ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ രണ്ടാമത്തേതും, മനുഷ്യന്‍ അവന്റെ ഓര്‍മ്മ ശക്തി നിലനില്‍ക്കുവോളം കാലം നിര്‍വ്വഹിക്കല്‍ നിര്‍ബന്ധവുമായ ആരാധനാ കര്‍മ്മം ആണ് നിസ്കാരം. വിചാരണാ നാളില്‍ ആദ്യം വിചാരണ ചെയ്യപ്പെടുക നിസ്കാരം ആണെന്നും, അതില്‍ ഒരാള്‍ വിജയിച്ചാല്‍ മറ്റുള്ളവയില്‍ അവന്റെ വിജയം സുനിശ്ചിതമാണ് എന്നും, അല്ലാത്ത പക്ഷം പരാജയം ആണ് അവനെ തേടി എത്തുക എന്നും നബി (സ) അരുള്‍ ചെയ്തിട്ടുണ്ട്.
നിസ്കാരത്തില്‍ സൂക്ഷ്മത പുലര്തിയവര്‍ക്ക് നയായ വിധി നാളില്‍ അത് അവനു അനുകൂല തെളിവും, പ്രകാശവും, രക്ഷയുമായി മാറുമെന്നും മറ്റൊരു തിരു വചനത്തില്‍ കാണാം.
പ്രവാചക ശ്രേഷ്ടരുടെ നിയമങ്ങളില്‍ പ്രാധാന്യമുള്ള ആരാധനയാണ് നിസ്കാരം. എന്നെയും എന്റെ സന്താന പരമ്പരയില്‍ വരുന്നവരെയും നിസ്കാരം മുറക്ക് നിര്‍വ്വഹിക്കുന്നവര്‍ ആക്കേണമേ എന്നായിരുന്നു ഇബ്രാഹിം (അ) നബിയുടെ പ്രാര്‍ത്ഥന. ഇസ്ഹാഖ് (അ), യാഖൂബ് (അ) എന്നീ പ്രവാചകന്മാരെ അല്ലാഹു പുകഴ്ത്തി പറഞ്ഞപ്പോള്‍ അതും നിസ്കാരം നില നിര്‍ത്തുന്ന വിഷയത്തിലായിരുന്നു. ഈസാ (അ) നബിയോടുള്ള പ്രത്യേക വസിയ്യത്തും നിസ്കാരത്തെ കുറിച്ചായിരുന്നു. ഇതില്‍ നിന്നെല്ലാം നിസ്കാരത്തിന്റെ പ്രാധാന്യം നമുക്ക് ഗ്രഹിക്കാവുന്നതാണ്.
നബി (സ) യാവട്ടെ മനോ വിഷമങ്ങളില്‍ നിന്നും വ്യഥകളില്‍ നിന്നും ആശ്വാസം കണ്ടെത്തിയിരുന്നത് നിസ്കാരത്തിലൂടെ ആയിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ നബി (സ) ബിലാല്‍ (റ) നോട് നിസ്കാരത്തിനു ഇഖാമത്ത് വിളിക്കാന്‍ പറയുമ്പോള്‍ അവിടുന്ന് ഇപ്രകാരം ആയിരുന്നു
പറയാറുണ്ടായിരുന്നത്: 'ബിലാല്‍ ഇഖാമത് കൊടുക്കൂ, നിസ്കാരത്തിലൂടെ ഞങ്ങള്‍ക്ക് ആശ്വാസം നല്‍കൂ' മാത്രമല്ല തിരു ദൂതരുടെ അവസാന നിര്‍ദ്ദേശവും നിസ്കാരം സൂക്ഷിക്കണേ എന്നാണെന്ന് വരുമ്പോള്‍ നിസ്കാരത്തിന്റെ മഹത്വം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
പാപ മോചനത്തിന്റെ കവാടം ആണത്രേ നിസ്കാരം. അംഗ ശുദ്ധി വരുത്തി ഭക്തിയോടെ അത് നിര്‍വ്വഹിക്കുന്നവര്‍ക്ക് പാപമോചനം നല്‍കുക എന്നത് അല്ലാഹുവിന്റെ കരാര്‍ ആണെന്ന് അബൂദാവൂദ് (റ) റിപ്പോര്‍ട്ട് ചെയ്ത ഒരു തിരു വചനത്തില്‍ വന്നിട്ടുണ്ട്.
നിസ്കാരത്തിനു നേരത്തെ എത്തുന്നവനും വൈകി എത്തുന്നവനും ഒരു പോലെയല്ല. നബി (സ) പറഞ്ഞു: ബാങ്ക് വിളിക്കുന്നവന്റെയും, ഒന്നാം സഫില്‍ നില്‍ക്കുന്നവന്റെയും പ്രതിഫലം ജനങ്ങള്‍ അറിയുന്ന പക്ഷം അതിന് മുന്നോട്ടു വരുന്നവരുടെ ബാഹുല്യം കാരണം നറുക്കെടുപ്പിലൂടെ ആളെ നിശ്ചയിക്കേണ്ടുന്ന വരുന്ന അവസ്ഥ സംജാതമാകും. ളുഹര്‍ നിസ്കാരത്തിന്റെ പ്രതിഫലം മനസ്സിലാക്കിയിരുന്നെങ്കില്‍ അതിനായി അവര്‍ മത്സരിക്കും. സുബഹിയുടെയും, ഇശായുടെയും പ്രതിഫലം അറിയുന്നവര്‍ നിരങ്ങിയെങ്കിലും നിസ്കാരത്തിനു എത്തിച്ചേരുമായിരുന്നു.
നിസ്കാരത്തിനു പുറപ്പെട്ടു തിരിച്ചു വീട്ടിലെത്തുന്നത് വരെയും നിസ്കാരത്തിന്റെ പ്രതിഫലം ലഭിക്കുന്നുവെന്നാണ് ഹദീസില്‍ വന്നിട്ടുള്ള സുവിശേഷം. നിസ്കാരം ഭക്തിയോടെ നിര്‍വ്വഹിക്കുന്നവരില്‍ നാഥന്‍ നമ്മെയും കുടുംബത്തെയും ഉള്‍പ്പെടുത്തട്ടെ. ആമീന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ