ഉദിനൂരിലെ മത, സാമൂഹ്യ, സാംസ്കാരിക, വൈജ്ഞാനിക മേഖലകളിലെ ജ്വലിക്കുന്ന നക്ഷത്രമായിരുന്നു കാല്‍ നൂറ്റാണ്ട് മുമ്പ് നമ്മെ
വിട്ടു പിരിഞ്ഞ മര്‍ഹൂം ടി.സി അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍. മത പഠന
രംഗത്തും ഭൌതിക പഠന രംഗത്തും ഒരു പോലെ വ്യക്തി മുദ്ര പതിപ്പിക്കാന്‍
സാധിച്ചു എന്നത് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വേറിട്ട വ്യക്തിത്വതിനുടമയാക്കുന്നു. ഒരേ സമയം
ഉദിനൂര്‍ സൌത്ത് ഇസ്ലാമിയ സ്കൂളിലും, മമ്പഉല്‍ ഉലൂം മദ്രസ്സയിലും
പ്രധാനാധ്യാപക പദവി വഹിക്കുക വഴി അദ്ദേഹം മറ്റുള്ളവരില്‍ നിന്നും
വ്യതിരിക്തനാവുന്നു. അനിതര സാധാരണമായ അധ്യാപന ശൈലിയിലൂടെ നൂറു കണക്കായ ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അക്കാരണത്താല്‍ തന്നെ ഉദിനൂരിലെയും പരിസര
പ്രദേശങ്ങളിലെയും വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് അദ്ദേഹം ഉസ്താദും മാ ഷും ആയിരുന്നു.
മികവുറ്റ അദ്ധ്യാപകന്‍ എന്നതിന് പുറമേ സംസ്ഥാന തലത്തില്‍ തന്നെ അറിയപ്പെട്ട ഒരു ഖാരിഉം (ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തില്‍ നൈപുണ്യം നേടിയ വ്യക്തി) ആയിരുന്നു അദ്ദേഹം. ഖുര്‍ആന്‍ പഠിപ്പിക്കുക എന്നത് അദ്ദേഹത്തിനു അതീവ താല്പര്യമുള്ള വിഷയമായിരുന്നു. അതിനായി അദ്ദേഹം തന്നെ മുന്‍കൈയെടുത്ത് ഉദിനൂര്‍ മമ്പഉല്‍ ഉലൂം മദ്രസയില്‍ ഒഴിവുകാല ഖുര്‍ആന്‍ കോഴ്സുകള്‍ സംഘടിപ്പിക്കുമായിരുന്നു. സ്കൂളില്‍ ഇംഗ്ലീഷ് ആയിരുന്നു അദ്ധേഹത്തിന്റെ വിഷയം. അസാമാന്യ വൈഭാവമായിരുന്നു ആ വിഷയത്തില്‍ അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രഥമ ട്രെയിനിംഗ് കോഴ്സില്‍ ട്യൂട്ടര്‍ ആയും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്.
വിശ്രമം എന്തെന്നറിയാത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. സുബഹി നിസ്കാരം കഴിഞ്ഞാല്‍ കൃഷി സംബന്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെടും. തികഞ്ഞ ഒരു കര്‍ഷകന്റെ പാഠവത്തോടെ ആയിരുന്നു അദ്ദേഹം പാടത്ത് പണിയെടുത്തിരുന്നത്. ശേഷം മദ്രസയിലേക്ക് പോകും. മദ്രസ വിട്ടു വന്ന ഉടനെ സ്കൂളിലേക്കുള്ള പുറപ്പാടായി. സ്കൂളിലേക്ക് പോകുമ്പോഴും, തിരികെ വരുമ്പോഴും തന്റെ ഉമ്മയുടെയും, മക്കളുടെയും വീടുകളില്‍ കയറി വിവരങ്ങള്‍ അന്വേഷിക്കും. മാത്രമല്ല അദ്ദേഹം ഒരു വഴിക്ക് യാത്ര ചെയ്യുമ്പോള്‍ ആ വഴിക്കുള്ള ബന്ധു വീടുകളിലും കയറി ഇറങ്ങുമായിരുന്നു. അങ്ങിനെ കുടുംബ സ്നേഹത്തിന്റെ ഉദാത്ത മാതൃകയാവാന്‍ അദ്ദേഹത്തിനു സാധിച്ചു. അതീവ ബഹുമാനമായിരുന്നു കുടുംബക്കാരില്‍ നിന്നും, ശിഷ്യന്മാരില്‍ നിന്നും, നാട്ടുകാരില്‍ നിന്നും അദ്ദേഹത്തിനു ലഭിച്ചിരുന്നത്. മക്കളെയും മരുമക്കളെയും ഒരേ പോലെയായിരുന്നു അദ്ദേഹം പരിചരിച്ചിരുന്നത്. പഠന കാര്യത്തിലും, സ്വഭാവ സംസ്കരണത്തിലുമൊക്കെ മക്കളായാലും, മരുമക്കളായാലും യാതൊരു വിട്ടു വീഴ്ചക്കും അദ്ദേഹം തയാറായിരുന്നില്ല.
സ്കൂള്‍ വിട്ടു വന്നാല്‍ അദ്ദേഹം പിതാവില്‍ നിന്നും ഏല്‍പ്പിക്കപ്പെട്ട പ്രകാരം ചില വീടുകളില്‍ ഖുര്‍ആന്‍ പാരാണം നടത്താനായി പോകും. സന്ധ്യക്ക് തിരികെ എത്തിയ ശേഷം പരത്തിച്ചാലിലെ പഴയ ജമാലിയ സ്രാംബിയില്‍ മഗരിബ് നിസ്കാരത്തിനെത്തും. ഇശാ വരെ അവിടെ തന്നെ ഇരുന്നു ദിക്റുകള്‍ ചൊല്ലും. ശേഷം ഇശാ നിസ്കാരവും ഹദ്ദാദും കഴിഞ്ഞു മാത്രമേ വീട്ടിലേക്കു തിരിച്ചു വരാറുള്ളൂ. സ്രാമ്പിയിലെ ഇമാമും അദ്ദേഹം തന്നെയായിരുന്നു. എപ്പോഴും ദിക്റുകള്‍ ചൊല്ലിക്കൊണ്ടിരിക്കും. ഒരു ദിവസം ഇത്ര ദിക്റുകള്‍ ചൊല്ലിതീര്‍ക്കണം എന്ന ടാര്‍ജറ്റ് അദ്ദേഹത്തിനുണ്ടായിരുന്നു. ദീര്‍ഘ നേരം നിസ്കരിക്കുക എന്നത് അദ്ധേഹത്തിന്റെ സ്വഭാവമായിരുന്നു. പൊതു പ്രവര്‍ത്തന രംഗത്തും അദ്ദേഹം തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. ത്രിക്കരിപൂര്‍ റെയിഞ്ച് ജം ഇയ്യത്തുല്‍ മു അല്ലിമീനില്‍ പ്രസിടന്റ്റ്, സെക്രട്ടറി, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്തിന്റെ ഭരണ ഘടനാ ശില്‍പ്പികളില്‍ പ്രധാനിയായിരുന്നു അദ്ദേഹം.
ഒരു എ.എല്‍.പി സ്കൂളായിരുന്ന സൗത്ത് ഇസ്ലാമിയ സ്കൂളിന് അഞ്ചാം തരം ലഭിച്ചത് അദ്ധേഹത്തിന്റെ മികച്ച സര്‍വ്വീസിന്റെ പരിണിത ഫലം കൊണ്ട് കൂടിയായിരുന്നുവെന്ന് പറയാം. തന്നെ പോലെ തന്റെ മകനെയും ഒരു അദ്ധ്യാപകനാക്കുക എന്നതായിരുന്നു അദ്ധേഹത്തിന്റെ സ്വപ്നം. ആ സ്വപ്നം പൂവണിയുകയും അദ്ദേഹം സേവനം ചെയ്ത കലാലയത്തില്‍ മകന്‍ അദ്ധ്യാപക ചുമതല്‍ എല്ക്കുകയും ചെയ്തു. ഹജ്ജ് യാത്ര തീരുമാനിച്ചത് മുതല്‍ അദ്ദേഹം സദാ ഹജ്ജിനെ കുറിച്ചുള്ള പഠനങ്ങളില്‍ വ്യാപ്രതാനായിരുന്നു. മദ്രസാ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി അദ്ദേഹം ഒരു പ്രാക്ടിക്കല്‍ ഹജ്ജ് സംഘടിപ്പിച്ചത് ഏവരാലും പ്രശംസിക്കപ്പെട്ട ഒരു സംരംഭമായിരുന്നു. മാത്രമല്ല ഹജ്ജിന്റെ കര്‍മ്മങ്ങള്‍ സരളമായ ശൈലിയില്‍ സവിസ്തരം പ്രതിപാദിക്കുന്ന ഒരു ഓഡിയോ കാസറ്റ് അദ്ദേഹം സ്വന്തമായി തയ്യാറാക്കുകയും അത് ഞങ്ങളെയൊക്കെ കേള്‍പ്പിക്കുകയും ചെയ്തിരുന്നു. ഹജ്ജിനു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ബന്ധുക്കളോടൊക്കെ 'ഞാന്‍ തിരിച്ചു വരാന്‍ ആരും ദുആ ചെയ്യരുത്' എന്നദ്ധേഹം പ്രത്യേകം പറഞ്ഞിരുന്നു. അദ്ധേഹത്തിന്റെ അഭിലാഷം പോലെ തന്നെ ഹജ്ജിന്റെ കര്‍മ്മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം 1987 ആഗസ്ത് 16 ന് രാത്രി (ദുല്‍ഹജ്ജ് 22) വിശുദ്ധ മക്കയില്‍ വെച്ച് ഇഹലോക വാസം വെടിയുകയും, പരിപാവനമായ ജന്നതുല്‍ മുഅല്ലയില്‍ ഖബറടക്കം ചെയ്യപ്പെടുകയും ചെയ്തു (ഇന്നാലില്ലാഹ്) അദ്ദേഹത്തോടൊപ്പം നാഥന്‍ നമ്മെയും അവന്റെ സ്വര്‍ഗ്ഗീയ പൂങ്കാവനത്തില്‍ ഒരുമിച്ചു കൂട്ടുമാറാകട്ടെ ! ആമീന്‍.
അദ്ദേഹ ത്തിന്റെ സ്മരണകള്‍ അയവിറക്കുന്നതിനായി ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസ് സംഘടിപ്പിച്ച അനുസ്മരണ പരിപാടിക്ക് ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോം എല്ലാ വിധ വിജയാശംസകളും നേരുകയാണ്.
സസ്നേഹം: ടി.സി ഇസ്മായില്‍, വെബ് എഡിറ്റര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ