഞു കൊണ്ട് ചിരിക്കുകയും അനന്തരം
അയാള്‍ക്ക്‌ ദാനം ചെയ്യുവാന്‍ കല്‍പ്പിക്കുകയും ചെയ്തു" (ബുഖാരി)
അല്ലാഹുവിനെ സ്മരിച്ചു കൊണ്ട് മാത്രമേ അവിടുന്ന് ഇരിക്കുകയും
എഴുന്നേല്‍ക്കുകയും ചെയ്യാറുള്ളൂ. ഒരു സഭയിലേക്ക് ചെല്ലുമ്പോള്‍ തനിക്കു
ലഭിക്കുന്ന സ്ഥാനത്തിരിക്കും, കൂടെയിരിക്കുന്നവര്‍ക്ക് അവരുടെ അവകാശം
നല്‍കും, തന്നോട് ആവശ്യവുമായി സമീപിക്കുന്നവരോടൊപ്പം ക്ഷമിചിരിക്കുകയും
ആവശ്യം നിര്‍വഹിച്ചു കൊടുക്കുകയും നല്ല വാക്ക് പറയുകയും ചെയ്തു
തിരിച്ചയക്കുകയും ചെയ്യും. തന്റെ വിശാല പെരുമാറ്റം എല്ലാവര്ക്കും
അനുഭവിക്കാന്‍ കഴിഞ്ഞിരുന്നു. അങ്ങിനെ അവിടുന്ന് എല്ലാവര്ക്കും പിതാവായി.
അവകാശങ്ങളില്‍ എല്ലാവരും തുല്യരായി. തന്റെ സദസ്സ് വിജ്ഞാനത്തിന്റെയും
വിവേകത്തിന്റെയും സഹനത്തിന്റെയും സങ്കോജത്തിന്റെയും വിശ്വസ്തതയുടെയും
സഭയായിരുന്നു. അവിടുന്ന് പരുഷ സ്വഭാവിയായിരുന്നില്ല. സദാ പുഞ്ചിരിക്കുന്ന
മൃദുല സ്വെഭാവിയായിരുന്നു. വളരെ വിട്ടു വീഴ്ച്ചാ മനസ്ക്കാനും തന്റെ സമൂഹം
ജീവിതത്തിലും മരണ ശേഷവും പ്രയാസപ്പെടുന്നത് സഹിക്കുവാന്‍
കഴിഞ്ഞിരുന്നില്ല. അല്ലാഹു പറഞ്ഞു" നിങ്ങള്‍ക്കിടയില്‍ നിങ്ങളില്‍ നിന്ന്
തന്നെ ഒരു ദൈവ ദൂതന്‍ ഇതാ ആഗതമായിരിക്കുന്നു, നിങ്ങള്‍ വിഷമിക്കുന്നത്
അദ്ദേഹത്തിന്നു അസഹ്യമാണ്. നിങ്ങളുടെ വിജയത്തില്‍ അതീവ തല്പരനാണദ്ദേഹം,
സത്യാ വിശ്വാസികളോട് അലിവും കാരുണ്യവുമുള്ളവനുമാകുന്നു" (സൂറത്ത് തൌബ)
എത്രത്തോളമെന്നാല് തനിക്കു ലഭിച്ച വരം അന്ത്യ നാളില്‍ തന്റെ
സമൂഹത്തിന്നായി സൂക്ഷിച്ചു വെച്ചിരിക്കുകയാണ് പ്രവാചകന്‍ (സ്വ) അവിടുന്ന്
പറഞ്ഞു "ഓരോ പ്രവാചകനും ഉത്തരം ലഭിക്കുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്, എല്ലാ
പ്രാവച്ചകരും അവരുടെ പ്രാര്‍ത്ഥന നേരത്തെ നടത്തി കഴിഞ്ഞു, ഞാനാകട്ടെ
എന്റെ പ്രാര്‍ത്ഥന അന്ത്യ നാളില്‍ എന്റെ സമുധായതിന്നുള്ള ശുപാര്‍ഷയായി
പാത്തു വെച്ചിരിക്കുകയാകുന്നു" (മുസ്‌ലിം)
നബി (സ്വ) യെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അനുസരിക്കുകയും
മാതൃകയാക്കി പിന്‍പറ്റുകയും നബി (സ്വ) യെയും കുടുംബാങ്ങങ്ങളെയും
അനുചരന്മാരേയും സ്നേഹിക്കുകയും നമ്മുടെ സന്താനങ്ങളില്‍ പ്രവാകാഹക
സ്വെഭാവങ്ങള്‍ പടിപ്പിക്കുകയും നബി തങ്ങളുടെ അനുഗ്രാഹാഷിസ്സുകല്‍ക്കായി
പ്രാര്‍ഥിക്കുകയും ചെയ്യുന്നത് എന്ത് മാത്രം അഭികാമ്യമല്ല. ഉബയ്യിബ്നു
കഅബു (റ) പറയുന്നു "ഞാന്‍ ആരാഞ്ഞു 'തിരു ദൂതരെ? അങ്ങയുടെ പേരില്‍ ഞാന്‍
ധാരാളം സ്വലാത്ത് ചൊല്ലുന്നു, എന്റെ പ്രാര്‍ഥനയില്‍ ഞാന്‍ എത്ര നീക്കി
വെക്കണം? അവിടുന്ന് പ്രതിവചിച്ചു "നിനക്കിഷ്ട്ടമുള്ളത്" ഞാന്‍ ചോദിച്ചു
"നാലിലൊന്ന്" അവിടന്ന് അരുളി "നിനക്കിഷ്ടമുള്ളത്‌, കൂടുതലായാല്‍ അത്
നിനക്ക് ഉത്തമമാകുന്നു, ഞാന്‍ ചോദിച്ചു "അപ്പോള്‍ മൂന്നില്‍ രണ്ടു?"
അവിടുന്ന് പറഞ്ഞു "എന്റെ പ്രാര്‍ഥന മുഴുവന്‍ ഞാന്‍ താങ്കള്‍ക്കു വേണ്ടി
നീക്കി വെക്കും" അവിടുന്ന് പറഞ്ഞു "എങ്കില്‍ നിന്റെ സകല ദുഖങ്ങളും
അകറ്റപ്പെടും, നിന്റെ പാപങ്ങള്‍ പൊറുക്കപ്പെടും" (തിര്‍മിദി)
ഹബീബിനോട് കൂടുതല്‍ അടുക്കാനും അവിടത്തെ സ്നേഹിക്കാനും അവിടത്തേക്ക്
കൂടുതല്‍ സ്വ്ലാത്തുകള്‍ ചൊല്ലാനും അല്ലാഹു നമുക്ക് തൌഫിഖ് നല്കട്ടെ.
ആമീന്‍
സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വെല്ലല്ലാഹു അലൈഹി വസല്ലം.