The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2012, ഒക്‌ടോബർ 2, ചൊവ്വാഴ്ച

കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ വിടവാങ്ങി

മലപ്പുറം: കേരള മുസ്ലിം പണ്ഡിത നിരയിലെ സൗമ്യസാന്നിധ്യവും ലാളിത്യത്തിന്‍െറ മുഖവുമായ സമസ്ത കേരള ജംഇയത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്‍റ് (ഇ.കെ വിഭാഗം ) കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ വിടവാങ്ങി. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയില്‍ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു അന്ത്യം. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് സ്വദേശമായ മലപ്പുറം കാളമ്പാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.കാന്തപുരം അടക്കമുള്ള പണ്ഡിതന്മാര്‍ ജനാസ സന്ദര്‍ശിച്ചു 
പട്ടിക്കാട് ജാമിഅ നൂരിയയില്‍നിന്ന് തിങ്കളാഴ്ച അര്‍ധരാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട മുഹമ്മദ് മുസ്ലിയാരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. അബോധാവസ്ഥയിലായതിനാല്‍ ഉടന്‍ വെന്‍റിലേറ്ററിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉച്ചയോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. മരണസമയത്ത് മക്കളായ അഡ്വ. അയ്യൂബ്, അബ്ദുല്‍ അസീസ്, സമദ് ഫൈസി എന്നിവരും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ തുടങ്ങിയവരും അടുത്തുണ്ടായിരുന്നു. തുടര്‍ന്ന് മയ്യി ത്ത് അദ്ദേഹം രണ്ട് പതിറ്റാണ്ടിലേറെ കാലം അധ്യാപകനും വൈസ്പ്രിന്‍സിപ്പലുമായിരുന്ന പട്ടിക്കാട് ജാമിഅ നൂരിയയിലേക്ക് കൊണ്ടുപോയി. പൊതുദര്‍ശനത്തിന് വെച്ചശേഷം മയ്യിത്ത് നമസ്കാരം നടത്തി. വൈകിട്ട് നാലോടെ പട്ടിക്കാട് നിന്ന് ആംബുലന്‍സില്‍ മലപ്പുറം കാളമ്പാടിയിലെ വസതിയിലേക്ക് കൊണ്ടുവന്നു. അഞ്ച് മണിയോടെ വീട്ടിലെത്തിച്ച മയ്യിത്ത് അടുത്ത ബന്ധുക്കള്‍ക്ക് കാണിച്ചശേഷം പരിസരത്തെ കോട്ടുമല ഇസ്ലാമിക് കോംപ്ളക്സില്‍ പൊതുദര്‍ശനത്തിന് വെച്ചു.
1934ല്‍ കാളമ്പാടി അരിക്കത്ത് അബ്ദുറഹിമാന്‍ ഹാജിയുടെയും ആയിശ ഹജ്ജുമ്മയുടെയും മകനായാണ് ജനനം. മലപ്പുറം കുന്നുമ്മല്‍ എ.എം.എല്‍.പി സ്കൂളിലെ ഭൗതിക വിദ്യാഭ്യാസത്തിന് ശേഷം മതവിദ്യാഭ്യാസത്തിലേക്ക് തിരിഞ്ഞു. കുന്നുമ്മല്‍, കൂട്ടിലങ്ങാടി, പഴമള്ളൂര്‍, വറ്റലൂര്‍, പരപ്പനങ്ങാടി പനയത്തിങ്ങല്‍ എന്നിവിടങ്ങളിലെ ദര്‍സ് വിദ്യാഭ്യാസത്തിന് ശേഷം ഉന്നത വിദ്യാഭ്യാസത്തിന് വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തില്‍ ചേര്‍ന്നു. പിതാവ് അബ്ദുറഹിമാന്‍ ഹാജി, പുലാമന്തോള്‍ മമ്മുട്ടി മൊല്ല, സെയ്താലിക്കുട്ടി മൗലവി, കൂട്ടിലങ്ങാടി കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, വടക്കാങ്ങര അഹമ്മദ്കുട്ടി മുസ്ലിയാര്‍, പെരിമ്പലം ബാപ്പുട്ടി മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, ശൈഖ് ഹസന്‍ മുസ്ലിയാര്‍, അബൂബക്കര്‍ ഹസ്രത്ത് തുടങ്ങിയവര്‍ക്ക് കീഴിലായിരുന്നു മതപഠനം. വെല്ലൂരില്‍ നിന്ന് ബാഖവി ബിരുദം നേടിയ മുഹമ്മദ് മുസ്ലിയാര്‍ കാച്ചിനിക്കാട്, അരീക്കോട്, മൈത്ര, നെല്ലിക്കുത്ത്, കിഴിശേരി മുണ്ടുപറമ്പത്ത്, കിടങ്ങയം എന്നിവിടങ്ങളിലെ ദര്‍സുകളില്‍ അധ്യാപകനായി. 1991 മുതല്‍ പട്ടിക്കാട് ജാമിഅയില്‍ അധ്യാപകനും പിന്നീട് വൈസ് പ്രിന്‍സിപ്പലുമായി.
അബ്ദുറഹിമാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ അസഹ്രിക്ക് ശേഷം 2004 സെപ്റ്റംബര്‍ എട്ടിനാണ് അദ്ദേഹം സമസ്ത പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. സമസ്ത മുശാവറ അംഗം, ഫത്വാ കമ്മിറ്റി മെമ്പര്‍ സ്ഥാനങ്ങളും വഹിച്ചു. നെല്ലിക്കുത്ത്, മൈത്ര തുടങ്ങിയ മഹല്ലുകളുടെ ഖാദി സ്ഥാനം വഹിച്ച അദ്ദേഹം കാളമ്പാടി മഹല്ല് കമ്മിറ്റി പ്രസിഡന്‍റുമായിരുന്നു. ഫാത്തിമ ഹജ്ജുമ്മയാണ് ഭാര്യ. മക്കള്‍: അഡ്വ. അയ്യൂബ് (നോട്ടറി, മലപ്പുറം), അബ്ബാസ്, ഉമ്മര്‍, അബ്ദുല്‍ അസീസ് (മൂവരും സൗദി), അബ്ദുസമദ് ഫൈസി, അബ്ദുറഹിമാന്‍ (എം.ഐ.സി അത്താണിക്കല്‍), സഫിയ കിഴിശേരി, റുഖിയ മണ്ണമ്പാറ, ജമീല വെള്ളേങ്ങാട്ട്, പരേതരായ സൗദ, സൈനബ. മരുമക്കള്‍: മായിന്‍ കുഴിമണ്ണ, അബ്ദുറഹിമാന്‍ ഇരുമ്പുഴി, മുഹമ്മദ് വെള്ളാന്‍കാട്, സുല്‍ഫത്ത്, ഹഫ്സത്ത്, വാഹിദ, സാബിറ, മുഹ്സിന. സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍ ഹാജി, യൂസഫ് മുസ്ലിയാര്‍, അലി മുസ്ലിയാര്‍, ഹംസ ഹാജി, സൈനബ, കുഞ്ഞിപ്പാത്തുമ്മ, നഫീസ, ആയിശ, പരേതരായ കുഞ്ഞിമൊയ്തീന്‍, അബൂബക്കര്‍ ഹാജി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ