പ്രവാസത്തോട് വിട പറഞ്ഞ് നാട്ടിലെത്തിയ ദുബൈയിലെ പഴയകാല എസ്.വൈ.എസ്, ഐ.സി.എഫ് പ്രവർത്തകരുടെ കൂട്ടായ്മയായ എക്സ് ദുബൈ സുന്നി ഫോറം (EDSF) ന്റെ മൂന്നാം സംഗമം പാലക്കാട് ജാമിഅ: ഹസനിയയിൽ വെച്ച് ജനുവരി 25ന് ചേരുകയുണ്ടായി. കേരളത്തിലുടനീളമുള്ള EDSF പ്രതിനിധികൾ സംബന്ധിച്ച പ്രസ്തുത സംഗമം മറക്കാനാവാത്ത ഒട്ടേറെ അനുഭൂതികൾ സമ്മാനിച്ചു കൊണ്ടാണ് പിരിഞ്ഞത്.
മുൻ നിശ്ചയ പ്രകാരം 24 വെള്ളിയാഴ്ച്ച 2.30 ന് കാസർഗോഡ് റെയിൽവെ സ്റ്റേഷനിൽ നിന്നും CMA ചേരൂർ, DA മുഹമ്മദ്, ബശീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈ മെയിലിൽ കയറി ഒറ്റപ്പാലം ലക്ഷ്യമാക്കി പുറപ്പെട്ടു. മൂന്നര മണിയോടെ പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ഈ വിനീതനും അവരോടൊപ്പം കൂടി. പഴയങ്ങാടിയിൽ നിന്നും സത്താർക്ക, മഹമൂദ്ക്ക, മൂസ ഹാജി, അഷ്റഫ് തുടങ്ങിയവരും കണ്ണൂരിൽ നിന്ന് മുത്തുക്കോയ തങ്ങൾ, ഫാറൂഖ്, ജബ്ബാർ, ശൗക്കത്ത് അലി തുടങ്ങിയവരും തലശ്ശേരിയിൽ നിന്ന് നാസർ കൂരാറയും സംഘത്തെ അനുഗമിച്ചു.
രാത്രി 8 മണിയോടെ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഞങ്ങൾ ഇറങ്ങിയപ്പോഴേക്കും വിവരങ്ങൾ അന്വേഷിച്ചുകൊണ്ട് ഹസനിയയിൽ നിന്നും മാരായമംഗലം ഉസ്താദിന്റെ ദൂതനായ ദഅവ വിദ്യാർത്ഥി മുനവ്വിറിന്റെ ആദ്യ ഫോൺ കോൾ ലഭിച്ചു. ബസ്സ് മാർഗ്ഗം ഹസനിയയിലേക്ക് എത്തേണ്ട കൃത്യമായ ഡയറക്ഷൻ മുനവ്വിർ ഞങ്ങൾക്ക് പറഞ്ഞ് തന്നു. അപ്രകാരം ഒറ്റപ്പാലം ബസ്സ് സ്റ്റാൻഡിൽ നിന്നും പാലക്കാട് പോകുന്ന ബസ്സിൽ കയറി കല്ലേക്കാട് ലക്ഷ്യമാക്കി ഞങ്ങൾ പുറപ്പെട്ടു. അല്പം കഴിഞ്ഞപ്പോഴേക്കും ഹസനിയയിലെ ഓഫീസ് സ്റ്റാഫായ റാശിദ് ഉസ്താദിൻറെ കോൾ ലഭിച്ചു. ഇറങ്ങേണ്ട കൃത്യമായ പോയിൻറ് പറഞ്ഞുതരികയും അവിടെ എത്തിയാൽ വിളിക്കണം എന്ന നിർദ്ദേശവും ലഭിച്ചു.
ബസ് ഡ്രൈവർ കൃത്യമായി ഹസനിയയുടെ ഗേറ്റിന് മുന്നിൽ തന്നെ ഞങ്ങളെ ഇറക്കി. ഞങ്ങളുടെ കോൾ ലഭിക്കേണ്ട താമസം മുനവ്വിറും, റാശിദ് ഉസ്താദും, മറ്റ് ഉസ്താദുമാരും ചേർന്ന് ഗേറ്റിന് മുന്നിൽ വെച്ച് തന്നെ നമുക്ക് ഉജ്ജ്വലമായൊരു വരവേൽപ്പ് നൽകി. ശേഷം 'I 🩷 HASANIYYA' എന്ന മനോഹരമായ ബോർഡിന് മുന്നിൽ വെച്ച് ഒരു ഫോട്ടോ ഷൂട്ട് നടത്തി. പ്രസ്തുത ബോർഡ് കണ്ടപ്പോൾ തന്നെ വിലയിരുത്തിയിരുന്നു ഹസനിയയുടെ സമ്മേളനം തീർത്തും ഹൈ ടെക് ആണെന്ന്. തികച്ചും ആധുനിക ഡിജിറ്റൽ കാലഘട്ടത്തോട് അനുയോജ്യമായ സംവിധാനങ്ങളാണ് പിന്നീട് നഗരിയിൽ ഓരോയിടത്തും കണ്ടത്. ഹസനിയയുടെ പ്രവിശാലമായ കാമ്പസ് ഒറ്റ നോട്ടത്തിൽ കണ്ടപ്പോൾ തന്നെ നമ്മുടെ കണക്ക് കൂട്ടലുകൾക്കൊക്കെ എത്രയോ അപ്പുറമാണ് ഈ സ്ഥാപനമെന്ന് ബോധ്യപ്പെട്ടു.
തൽസമയം ഹസനിയുടെ ആത്മീയ മജിലിസ് നടക്കുകയായിരുന്നു. വേദിയിൽ സജീവ സാന്നിധ്യമായി നില കൊണ്ടിരിക്കുന്ന ഹസനിയ സാരഥിയും ഞങ്ങളുടെ ആഥിതേയനുയ മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി ഉസ്താദിനെ ആ സമയത്ത് ബുദ്ധിമുട്ടിക്കരുത് എന്ന നിശ്ചയത്തോടെ റാശിദ് ഉസ്താദും സംഘവും ഞങ്ങളെ നേരെ കൊണ്ട് പോയത് ഭക്ഷണപ്പന്തലിലേക്കായിരുന്നു. സുഭിക്ഷമായ ഭക്ഷണങ്ങളൊരുക്കി ഞങ്ങളെ സൽക്കരിക്കാൻ ഓരോരുത്തരും പരസ്പരം മത്സരിക്കുകയായിരുന്നു. കേവലം നാട്യങ്ങളല്ല മറിച്ച് മനസ്സറിഞ്ഞ് കൊണ്ടുള്ള ഒരു സൽക്കാരം തന്നെയായിരുന്നു അതെന്ന് നമുക്ക് ബോധ്യപ്പെട്ട നിമിഷമായിരുന്നു അത്.
വയറും മനസ്സും നിറഞ്ഞു കഴിഞ്ഞപ്പോൾ ഹസനിയ സെക്രട്ടറി ബഹു: സിദ്ധീഖ് നിസാമി അൽ ഹസനി ഉസ്താദിന്റെയും, റാശിദ് ഉസ്താദിന്റെയും നേതൃത്വത്തിൽ ഞങ്ങളെ ഏറെ ബഹുമാനാദരവുകളോടെ ആത്മീയ മജ്ലിസിന്റെ വേദിയിലേക്ക് ആനയിക്കപ്പെട്ടു.
അപ്പോൾ വേദിയിൽ സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടിയുടെ നേതൃത്വത്തിൽ മഹ്ളറത്തുൽ ബദരിയ നടക്കുകയായിരുന്നു. ശേഷം മുത്തനൂർ തങ്ങളുടെ ഭക്തി നിർഭരമായ പ്രാർത്ഥനയിലും സംബന്ധിച്ച് ഞങ്ങൾ സായൂജ്യമടഞ്ഞു.
ആത്മീയ മജ്‌ലിസിന് ശേഷം നേരെ ഹസനിയ മസ്ജിദിൽ വെച്ച് നിസ്കാരം നിർവഹിച്ചു. പിന്നീട് മാരായമംഗലം ഉസ്താദിൻറെ ഓഫീസിലെത്തി. പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു ആ കൂടിക്കാഴ്ച്ചയിൽ മാരാമംഗലം ഉസ്താദിനും അതിലുപരി ഞങ്ങൾക്കും ഉണ്ടായിരുന്നത്. കരിമ്പനകളുടെ നാടായ പാലക്കാടിന്റെ മണ്ണിനെയും, മനസ്സിനെയും കുറിച്ചും സ്ഥാപനത്തെ സംബന്ധിച്ചുമൊക്കെ അൽപ്പനേരം മാരായമംഗലം ഉസ്താദ് ഞങ്ങളോട് സംസാരിച്ചു. ബാപ്പു ഉസ്താദിന്റെ ദുബൈ യാത്ര ഇത്തരമൊരു വലിയ ദൗത്യത്തിന് വേണ്ടിയായിരുന്നോ? എന്ന് ഞങ്ങളോരോരുത്തരും ആശ്ചര്യപ്പെട്ടു പോയ നിമിഷങ്ങളായിരുന്നു അത്.
ആ കൂടിക്കാഴ്ച്ചക്ക് ശേഷം ഞങ്ങൾക്കായി തയ്യാറാക്കിയ താമസ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോയി. ഹസനിയയുടെ കീഴിലുള്ള ഏറ്റവും മനോഹര സ്ഥാപനമായ കൊർഡോവ ഇൻറർനാഷണൽ സ്കൂളിലായിരുന്നു ഞങ്ങൾക്കുള്ള താമസ സൗകര്യം ഒരുക്കിയിരുന്നത്. സ്കൂൾ മാനേജർ നൂർ മുഹമ്മദ് ഹാജിയും മറ്റ് സ്റ്റാഫുകളും നമ്മെയും കാത്ത് അവിടെയുണ്ടായിരുന്നു. അവിടെ ഓരോരുത്തർക്കും പ്രത്യേകമായ ബെഡുകൾ തയ്യാറാക്കിയിരുന്നു. വിശാലമായ ബാത്റൂം സൗകര്യവും അവിടെ ഉണ്ടായിരുന്നു. പാലക്കാടൻ മല നിരകളെ തഴുകി വരുന്ന മനോഹരമായ മന്ദ മാരുതനിൽ ഞങ്ങളെല്ലാവരും സുഖനിദ്ര പുൽകി. സുബഹിക്ക് വളരെ മുമ്പ് തന്നെ എല്ലാവരും ഉന്മേഷവാന്മാരായി ഉണർന്നു. പ്രാഥമിക കർമ്മങ്ങളും, സുന്നത്ത് നിസ്കാരവുമൊക്കെ കഴിഞ്ഞപ്പോഴേക്കും ഹസനിയ പള്ളി മിനാരത്തിൽ നിന്നും അതി മനോഹരമായ ബാങ്കൊലി ഒഴുകി വന്നു. എല്ലാവരും പള്ളിയിലെത്തി സുബഹി നിസ്കാരത്തിൽ പങ്ക് കൊണ്ടു. ചെറുപ്പക്കാരനായ ഒരു ഇമാമിന്റെ അതി മനോഹരമായ ഖുർആൻ പാരായണത്തോടെയുള്ള ആ നിസ്കാരം വല്ലാത്തൊരു അനുഭൂതിയായിരുന്നു. 'മാശാ അല്ലാഹ് !!' എന്തൊരു മനോഹരമായ ഖിറാഅത്ത് ! ഓത്ത് കേട്ടാൽ അതൊരു മലയാളിയാണെന്ന് ആരും പറയില്ല. ഹസനിയ സ്ഥാപനത്തിൽ നിന്ന് ഹിഫ്ള് പഠനം പൂർത്തിയാക്കി അവിടുത്തെ ദഅവ കോളേജിൽ നിന്നും അൽ ഹസനി ബിരുദവും നേടിയ ഒരു വിദ്യാർത്ഥിയാണ് ആ ചെറുപ്പക്കാരൻ എന്നും, അത്
ബർ ദുബൈ എസ്.വൈ.എസ് മദ്രസയിലെ മുൻ മുഅല്ലിമും EDSF അംഗവുമായ കെ ഹബീബുള്ള മൗലവിയുടെ പൊന്നോമന പുത്രനുമായ ഹാഫിസ് ഫർഹാൻ അൽ ഹസനി ആയിരുന്നു എന്നും പിന്നീട് മാരായമംഗലം ഉസ്താദ് വ്യക്തമാക്കിത്തന്നപ്പോൾ ഞങ്ങൾക്കൊക്കെ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.
സുബഹി നിസ്കാര ശേഷം ഞങ്ങളെ ഹസനിയയുടെ കേന്ദ്ര ഓഫീസിലേക്ക് ആനയിക്കപ്പെട്ടു. വന്ദ്യരായ കൊമ്പം മുഹമ്മദ് മുസ്‌ലിയാർ, മാരാമംഗലം അബ്ദുറഹ്മാൻ ഫൈസി ഉസ്താദ് തുടങ്ങിയവർ അവിടെ സന്നിഹിതരായിരുന്നു. 'ഇവരൊക്കെയാണ് ദുബൈയിൽ നമ്മുടെ സ്ഥാപനത്തിന്റെ നട്ടെല്ലായി പ്രവർത്തിച്ചവർ' എന്ന മുഖവുരയോടെ ആയിരുന്നു കൊമ്പം ഉസ്താദ് സംസാരം ആരംഭിച്ചത്.
ഹസനിയ വരുന്നതിനുമുമ്പ് ആ നാട്ടിന്റെ ചിത്രം എന്തായിരുന്നു എന്ന് ഒന്നു രണ്ട് ഉദാഹരണങ്ങളിലൂടെ കൊമ്പം ഉസ്താദ് നമുക്ക് വിശദീകരിച്ചു തന്നപ്പോൾ നാമൊക്കെ ആശ്ചര്യപ്പെട്ടു പോയി. ആ പണ്ഡിത കേസരികൾക്കൊപ്പം അൽപ്പ നേരം അവിടെ ചെലവഴിച്ചു. നല്ലൊരു ചായയും, പലഹാരവും കഴിച്ച് പുറത്തിറങ്ങിയ ഞങ്ങൾക്ക് ഓഫീസ് സ്റ്റാഫ് റാശിദ് ഉസ്താദ് ഹസനിയയുടെ കീഴിലുള്ള ഒരു ഡസനോളം സ്ഥാപനങ്ങളെയും, വിവിധ ഓഫ് ക്യാമ്പസുകളെയും പരിചയപ്പെടുത്തിത്തന്നു. ദുബൈയുടെ വിവിധ ഭാഗങ്ങളിൽ മഹാനായ ബാപ്പു ഉസ്താദ് നടന്ന് ചെന്ന് നാണയത്തുട്ടുകൾ ശേഖരിച്ചത് ഇത്രയും വലിയൊരു വിദ്യാഭ്യാസ വിപ്ലവത്തിന് വേണ്ടി ആയിരുന്നു എന്ന് അപ്പോഴാണ് നമുക്ക് ശരിക്കും ബോധ്യപ്പെട്ടത്. ആ മഹാനുഭാവന്റെ സന്ദർശന വേളയിൽ ചെറിയ ചെറിയ ഒത്താശകൾ ചെയ്തു കൊടുക്കാനായത് ജീവിതത്തിലെ വലിയൊരു സാക്ഷാത്കാരമായി ഞങ്ങൾക്ക് അനുഭവപ്പെട്ടു. നാഥൻ അവിടുത്തെ ഖബറിടം പ്രകാശപൂരിതമാക്കട്ടെ - ആമീൻ.
EDSF സംഗമം നിശ്ചയിച്ചത് 11 മണിക്കായതിനാൽ അതിന് മുമ്പ് മഞ്ഞക്കുളം മഖാമും, ടിപ്പു സുൽത്താന്റെ കോട്ടയും സന്ദർശിക്കാമെന്ന തീരുമാനത്തോടെ ഞങ്ങൾ കോർഡോവ സ്കൂളിലെ വിശ്രമ സ്ഥലത്ത് ചെന്ന് കുളിച്ച് ഫ്രഷായി. അല്പസമയത്തിനകം നമുക്ക് യാത്ര ചെയ്യാനുള്ള ട്രാവലർ റെഡിയായി വന്നു. ഹസനിയയിൽ വന്ന് എല്ലാവരും നല്ലൊരു പ്രാതൽ കഴിച്ചു. ശേഷം മഞ്ഞക്കുളം മഖാമിലേക്ക് സിയാറത്തിനായി പുറപ്പെട്ടു. ദുബൈയിൽ ആയിരുന്നപ്പോൾ അവധി വേളകളിൽ നമ്മൾ നടത്തിയ സിയാറത്ത് യാത്രയെ പുനരാവിഷ്ക്കരിക്കുന്ന തരത്തിലായിരുന്നു ആ യാത്ര. യാത്രയിൽ ഗൈഡ് ആയി വന്നത് ഹസനിയ വിദ്യാർത്ഥിയായ ഇബ്രാഹിം ബാദുഷ ആയിരുന്നു. അദ്ദേഹം നമുക്ക് മഞ്ഞക്കുളം മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്ന സയ്യിദ് ഖാജാ ഹുസൈൻ തങ്ങളുടെ ചരിത്രം ഹ്രസ്വമായി പറഞ്ഞു തന്നു. മഖാമിൽ വെച്ച് നമ്മൾ ഹസനിയ സ്ഥാപനത്തിനും, അതിന്റെ സാരഥികൾക്കും, ഉസ്താദുമാർക്കും വിദ്യാർഥികൾക്കും വേണ്ടി ആത്മാർത്ഥമായി ദുആ ചെയ്തു. ശേഷം ടിപ്പു സുൽത്താന്റെ പാലക്കാടൻ കോട്ട സന്ദർശിച്ചു. കോട്ടയുടെ ഗാംഭീര്യവും, അതിനകത്തെ പഴയ കാല സബ് ജയിലും, പോസ്റ്റ് ഓഫീസും, പൊതു വിതരണ കേന്ദ്രവുമൊക്കെ കണ്ട ശേഷം അധികം വൈകാതെ ഹസനിയയിലേക്ക് തിരിച്ചു.
അവിടെ എത്തുമ്പോഴേക്കും മൂന്നാം സംഗമത്തിന്റെ സമയം ഏതാണ്ട് അടുത്തിരുന്നു. സംഗമത്തിനായി ഹസനിയ അധികൃതർ പ്രൗഢമായ വേദിയാണ് ഒരുക്കി വെച്ചിരുന്നത്. അല്പ സമയത്തിനകം വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കൂടി എത്തിച്ചേരാൻ തുടങ്ങി. അബ്ദുൽ ഹകീം സഅദി, മുസ്തഫ ദാരിമി വിളയൂർ, ജമാലുദ്ദീൻ ഫൈസി വീരമംഗലം, കെ ഹബീബുള്ള മൗലവി, സൈനുദ്ദീൻ ചിയ്യൂർ, റഷീദ് അൽ ഖാസിമി, ബഷീർ ഹാജി REC, മജീദ് പേരാമ്പ്ര, മുഹമ്മദ് വളാഞ്ചേരി തുടങ്ങിയവരൊക്കെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
അബ്ദുറശീദ് അൽ ഖാസിമിയുടെ പ്രാർത്ഥനയോടെ EDSF ന്റെ മൂന്നാം സംഗമത്തിന് ഔപചാരിക തുടക്കമായി. ഈ വിനീതന്റെ സ്വാഗത ഭാഷണത്തിനു ശേഷം കെ ഹബീബുള്ള മൗലവിയുടെ അധ്യക്ഷതയിൽ മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി ഉസ്താദ് സംഗമം ഉദ്ഘാടനം ചെയ്തു. മർഹൂം ഇ.കെ ഹസ്സൻ മുസ്‌ലിയാർ, എ ബാപ്പു മുസ്ലിയാർ, ജന്നത്തുൽ ഉലൂം അറബിക് കോളേജ്, പൊട്ടച്ചിറ അൻവരിയ്യ കോളേജ്, കൊമ്പം ഉസ്താദ്, കാന്തപുരം ഉസ്താദിന്റെ മുശാവറ അംഗത്വം, പൂടൂർ സംവാദം, തുടങ്ങിയവയൊക്കെ സ്പർശിച്ച് കൊണ്ടുള്ളതായിരുന്നു ആ പ്രഭാഷണം. (പ്രൗഢമായ ആ പ്രഭാഷണ ശകലങ്ങൾ ഉൾപ്പെടുത്തിയുള്ള എഴുത്ത് നമുക്ക് പിന്നീടാവാം).
ശേഷം സയ്യിദ് ശംസുദ്ദീൻ ബാ അലവി തങ്ങൾ, അബ്ദുൽ ഹകീം സഅദി, മുസ്തഫ ദാരിമി വിളയൂർ, സി.എം.എ ചേരൂർ, ജമാലുദ്ദീൻ ഫൈസി, ഹബീബുള്ള മൗലവി തുടങ്ങി അവിടെ സന്നിഹിതരായ മുഴുവൻ ആളുകളും സംസാരിച്ചു. അന്ന് രാത്രി തന്നെ തൃക്കരിപ്പൂർ അൽ മുജമ്മഉൽ ഇസ്ലാമിയുടെ 33 ആം വാർഷിക മൂന്നാം സനദ് ദാന സമ്മേളനത്തിന്റെ സമാപന പരിപാടിയിൽ ഈ വിനീതനടക്കമുള്ള ചിലർക്ക് സംബന്ധിക്കേണ്ടതുള്ളതിനാൽ വൈകിട്ട് 4:25 ന് ഷൊർണൂരിൽ നിന്നുള്ള നേത്രാവതി എക്സ്പ്രസ്സിനായിരുന്നു ഞങ്ങളെല്ലാം ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ കൃത്യം 2 മണിക്ക് അവസാനിപ്പിക്കണമെന്ന രീതിയിലായിരുന്നു പരിപാടി ഷെഡ്യൂൾ ചെയ്തിരുന്നത്. പരിപാടി ഏതാണ്ട് അന്തിമഘട്ടത്തിൽ എത്തിയപ്പോൾ ബഹുമാനപ്പെട്ട കൊമ്പം മുഹമ്മദ് മുസ്ലിയാർ നമ്മുടെ വേദിയിൽ എത്തിച്ചേർന്നു. അവിടുത്തെ സാന്നിധ്യം നമുക്ക് വലിയ സന്തോഷം നൽകി. അപ്പോഴേക്കും പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിനും നമ്മുടെ വേദിയിലേക്ക് എത്തിച്ചേർന്നു. അൽപ്പ നേരം അദ്ദേഹം നമ്മളുമായി സംവദിച്ചപ്പോൾ അത് നമുക്ക് കിട്ടിയ വലിയ അംഗീകാരമായി അനുഭവപ്പെട്ടു.
ഒടുവിൽ ഹസനിയയുടെ ഓർമ്മകൾ എന്നെന്നേക്കുമായി മനസ്സിൽ കുറിച്ചിടത്തക്ക വണ്ണം സംഗമത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും ഓരോ ഉപഹാരവും നൽകി. ആ കിറ്റിനകത്ത് മനോഹരമായ ഒരു അത്തർ, ഒരു മിസ്'വാക്ക്, ഹസനിയയുടെ സ്നേഹം ഉല്ലേഖനം ചെയ്ത ഒരു മെമെന്റോ, ഏതാനും പുസ്തകങ്ങൾ, കലണ്ടർ തുടങ്ങിയവയായിരുന്നു ഉണ്ടായിരുന്നത്.
കൃത്യം 2 മണിക്ക് പരിപാടി അവസാനിപ്പിച്ച് ഞങ്ങൾ താഴെ ഇറങ്ങിയപ്പോൾ കണ്ടത് ഹസനിയയിലെ കൊച്ചു വിദ്യാർത്ഥികൾ ഒരേ വേഷം ധരിച്ച് മനോഹരമായ പുഷ്പവും കയ്യിൽ പിടിച്ച് നിര നിരയായി നിൽക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചയാണ്. അവർ നമുക്ക് വലിയൊരു 'ഗാർഡ് ഓഫ് ഹോണർ' നൽകിയത് ഏറ്റവും വലിയ സന്തോഷ മുഹൂർത്തമായിരുന്നു. ഹസനിയ അധികൃതർ ഞങ്ങളുടെ സംഘത്തെ എത്രമേൽ പരിഗണിക്കുന്നു എന്നതിന്റെ മകുടോദാഹരണമായിരുന്നു അതൊക്കെ.
ശേഷം രുചികരമായ ഉച്ച ഭക്ഷണവും, നിസ്കാരവും നിർവ്വഹിച്ചു. അപ്പോഴേക്കും ഞങ്ങളെ റെയിൽവേ സ്റ്റേഷനിൽ എത്തിക്കാനായി ഹസനിയയുടെ വാഹനം തയ്യാറാക്കി നിർത്തിയിരുന്നു. പിന്നീട് എല്ലാവരും കൂടി ഞങ്ങൾക്ക് ഊഷ്മളമായ യാത്രയയപ്പ് നൽകി വാഹനത്തിൽ കയറ്റി. ഞങ്ങൾ ഷൊർണൂർ ജംഗ്ഷൻ ലക്ഷ്യമാക്കി നീങ്ങി. അപ്പോൾ നമുക്ക് ഓരോരുത്തർക്കും ഹസനിയ അധികൃതരെ കുറിച്ചും, മാരായമംഗലം ഉസ്താദിന്റെ കരുതലിനെ കുറിച്ചും പറയാൻ നൂറ് നാക്കായിരുന്നു. നിശ്ചിത സമയത്തിലും അൽപ്പം വൈകിയായിരുന്നു ട്രെയിൻ എത്തിയത്. യാത്ര പുറപ്പെട്ടപ്പോഴേക്കും മുസ്തഫ ദാരിമി ഉസ്താദ്, റാശിദ് ഉസ്താദ്, നൂർ മുഹമ്മദ് ഹാജി തുടങ്ങിയവരൊക്കെ യാത്രാ വിവരങ്ങൾ അന്വേഷിച്ച് ഫോൺ വിളിച്ച് കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
ഗൾഫിലായിരിക്കുമ്പോൾ അവധിക്ക് നാട്ടിൽ വരുന്ന പ്രവാസികളെ വിവിധ സംഘടനകളും, സ്ഥാപന മേധാവികളും, പള്ളിക്കമ്മിറ്റികളുമൊക്കെ പ്രത്യേകം ക്ഷണിച്ച് ആദരിക്കുന്ന പതിവുണ്ടെങ്കിലും പ്രവാസത്തോട് വിട പറഞ്ഞ് നാട്ടിലെത്തിയ ഒരു വിഭാഗത്തെ ഇത്ര മേൽ പരിഗണിക്കുകയും ആദരിക്കുകയും ചെയ്യുന്നത് ആദ്യാനുഭവം ആയിരുന്നു. ഇനിയുള്ള കാലങ്ങളിൽ നമ്മുടെ ഓരോരുത്തരുടെയും പ്രാർത്ഥനകളിൽ ഹസനിയക്ക് ഒരിടമുണ്ടാവുമെന്നത് തീർച്ചയാണ്.
ഇത്രയും വലിയ സ്വീകരണ പരിപാടികൾ ഏർപ്പെടുത്തി തന്ന ഹസനിയ അധികൃതർക്കും, മാരായ മംഗലം ഉസ്താദ്, കൊമ്പം ഉസ്താദ്, സിദ്ധീഖ് നിസാമി അൽ ഹസനി ഉസ്താദ്, റാശിദ് ഉസ്താദ്, നൂർ മുഹമ്മദ് ഹാജി, മുനവ്വിർ, ഇബ്രാഹിം ബാദുഷ തുടങ്ങി നമുക്ക് ഒത്താശ ചെയ്ത് തന്ന മുഴുവനാളുകൾക്കും (ചിലരുടെ പേരുകൾ മറന്ന് പോയിട്ടുണ്ട് അവർക്കും) അർഹമായ പ്രതിഫലം നാഥൻ ഇരു വീട്ടിലും നൽകുമാറാകട്ടെ - ആമീൻ. സ്ഥാപനത്തെ ഉത്തരോത്തരം അഭിവൃദ്ധിയിലേക്ക് അല്ലാഹു ഉയർത്തുമാറാകട്ടെ - ആമീൻ.
മഹാനായ ബാപ്പു ഉസ്താദിന്റെ പേരിൽ സ്ഥാപിക്കുന്ന 'ഹിഫ്ളുൽ ഖുർആൻ & ഖുർആൻ റിസർച്ച് സെൻറർ' ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്ഥാപനമായി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ നാഥൻ തൗഫീഖ് നൽകുമാറാകട്ടെ ആമീൻ എന്ന പ്രാർത്ഥനയോടെ.
(പ്രവാസ ഭൂമിയിൽ വെച്ച് എഴുതാനും, പറയാനും, പ്രവർത്തിക്കാനും എല്ലായ്പ്പോഴും പ്രചോദനവും പ്രോത്സാഹനവും നൽകുകയും, കുറ്റമറ്റ സംഘാടനം എങ്ങിനെ ആയിരിക്കണമെന്ന് എന്നെ പഠിപ്പിക്കുകയും ചെയ്ത അഭിവന്ദ്യ ഗുരു മാരായമംഗലം ഉസ്താദിന്റെ വ്യക്തി പ്രഭാവത്തിന് മുന്നിൽ ഏറെ ബഹുമാനാദരവുകൾ സമർപ്പിച്ച് കൊണ്ട്)....
സസ്നേഹം:
ടി.സി ഇസ്മാഈൽ ഉദിനൂർ