കോഴിക്കോട് : ഇന്ത്യയിലെ ഏറ്റവും വിശാലമായ ശഅറെ മുബാറക് മസ്ജിദും, സാംസ്കാരിക കേരളത്തിന്റെ ചരിത്ര വികാസത്തില്‍ പുതിയൊരു മുന്നേറ്റത്തിനു കളമൊരുക്കുന്നതും, പ്രവാചക തിരു കേശം ഉള്‍പ്പെടെ നിരവധി ചരിത്ര സൂക്ഷിപ്പുകള്‍ ഉള്‍ക്കൊള്ളുന്നതും ആയ മസ്ജിദുല്‍ ആസാറിന്റെ ശിലാസ്ഥാപനം ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാരുടെയും, നേതാക്കളുടെയും സാന്നിധ്യത്തില്‍ ഇന്നലെ വൈകിട്ട് കോഴിക്കോട് നടന്നു. താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി മസ്ജിദുല്‍ ആസാറിനു ശില പാകി. നാല്‍പത് പണ്ഡിത നേതാക്കള്‍ ഒരോ ഭാഗം അടുക്കിവെച്ച് മസ്ജിദു ആസാറിന്റെ പൂര്‍ണ രൂപം പ്രത്യക്ഷപ്പെട്ടപ്പോള്‍ സുന്നി വൃന്ദം ആഹ്ലാദിത്തിലായി. ഇസ്ലാമിക് ഹെരിറ്റേജ് മ്യൂസിയത്തിനു അന്സാറുകളുടെ സംഘടനയായ ജം ഇയ്യത്തുല്‍ അന്‍സാറിന്റെ അദ്ധ്യക്ഷന്‍ ശൈഖ് അഹ്മദ് ഖസ്‌റജി ശിലപാകി.
ശിലാ സ്ഥാപന ചടങ്ങും തുടര്‍ന്ന് നടന്ന ശൈഖുനാ കാന്തപുരത്തിന്റെ വാര്ഷിക് ഹുബ്ബു റസൂല്‍ (സ) പ്രഭാഷണവും ശ്രവിക്കാന്‍ എത്തിയ ജന ലക്ഷങ്ങള്‍ ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ കോഴിക്കോട് നഗരിയെയും പരിസരത്തെയും വീര്‍പ്പു മുട്ടിച്ചു. ശൈഖുനാ കാന്തപുരതിന്റെയും, ശൈഖു ഖസ്രജിയുടെയും ഒരോ വാക്കുകളും പുറത്തുവരുമ്പോള്‍ തക്ബീറിന്റെ മന്ത്രധ്വനികള്‍ ആകാശ നീലിമയെ ഭേദിച്ച് മുന്നോട്ടു പോയി. വൈലത്തുര്‍ തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥനക്കു നേത്യത്വം നല്‍കി. സി മുഹമ്മദ് ഫൈസി സ്വാഗതം പറഞ്ഞു. മുന്‍ മന്ത്രി സി.എം ഇബ്രാഹിം, ശ്രീ ലങ്കന്‍ വ്യാപാര സഹകരണ മന്ത്രി ബഷീര്‍ സെഗു ദാവൂദ്, പേരോട് അബ്ദുറഹിമാന്‍ സഖാഫി, ഡോ: എ. പി. അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ശഅ്‌റേ മുബാറക് പ്രദര്‍ശനം കാണാന്‍ വന്‍ ജനാവലി
കോഴിക്കോട് : പ്രവാചക പ്രേമത്തിന്റെ ആവേശതിരമാലകളെ കേവലം സൂചി മുന കൊണ്ട് തടുത്തു നിരത്താമെന്നത് വെറും മിഥ്യാ ധാരണയാണെന്ന് തെളിയിച്ചു കൊണ്ട് ജന ലക്ഷങ്ങള്‍ തിരുകേശം കണ്ടു സായൂജ്യമടയാനായി ഇന്നലെ മര്കസിലേക്ക് ഒഴുകിയെത്തി.
മര്‍കസു സഖാഫത്തി സുന്നിയ്യയില്‍ സൂക്ഷിച്ചിട്ടുള്ള മുഹമ്മദ് രസൂലുല്ലാഹി (സ്വ )യുടെ തിരുകേശം കാണാനും തിരുകേശം മുക്കിയ പുണ്യ പാനീയം കൈപറ്റാനും വിദൂര ദിക്കുകളില്‍ നിന്ന് പോലും ഒഴുകിയെത്തി മര്കസിലെ വിശാലമായ മസ്ജിദുല്‍ ഹാമിലിയിലും പരിസരങ്ങളിലും വന്‍ ജനാവലി തലേന്ന് രാത്രി തന്നെ തമ്പടിച്ചു. സുബഹി നിസ്കാര ശേഷം നേതാക്കളുടെ അകമ്പടിയോടെ തിരു കേശം പ്രദര്‍ശന വേദിയില്‍ എത്തിച്ചപ്പോള്‍ പ്രവാചക പ്രേമികളുടെ ആവേശം വാനോളം ഉയര്‍ന്നു. തിരു കേശം കാണാനും, തിരുകേശം മുക്കിയ സൌജന്യ ജലം കൈപ്പറ്റാനും മൂന്നു വരിയായി നിന്ന ജനം കാരന്തൂര്‍ മുതല്‍ കുന്ന മംഗലം വരെ നീണ്ടു. ഒടുവില്‍ പൊതു സമ്മേളനത്തിന്റെ സമയം ആയപ്പോള്‍ പ്രദര്‍ശനം നിര്‍ത്തി വെക്കുകയായിരുന്നു.
ആറു വര്ഷം മുമ്പ് മര്‍കസില്‍ തിരു കേശം എത്തിയത് മുതല്‍ തിരു കേശ പ്രദര്‍ശനവും, സൌജന്യ ജല വിതരണവും നടത്താറുണ്ട് , എന്നാല്‍ കഴിഞ്ഞ വര്ഷം നടന്ന മര്‍കസ് സമ്മേളനത്തില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി യു.എ.ഇ യുടെ മുന്‍ വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് ഖസ്രജിയുടെ പുത്രന്‍ അഹ്മദ് ഖസ്‌റജി തന്റെ സൂക്ഷിപ്പില്‍ നിന്നും ഒരു തിരു കേശം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കൈ മാറിയത്തിന്റെ പാശ്ചാത്തലത്തില്‍ തിരു ശേഷിപ്പുകള്‍ സൂക്ഷിക്കാന്‍ പവിത്രമായ മസ്ജിദും , ഇസ്ലാമിക് മുസിയവും നിര്‍മിക്കാന്‍ മര്‍കസ് തീരുമാനിക്കുകയായിരുന്നു. പ്രസ്തുത മസ്ജിദിന്റെ ശിലാ സ്ഥാപനവും, ശൈഖുനാ കാന്തപുരത്തിന്റെ വാര്‍ഷിക ഹുബ്ബു റസൂല്‍ (സ) പ്രഭാഷണവും ഇന്നലെ ജന ലക്ഷങ്ങളെ കൊണ്ട് ധന്യമായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ