ആര്‍ത്തിയും, ധനത്തോടുള്ള അടങ്ങാത്ത മോഹവും മനുഷ്യനെ ഏത് വൃത്തികേടിനും പ്രേരിപ്പിക്കുന്നു. എല്ല് മുറിയെ പണിയെടുത്ത് ധനം സമ്പാദിക്കുക എന്ന പഴയ തത്വത്തിനു അടിമുടി മാറ്റം വന്നിരിക്കുന്നു. ഇന്ന് എല്ലാവര്ക്കും പണിയെടുക്കാതെ പണം കിട്ടണം എന്ന ചിന്തയാണ്. അതിനു വേണ്ടിയുള്ള കുറുക്കു വഴികളോരോന്നായി അന്വേഷിച്ചു നടക്കുകയാണ് മനുഷ്യര്‍. അല്‍പ്പം കാശ് എവിടെയെങ്കിലും കൊണ്ട് കൊടുത്ത് ഇസ്തിരി ചുളിയാതെ മാസാ മാസം കിട്ടുന്ന ലാഭവും വാങ്ങിച്ചു ജനങ്ങളുടെ മുഴുവന്‍ പച്ച മാംസവും കൊത്തി വലിച്ചും, മറ്റുള്ളവരുടെ അന്നം മുടക്കിയും നടക്കുകയാണ് ഈ മടിയന്മാര്‍. (ഇത് ഹലാലോ ഹറാമോ എന്നൊന്നും അവര്‍ക്കറിയണ്ട. ഈ കാശ് എവിടെ പോകുന്നു ? എന്തിനൊക്കെ ഉപയോഗിക്കുന്നു ? എന്നും ഇവര്‍ക്കറിയണ്ട. അതൊക്കെ അന്വേഷിക്കുന്നത് ടെന്ഷനല്ലേ. നമുക്ക് മാസാ മാസം തരാമെന്നു പറഞ്ഞത് കിട്ടിയാല്‍ മതി). അദ്ധ്വാനിക്കുന്ന ജനങ്ങളെ കണ്ടാല്‍ പുച്ഛമാണ് ഇവര്‍ക്ക്. ഇപ്പോഴും ലോകം തിരിയാത്ത കൂട്ടര്‍ എന്നായിരുന്നു അവരെ കുറിച്ച് ഇക്കൂട്ടരുടെ ധാരണ. ഇസ്ലാം അദ്ധ്വാന ശീലരുടെ മതമാണ്. സുജൂദില്‍ കിടന്നു മരിക്കുന്നതിനേക്കാള്‍ തോഴിലെടുക്കുന്നതിനിടയില്‍ മരിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് എന്ന് പ്രഖ്യാപിച്ച ഖലീഫാ ഉമര്‍ (റ) ന്റെ അനുയായികളാണ് നാം.
വിശ്വ വിഖ്യാത എഴുത്തുകാരനായ ലിയോ ടോള്‍ സ്റ്റോയ് തന്റെ 'യുദ്ധവും സമാധാനവും' എന്ന കൃതിയില്‍ ഒരു കഥാ പാത്രത്തെ പരിചയപ്പെടുത്തുന്നുണ്ട്. സ്വത്തിനോട് അമിതമായ താല്പര്യമാണ് ആ കഥാപാത്രത്തിന്. ഒരിക്കല്‍ ഒരു ഭൂവടമ തന്റെ സ്വത്തു വില്‍ക്കുന്നു എന്നറിഞ്ഞപ്പോള്‍ നമ്മുടെ കഥാ പാത്രം അവിടെ എത്തി. സെന്റിന് എന്ത് വില തരണമെന്ന് ചോദിച്ചു. ആഗതന്റെ മനോഗതം നന്നായി അറിയാവുന്ന ഭൂവുടമ പറഞ്ഞു: വിലയൊന്നും തരണ്ട, വൈകുന്നേരം വരെ എത്ര ദൂരം ഓടി തീര്‍ക്കാന്‍ സാധിക്കുമോ, അത്രയും ഭൂമി താങ്കള്‍ക്കു ഫ്രീ ആയി നല്‍കാം. ആഗതന്റെ കണ്ണുകള്‍ വിടര്‍ന്നു. അവിശ്വസനീയമായ ഈ വാര്‍ത്ത കേട്ട് അയാള്‍ ആഹ്ലാദഭരിതനായി.
അങ്ങിനെ അയാള്‍ ഓട്ടം ആരംഭിക്കുകയായി. ഏറെ നേരം ഓടിയപ്പോള്‍ ഇടക്കൊരാള്‍ അല്‍പ്പം ഭക്ഷണവുമായി വന്നു. അയാള്‍ അത് കഴിക്കാന്‍ കൂട്ടാക്കിയില്ല, കാരണം അത്രയും നേരം ഓടിയാല്‍ എത്രയോ ഭൂമി തന്റെ പേരിലാകുമല്ലോ. അങ്ങിനെ അയാള്‍ ഭക്ഷണം കഴിക്കാതെ, ഒരിറ്റു വെള്ളം പോലും കുടിക്കാതെ ഓടുകയാണ്. ഒടുവില്‍ സൂര്യന്‍ ചക്രവാളത്തിലേക്ക് പിന്‍വലിയാന്‍ പോകുന്ന കാഴ്ച അയാള്‍ കണ്ടു. അതുവരെ നേടിയ ഭൂമിയൊന്നും അയാളുടെ ആഗ്രഹം തീര്‍ക്കാന്‍ പര്യാപ്തമായിരുന്നില്ല. അയാള്‍ കൂടുതല്‍ കൈക്കലാക്കാനുള്ള വ്യഗ്രതയോടെ സര്‍വ്വ ശക്തിയും സംഭരിച്ച് മുന്നോട്ടു മുന്നോട്ടു കുതിക്കുകയാണ്. ഒടുവില്‍ അയാളുടെ തൊണ്ടക്ക് വരള്‍ച്ച അനുഭവപ്പെടുകയാണ്. അയാളുടെ നാടീ ഞരമ്പുകള്‍ തളരാന്‍ തുടങ്ങി. സൂര്യന്‍ ചക്രവാളത്തില്‍ മറഞ്ഞു തീരുമ്പോഴേക്കും അയാള്‍ തല കറങ്ങി താഴെ വീഴുകയാണ്. ആളുകള്‍ ഓടിക്കൂടി അയാളെ താങ്ങിയെടുക്കുമ്പോഴേക്കും അയാള്‍ എന്നെന്നേക്കുമായി ഈ ലോകത്തോട് വിട പറഞ്ഞു കഴിഞ്ഞിരുന്നു. താന്‍ ഓടിത്തീര്‍ത്ത ഭൂമിയുടെ രേഖകളൊന്നും വാങ്ങാന്‍ അയാള്‍ കാത്തു നിന്നില്ല പകരം ആറടി മണ്ണ് അത് മാത്രം മതിയായിരുന്നു അപ്പോള്‍ അയാള്‍ക്ക്. ഏറെ ചിന്തോദ്ധീപകമാണ് ഈ കഥ. വര്‍ത്തമാന ചരിത്രത്തില്‍ ഇത് പോലെ എത്രയോ കഥാ പാത്രങ്ങള്‍ നമുക്ക് ചുറ്റിലും കാണും.
സുഖാസക്തി, ആഡംബരങ്ങള്‍, മാമൂലുകള്‍ ഇവയൊക്കെ ആണ് മനുഷ്യനെ അമിതമായ ധന മോഹിയാക്കുന്നത്. ഉള്ളത് കൊണ്ട് ത്രിപ്തിപ്പെടാനുള്ള മാനസികാവസ്ഥ നേടുക എന്നത് ഒരു മനുഷ്യനെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ഒരു രാജ്യം മഹത്തരം ആകുന്നത് അവിടെയുള്ള കെട്ടിടങ്ങളുടെയോ പാലങ്ങലുടെയോ എണ്ണം കൊണ്ടല്ല, മറിച്ച് ആ രാജ്യത്തെ പൌരന്മാര്‍ വരുമാനത്തിനനുസരിച്ചു ചെലവ് ചെയ്യാന്‍ ശീലിക്കുമ്പോഴാണ് എന്ന് ഒരു തത്വ ചിന്തകന്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. പണ്ട് മത പ്രഭാഷണ വേദിയില്‍ വെച്ച് ഉസ്താദുമാര്‍ പള്ളിക്കും മദ്രസ്സക്കും വേണ്ടി നീട്ടിയൊന്നു ചോദിച്ചാല്‍ ഉമ്മമാരും, സഹോദരിമാരും തങ്ങളുടെ കാതിലും കഴുത്തിലും ഉള്ളത് വരെ അഴിച്ചു കൊടുക്കാന്‍ ഒരു മടിയും കാണിച്ചിരുന്നില്ല. കാരണം അത് ആഖിറത്തിലേക്ക് ലാഭം ഉറപ്പുള്ള കച്ചവടമായിരുന്നു. അങ്ങിനെയാണ് ഗള്‍ഫ് രാജ്യങ്ങളുടെ വാതിലുകള്‍ നമുക്ക് മുന്നില്‍ തുറക്കുന്നതിനു മുന്‍പും നാട്ടില്‍ മനോഹരമായ പള്ളികളും മദ്രസ്സകളും ഒക്കെ ഉണ്ടായത്. പക്ഷെ ഇന്ന് അങ്ങിനെയുള്ള സ്ത്രീകള്‍ വളരെ വിരളം. പക്ഷേ ആഖിറത്തിന്റെ കച്ചവടത്തില്‍ പങ്കു ചേരാന്‍ മടിയുള്ള ആ ഉമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ദുനിയാവിന്റെ കച്ചവടത്തില്‍ പങ്കു ചേരാന്‍ തങ്ങളുടെ ആഭരണങ്ങള്‍ അഴിച്ചു കൊടുക്കാന്‍ ഇപ്പോള്‍ ഒരു മടിയും തോന്നുന്നില്ല. കലി കാലം എന്നല്ലാതെ എന്ത് പറയാന്‍. പെണ്ണുങ്ങള്‍ മാത്രമല്ല ആണായി പിറന്നവരുടെ കാര്യം അതിലേറെ കഷ്ടം ഈ വിഷയത്തില്‍ അഭ്യസ്ത വിദ്യരും, ഉദ്യോഗസ്തരും, പൌര പ്രമുഖരും എല്ലാം തുല്യര്‍. ഈ കുളിമുറിയില്‍ എല്ലാവരും നഗ്നര്‍ തന്നെ.
ആദം സന്തതികള്‍ക്ക് സ്വര്‍ണ്ണത്തിന്റെ രണ്ടു മലകള്‍ തന്നെ ഉണ്ടായാലും മൂന്നാമത് ഒന്ന് കൂടി അവര്‍ ആഗ്രഹിക്കാതിരിക്കുകയില്ല, അവരുടെ വയര്‍ നിറക്കാന്‍ ഖബറിലെ മണ്ണിനല്ലാതെ സാധിക്കുകയില്ല എന്ന നബി (സ) വചനം ഇവിടെ ശ്രദ്ധേയമാവുകയാണ്.
ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കാനുള്ള സന്മനസ്സ് നാഥന്‍ നമുക്ക് ഏവര്‍ക്കും പ്രധാനം ചെയ്യുമാറാകട്ടെ ആമീന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ