കോഴിക്കോട്: കേവലം രാഷ്ട്രീയ നേട്ടമല്ല മറിച്ച് മനുഷ്യ നന്മയാണ് കാന്തപുരത്തിന്റെ കേരള യാത്ര കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ശഹിന്ഷാ ജഹാന്ഗീര്‍ പ്രസ്താവിച്ചു. കേരള യാത്രക്ക് മലപ്പുറത്ത് നല്‍കിയ സ്വീകരണത്തില്‍ ആശംസാ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ലീഗിന്റെ കേരള ഘടകം കേരള യാത്രയുമായി സഹകരിക്കരുതെന്നു തീരുമാനമെടുത്ത പാശ്ചാത്തലത്തില്‍ ആണ് കേരള ഘടകത്തെ വിസ്മയിപ്പിച്ചു കൊണ്ട് സംഘാടകര്‍ ലീഗിന്റെ അഖിലേന്ത്യാ സെക്രട്ടറിയെ മലപ്പുറം പരിപാടിയില്‍ പങ്കെടുപ്പിച്ചത്. അതെ സമയം കേരള യാത്രയുമായി സഹകരിക്കേണ്ടെന്ന
തീരുമാനത്തെ തുടര്‍ന്ന് ലീഗ് നേതൃത്വതിനിടയില്‍ ആശയക്കുഴപ്പം തുടരുന്നു. ഡൂള്‍ ന്യൂസ് ഡോട്ട് കോമില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാര്ത്തയിലാണ് ഇത്തരമൊരു അഭിപ്രായം രേഖപ്പെടുത്തിയത്.
വാര്‍ത്തയുടെ വിശദഭാഗം : മാനവികതയെ ഉണര്‍ത്തുന്നു എന്ന സന്ദേശവുമായി
കഴിഞ്ഞ പന്ത്രണ്ടിന് കാസര്‍ഗോട് നിന്നും ആരംഭിച്ച യാത്രക്ക് രാഷ്ട്രീയ സാമൂഹ്യ
സാംസ്‌കാരിക രംഗത്തെ പ്രമുഖരില്‍ പലരും പിന്തുണ പ്രഖ്യാപിച്ച് വേദികള്‍
പങ്കിട്ടിട്ടുണ്ട്. എന്നാല്‍ മുസ്‌ലിം ലീഗും, ബി.ജെ.പി യും മാത്രമാണ് വിട്ട്
നില്‍ക്കുന്നത്.
സംസ്ഥാനത്തെ എല്ലാ സ്വീകരണ സ്ഥലങ്ങളിലും അതാതു ദേശത്തെ രാഷ്ട്രീയ
പ്രവര്‍ത്തകരെയും പൌര പ്രമുഖരെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ടെന്നാണ് എ.പി
വിഭാഗവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞത്. എന്നാല്‍ കേരള യാത്ര മലപ്പുറം ജില്ലയില്‍
പ്രവേശിച്ചിട്ടും ലീഗിന്റെ പ്രമുഖ നേതാക്കളാരും പരിപാടികളില്‍ സംബന്ധിച്ചിട്ടില്ല.
അതെ സമയം പാനൂരിലെ വേദിയില്‍ സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് ലംഘിച്ചു മണ്ഡലം
സെക്രട്ടറി വി നാസര്‍ യാത്രക്ക് ആശംസകള്‍ നേരാനെത്തുകയും ചെയ്തിരുന്നു. ഇതിനെ
തുടര്‍ന്ന് മറ്റു വേദികളിലും പ്രാദേശിക വികാരങ്ങള്‍ പരിഗണിച്ചു ലീഗ് നേതാകള്‍
സംബന്ധിക്കുമെന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ലീഗിന്റെ ബഹിഷ്‌കരണം
തുടരുകയാണ്.കൊടുവള്ളിയിലെ പരിപാടിയില്‍ എം.എല്‍.ഏ ഉമര്‍ മാസ്റ്ററും താമരശേരിയില്‍ തിരുവമ്പാടി എം .എല്‍. ഏ. സി മോയിന്‍ കുട്ടിയുമാണ് സംബന്ധിക്കെണ്ടിയിരുന്നത്. എന്നാല്‍ പാര്‍ട്ടി തീരുമാനം അനുസരിക്കേണ്ടതിനാല്‍ വരാന്‍ സാധ്യമല്ലെന്ന് സി മോയിന്‍ കുട്ടി സംഘാടകരെ അറിയിക്കുകയായിരുന്നു. അതെസമയം യാത്ര താമരശ്ശേരി റസ്റ്റ് ഹൗസിനു സമീപം എത്തിയപ്പോള്‍ സി മോയിന്‍ കുട്ടി നേരിട്ടെത്തി കാന്തപുരത്തിന് അഭിവാദ്യം അര്‍പ്പിച്ചത് ഏ പി വിഭാഗത്തോടുള്ള തന്റെ കൂറ് അറിയിക്കാന്‍ വേണ്ടിയായിരുന്നു എന്നാണു വിലയിരുത്തപ്പെടുന്നത്.
ലീഗിന്റെ പ്രമുഖ നേതാക്കളെല്ലാം ഇതിനകം കാന്തപുരത്തിന്റെ യാത്രക്ക് പിന്തുണ അറിയിച്ചതായാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം യാത്ര മാവൂരിലൂടെ കടന്നു പോയപ്പോള്‍ പരിസ്ഥിതി സൗഹാര്‍ദ്ദ വികസനത്തിന് അഭിവാദ്യമര്‍പ്പിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ കാല്‍ നട റാലിയില്‍ നിന്നു കേരള യാത്രക്ക് അഭിവാദ്യം അറിയിച്ചു കൊണ്ട് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയുണ്ടായി.
അതെ സമയം പാര്‍ട്ടി മുഖപത്രവും സംസ്ഥാന അധ്യക്ഷനും തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. തന്റെ വിലക്ക് ലംഘിച്ചു ആരെങ്കിലും യാത്രയില്‍ പങ്കെടുത്താല്‍ സ്ഥാനം രാജി വെക്കുമെന്നു വരെ സംസ്ഥാന പ്രസിഡണ്ട് പറഞ്ഞതായാണ് വിവരം. യാത്ര എറണാകുളം ജില്ലയില്‍ എത്തുമ്പോള്‍ വരവേല്‍ക്കാന്‍ മുസ്‌ലിം ലീഗിന്റെ ഒരു മന്ത്രി ഉണ്ടാവും എന്നാണറിയുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ പിടി വാശിക്കെതിരെ ലീഗ് നേതാക്കളില്‍ പലരും ഇതിനകം പരാതി ഉന്നയിച്ചു കഴിഞ്ഞതായാണ് വിവരം.
ഒരു വിഭാഗത്തിന്റെ മാത്രം സമ്മര്‍ദ്ദത്തിന് വഴങ്ങി വിശാല മുസ്ലിം മുന്നണി എന്ന ലേബലില്‍ ഇനിയും എത്ര നാള്‍ മുന്നോട്ടു പോവാന്‍ കഴിയുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. മുസ്ലിം ലീഗിന്റെ പിന്‍മാറ്റത്തെ കുറിച്ചു വ്യക്തമായ മൗനം പാലിക്കുകയാണ് കാന്തപുരം വിഭാഗമിപ്പോള്‍. മാനവികത ഉയര്‍ത്തിപ്പിടിക്കാനുള്ള പോരാട്ടത്തില്‍ ധര്‍മ പക്ഷത്തുള്ളവരെല്ലാം തങ്ങള്‍ക്കൊപ്പം ഉണ്ടാകും എന്ന് മാത്രമാണ് സ്വീകരണ വേദികളില്‍ പ്രഭാഷകര്‍ പറയുന്നത്. കേരള യാത്ര കേവലം ഗതാഗത കുരുക്ക് സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയുടെ പ്രസ്താവനയോട് പ്രതികരിച്ചതാവട്ടെ കാസര്‍ഗോട് ജില്ലാ ദുബൈ എസ്.വൈ.എസ് പ്രസിഡന്റ് കന്തല്‍ സൂപ്പി മാത്രമാണ്.
മാനവികതയെ എതിര്‍ക്കുന്നത് ‘ഇബിലീസ് ‘ (പിശാചു ) മാത്രമാണെന്ന് പറഞ്ഞാണ് കുന്ദമംഗലം എം എല്‍ ഏ .അഡ്വ:പി ടി ഏ റഹീം നരിക്കുനിയിലെ വേദിയില്‍ കയ്യടി വാങ്ങിയത്. കൊടുവള്ളിയിലും കുന്ദമംഗലത്തും യാത്രയെ അനുഗമിച്ചു അദ്ദേഹം പ്രവര്‍ത്തകരെ കയ്യിലെടുത്തു. അതെ സമയം മുസ്‌ലിം ലീഗിന്റെ അഭാവം പ്രത്യക്ഷമായും പരോക്ഷമായും മുതലെടുക്കാന്‍ കൊണ്‍ഗ്രസും ഇടതു പാര്‍ടികളും അരയും തലയും മുറുക്കി രംഗത്തുണ്ട്. യാത്രക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് വിവിധ യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ രാഹുല്‍ ഗാന്ധിയുടെയും ടി സിദ്ദീകിന്റെയും ചിത്രങ്ങള്‍ സഹിതം നിരവധി ആശംസാ ബാനറുകള്‍ പാതയോരങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. വേദികളിലും ഇതേ കാഴ്ച തന്നെയാണുള്ളത്.
കാസറഗോട്ടെ ഉത്ഘാടന വേദിയില്‍ കേന്ദ്ര മന്ത്രി കെ വി തോമസ് സംബന്ധിക്കുകയും യാത്രയില്‍ അല്‍പ്പ ദൂരം കൂടെ സഞ്ചരിക്കുകയും ചെയ്തിരുന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദ്, എം ഐ ഷാനവാസ് എം .പി .കെ സുധാകരന്‍, ടി സിദ്ധിക്ക്, കെ സി അബു , തുടങ്ങി കോണ്ഗ്രസ്സിന്റെ നേതാക്കളില്‍ പലരും ഇതിനകം വേദി പങ്കിട്ടു കഴിഞ്ഞു. സി.പി.ഐ.എം നേതാക്കളായ എം വി ജയരാജന്‍ ഇ.പി ജയരാജന്‍, മന്ത്രി കെ മോഹനന്‍, എന്‍ സി പി, സോഷ്യലിസ്റ്റ് ജനത, ജനതാദള്‍ നേതാക്കള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്.
അതേസമയം മതസാമുദായിക നേതാക്കളെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ വിലപേശലുകള്‍ മതത്തിനും രാഷ്ട്രീയത്തിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യില്ലെന്ന കാന്തപുരത്തിന്റെ പ്രസ്താവന മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള സാമുദായിക പാര്‍ട്ടികളുടെ ഇടപെടലുകളെ പരാമര്‍ശിച്ചാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. അഞ്ചാം മന്ത്രിയെച്ചൊല്ലിയുണ്ടായ ചര്‍ച്ച മതങ്ങള്‍ തിരിച്ചുള്ള കണക്കെടുപ്പിലേക്ക് പോയ സാഹചര്യത്തിലാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
മതത്തിനും രാഷ്ട്രീയത്തിനും യോജിക്കാവുന്ന മേഖലകള്‍ ഉണ്ട്. അത്തരം സാധ്യതകളെ, സങ്കുചിതമായ അധികാരമോഹങ്ങള്‍ക്കുവേണ്ടി ബലികഴിക്കരുത്. ഭരണഘടനയും ജനാധിപത്യ സംവിധാനങ്ങളും നല്‍കുന്ന സൗകര്യങ്ങളെ വിപുലപ്പെടുത്താനും അവയെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനും കഴിയുമോ എന്ന അന്വേഷണമാണ് അടിസ്ഥാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനം. ഇതിനെ അധികാരത്തര്‍ക്കങ്ങളിലേക്ക് ചുരുക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുമ്പോഴും രാഷ്ട്രീയ സാക്ഷരത നേടുന്നതില്‍ മലയാളി പിന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഇയ്യിടെയായി സംസ്ഥാനത്ത് നടന്ന് കൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ നിന്ന് മനസ്സിലാകുന്നതെന്നായിരുന്നു കാന്തപുരത്തിന്റെ കോഴിക്കോട്ടെ സ്വീകരണ യോഗത്തിലെ പ്രസ്താവന. മതവും രാഷ്ട്രീയവും പരസ്പരം ഇടപെടുന്നത് സമൂഹത്തിന്റെ പൊതു നന്മക്ക് വേണ്ടിയാകണമെന്നും കാന്തപുരം പറഞ്ഞിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ