അല്ലാഹുവിന്റെ ഒരു വിശേഷണമാണ് കാരുണ്യം. അല്ലാഹു പറയുന്നു "പറയുക, നിങ്ങളുടെ നാഥന്‍ വിശാലമായ കാരുണ്യമുടയവനാകുന്നു" സൃഷ്ടികളോടുള്ള അല്ലാഹുവിന്റെ ഔധാര്യവും ദയാ വായ്പുമാണത്. അല്ലാഹു പറയുന്നു "നിങ്ങളുടെ നാഥന്‍ കാരുണ്യം തന്റെ സ്ഥായിയായ സ്വെഭാവമായി സ്വീകരിച്ചിരിക്കുന്നു". ആ കാരുണ്യം സകലതിനെയും പൊതിഞ്ഞു പറന്നു കിടക്കുകയാണ്. "എന്റെ കാരുണ്യം സകല വസ്തുക്കളെയും ഉള്‍ക്കൊണ്ടിരിക്കുന്നു" എന്ന് അല്ലാഹു പറയുന്നുണ്ട്. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വിശാലത ഹബീബായ മുത്ത് നബി വിശദീകരിക്കുന്നുണ്ട്. തിരുമേനി പറഞ്ഞു "കാരുണ്യത്തെ അല്ലാഹു നൂറു ഭാഗങ്ങളാക്കി വിഭജിച്ചു. എന്നിട്ട് അതിലെ തൊണ്ണൂറ്റി ഒന്‍പതു ഭാഗങ്ങള്‍ തന്റെ അടുത്തു നിര്‍ത്തുകയും ഒരു ഭാഗം മാത്രം ഭൂമിയിലെക്കിറക്കുകയും ചെയ്തു, ആ ഒരു ഭാഗത്തില്‍ നിന്നാണ് സകല സൃഷ്ട്ടികളും പരസ്പരം കാരുണ്യം കാണിക്കുന്നത്. പരിക്കെല്‍ക്കുമോയെന്ന ഭയത്താല്‍ കുതിര തന്റെ കിടാവില്‍ നിന്നും കാലുയര്തുന്നത് പോലും".
സകല പ്രവാചകന്മാരുടെയും വിശിഷ്ട ഗുണമായിരുന്നു കാരുണ്യം. നബി (സ്വ) തങ്ങളെ വിശേഷിപ്പിച്ചു കൊണ്ട് അല്ലാഹു പറയുന്നു "അങ്ങ് വളരെ സൌമ്യ ശീലനായത് അല്ലാഹുവില്‍ നിന്നുള്ള മഹത്തായ ഒരു അനുഗ്രഹമാകുന്നു. അങ്ങ് കഠിന ഹൃദയനായ പരുഷ പ്രക്രുതനായിരുന്നുവെങ്കില്‍ അങ്ങയുടെ ചുറ്റു നിന്നും അവരെല്ലാം പിരിഞ്ഞു പോയേനെ. അവരുടെ തെറ്റുകള്‍ പൊറുക്കുക, അവരുടെ പാപ മുക്തിക്കായി പ്രാര്‍ഥിക്കുക"
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു "നിങ്ങള്‍ക്കിടയില്‍ നിങ്ങളില്‍ നിന്ന് തന്നെ ഒരു ദൈവ ദൂതന്‍ ഇതാ ആഗതനായിരിക്കുന്നു. നിങ്ങള്‍ വിഷമിക്കുന്നത് അദ്ദേഹത്തിനു അസഹ്യമാണ്. നിങ്ങളുടെ വിജയത്തില്‍ അതീവ തല്പരനാണദ്ദേഹം. സത്യ വിശ്വാസികളോട് അലിവും കാരുണ്യമുള്ളവരുമാകുന്നു ആ പ്രവാചകന്‍". തിരുമേനിയുടെ പ്രിയപ്പെട്ട അനുചരന്മാരെ അള്ളാഹു വിശേഷിപ്പിച്ചത് "അവര്‍ പരസ്പ്പരം കാരുണ്യം കാണിക്കുന്നവരുമാകുന്നു" എന്നാണു.
അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുവാന്‍ പല നിമിത്തങ്ങളുമുണ്ട്. അതിലൊന്ന് മനുഷ്യര്‍ അന്യോന്യം കാരുണ്യം കാനിക്കുകയെന്നതാണ്. റസൂല്‍ തിരുമേനി (സ്വ) പറയുന്നു "കരുണ ചെയ്യുന്നവരോട് പരമ കാരുണികന്‍ കരുണ കാണിക്കും, നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക എങ്കില്‍ ആകാശത്തിന്റെ അധിപന്‍ നിങ്ങളോടും കരുണ കാണിക്കും" മറ്റൊന്ന് അല്ലാഹുവിനെയും അവന്റെ ദൂതരെയും വിശ്വസിക്കുക എന്നതാണ്. അല്ലാഹു പറഞ്ഞു "അല്ലാഹുവിനെയും റസൂലിനെയും നിങ്ങള്‍ അനുസരിക്കുക, നിങ്ങള്ക്ക് കാരുണ്യം ലഭിച്ചേക്കാം"
വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിലൂടെയും അത് ശ്രദ്ധയോടെ കേള്‍ക്കുന്നതിലൂടെയും ദൈവ കാരുണ്യം ലഭിക്കും. അല്ലാഹു പറയുന്നു "ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുമ്പോള്‍ നിങ്ങളത് സശ്രദ്ധം ശ്രവിക്കുകയും മൌനം പാലിക്കുകയും ചെയ്യുവിന്‍. നിങ്ങള്ക്ക് അത് വഴി കാരുണ്യം ലഭിച്ചേക്കാം".
അല്ലാഹുവോട് മാപ്പിന്നും ദയക്കും വേണ്ടി അര്‍ഥിക്കുന്നതിലൂടെയും അല്ലാഹുവിന്റെ കാരുണ്യം ലഭിക്കും. പ്രാര്തിക്കുന്നവര്‍ക്ക് ഉത്തരം ചെയ്യുന്ന ഉദാര മതിയാണ് അല്ലാഹു. റബ് തആല പറയുന്നു "നിങ്ങള്‍ അല്ലാഹുവിനോട് മാപ്പ് തേടാത്തത് എന്ത്? നിങ്ങള്ക്ക് കാരുണ്യം ലഭിചെങ്കിലോ?"
ചോദിക്കുന്ന അടിമക്ക് അല്ലാഹു നല്‍കുന്ന ഒരു അനുഗ്രഹമാണ് കാരുണ്യം. അല്ലാഹു അതാര്‍ക്കു നല്‍കിയോ അവനാണ് വിജയി. സൃഷ്ട്ടികളോട് കരുണ കാണിക്കുന്നവര്‍ക്ക് അല്ലാഹു തന്റെ കാരുണ്യം നിഷേധിക്കുന്നില്ല, നബി തിരുമേനി (സ്വ) പറയുന്നു "ജനങ്ങളോട് കരുണ കാണിക്കാത്തവന് അല്ലാഹു കരുണ ചെയ്യുകയില്ല". കാരുണ്യം തടയപ്പെടുന്നത് ഒരു തരം നിര്ഭാഗ്യമാണ്. നബി തിരുമേനി (സ്വ) പറഞ്ഞു "ഭാഗ്യദോഷിയില്‍ നിന്ന് മാത്രമേ കാരുണ്യം എടുത്തു മാറ്റപ്പെടുകയുള്ളൂ"
കാരുണ്യമില്ലാതെ മനുഷ്യ കുലത്തിനു നില നില്‍ക്കുക സാധ്യമല്ല. മക്കള്‍ക്ക് മാതാ പിതാക്കളോടുള്ള കാരുണ്യമാണ് ഏറ്റവും മുന്തിയത്. അല്ലാഹു തആലാ പറഞ്ഞു "നീ പ്രാര്‍ഥിക്കുക, എന്റെ നാഥാ.. ചെറുപ്പത്തില്‍ അവരെന്നെ വളര്‍ത്തിയ പോലെ അവരിരുവര്‍ക്കും നീ കരുണ ചെയ്യേണമേ!"
തന്റെ ഭാര്യയോടും മകളോടും അവരെ പരിപാലിക്കുകയും സ്നേഹിക്കുകയും ചെയ്തു കൊണ്ട് കുടുംബ നാഥന്‍ കാണിക്കുന്നത്, ഡോക്ടര്‍ തന്റെ രോഗിയെ പരിശോദിച്ചു കൊണ്ട് പ്രകടിപ്പിക്കുന്നത്, മുതിര്‍ന്നവര്‍ ചെറിയവരോട് കാണിക്കുന്നത്, ശക്തന്‍ ബാലഹീനനോട് കാണിക്കുന്നത്, തന്റെ ശിഷ്യന്റെ ശിക്ഷണത്തിന്നായി അദ്ധ്യാപകന്‍ അനുവര്‍ത്തിക്കുന്നത്, മുതലാളി തൊഴിലാളിയോടു കാണിക്കുന്നത്, കൂടുതല്‍ വില ഈടാക്കതെയും അമിത വര്‍ണന നടത്താതെയും വ്യാപാരി ഉപഭോക്താവിനോട് കാണിക്കുന്നത്, മനുഷ്യന്‍ മൃഗങ്ങളോടും മറ്റു സചേതനവും അചേതനവുമായ വസ്തുക്കളോട് കാണിക്കുന്നതൊക്കെയുള്ള കാരുണ്യം വളരെ മഹത്തരമാണ്.
നബി തിരുമേനി (സ്വ) ഒരിക്കല്‍ ഒരു അന്സ്വാരിയുടെ തോട്ടത്തില്‍ ചെന്നു, അപ്പോള്‍ അവിടെ ഒരു ഒട്ടകമുണ്ട്, നബി തിരുമേനിയെ കണ്ടപ്പോള്‍ ആ ഒട്ടകം അനങ്ങുകയും കണ്ണീര്‍ പൊഴിക്കുകയും ചെയ്തു. തിരുമേനി (സ്വ) അപ്പോള്‍ അതിന്റെ അടുത്തു ചെന്നു അതിന്റെ പിരടി തടവിക്കൊടുത്തു. അപ്പോള്‍ അത് നിശബ്ദമായി. എന്നിട്ട് നബി തിരുമേനി (സ്വ) ചോദിച്ചു "ഈ ഒട്ടകത്തിന്റെ ഉടമ ആരാണ്?" അപ്പോള്‍ ഒരു അന്‍സാരി യുവാവ് വന്നു പറഞ്ഞു " തിരു ദൂതരെ, ഈ ഒട്ടകം എന്റെതാണ്" പ്രവാചക തിരുമേനി ആ യുവാവിനോട് പറഞ്ഞു "അല്ലാഹു നിനക്കധീനപ്പെടുത്തി തന്ന ഈ മിണ്ടാ പ്രാണിയുടെ കാര്യത്തില്‍ നീ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ? നീ അതിനെ വേദനിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് അത് എന്നോട് ആവലാതി പറഞ്ഞിരിക്കുന്നു"
സഹോദരനമാരെ, എല്ലാ ജീവ ജാലങ്ങളോടും കാരുണ്യം കാണിക്കാന്‍ പഠിപ്പിക്കുകയും അത് ജീവിതത്തിലൂടെ കാണിച്ചു തന്നവരുമാണ് നമ്മുടെ മുത്ത് നബി (സ്വ). നാം പരസ്പ്പരം കാരുണ്യത്തോടെ പെരുമാറുന്നതായാല് തീര്‍ച്ചയായും അല്ലാഹുവിന്റെ കാരുണ്യം നമുക്ക് ലഭിക്കും. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് വരുത്തതിരിക്കാനും അന്യോന്യം കരുണ ചെയ്യാനും തിരുമേനി (സ്വ) നമ്മോടു നിര്‍ദേശിച്ചിട്ടുണ്ട്. അബൂ മൂസല്‍ അശ്അരി (റ) പറയുന്നു. നബി (സ്വ) പറഞ്ഞു "നിങ്ങള്‍ അന്യോന്യം കരുണ ചെയ്യുന്നത് വരെ നിങ്ങളിലൊരാളും സ്വെര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല" അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു "അല്ലാഹുവിന്റെ തിരു ദൂതരെ, ഞങ്ങളെല്ലാവരും കരുണ കാണിക്കുന്നവരാണല്ലോ?" അപ്പോള്‍ അവിടുന്ന് പ്രതിവചിച്ചു "നിങ്ങളിലോരോരുത്തരും തങ്ങളുടെ പ്രത്യേകക്കാരോട് കാണിക്കുന്ന കരുണയല്ല അത്, പ്രത്യുത എല്ലാ മനുഷ്യരോടും കാണിക്കുന്ന കരുണയാകുന്നു ഞാന്‍ ഉദ്ദേശിച്ചത്".
അല്ലാഹു തആലാ പരസ്പ്പരം കാരുണ്യം ചെയ്യുന്നവരിലും കാരുണ്യം ഉള്ള മനസ്സ് ഉള്ളവരിലും നമ്മെ ഉള്പ്പെടുതുമാറാകട്ടെ. ആമീന്‍
തയ്യാറാക്കിയത്: സയ്യിദ് ഹുസൈന്‍ തങ്ങള്‍