The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2025 ഫെബ്രുവരി 26, ബുധനാഴ്‌ച

സുൽത്താനുൽ ഉലമയുടെ സാന്നിദ്ധ്യം: എട്ടാം സംഗമ സിയാറത്ത് യാത്ര വർണ്ണശഭളമായി

 


ദർസ് ജീവിതത്തിലെ നാലു പതിറ്റാണ്ട് പഴക്കം ചെന്ന പഠനകാല സൗഹൃദം സോഷ്യൽ മീഡിയാ സംവിധാനത്തിലൂടെ വിളക്കിച്ചേർത്ത അഞ്ചാം വർഷത്തിനിടയിലെ ജംഇയ്യത്തുൽ റശാദിയ വാട്സാപ്പ് ഗ്രൂപ്പിൻ്റെ എട്ടാംസംഗമസിയാറത്ത് യാത്ര റഈസുൽ ഉലമ, സുൽത്താനുൽ ഉലമ മഹത്തുക്കളുടെ മഹനീയ സാന്നിദ്ധ്യംകൊണ്ട് ഹൃദ്യവും വർണശഭളവുമായി. 2025ഫെബ്രുവരി അഞ്ചാം തിയതി അസർ നിസ്കാരാനന്തരം ശൈഖുനാ മുർശിദുൽ ഉലമ പി.കെ പി ഉസ്താദിൻ്റെ മഖ്ബറ സിയാറത്തോടെ പ്രയാണമാരംഭിച്ചയാത്ര കുഞ്ഞിപ്പള്ളിയിൽ മറപെട്ടു കിടക്കുന്ന മഹത്തുക്കളെയും സന്ദർശിച്ചു, മഹനീയ നേതൃത്വം സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തിൽ ജംഇയ്യത്തുൽറശാദിയയുടെ പണ്ഡിത നേതൃത്വം ബഹു: മൻസൂർ മരക്കാർ ഫൈസിയുടെ വീട്ടിലെത്തി.






ബുധൻ രാത്രി പത്ത് മണിയോടെ മരക്കാർ ഉസ്താദിൻ്റെ വീട്ടിലെത്തിയ ഈ മുപ്പതംഗ സംഘത്തെ ഉൽസവ പ്രതീതിയോടെയാണ് പണ്ഡിത ശ്രേഷ്ഠരായ മക്കളും വീട്ടുകാരും സ്വീകരിച്ചത്. പരവതാനി വിരിച്ച വീട്ടുപരിസരവുംഅലങ്കരിച്ച  കസേരകളും പലവിധ രുചികര വിഭവ സമൃദ്ധ ഭക്ഷണവും കൊണ്ട് ഞങ്ങളെ സ്നേഹത്തിൽ  വീർപ്പുമുട്ടിക്കുകയായിരുന്നു ഉസ്താദിൻ്റെ വീട്ടുകാർ. വിഭവ വിശേഷണങ്ങളിലും വൈവിധ്യത്തിലും പ്രശസ്തിയാർജിച്ച കണ്ണൂരിനെയും കാസർകോടിനെയും പിന്നിലാക്കിയാണ് പൊലിമ പറഞ്ഞു തീർക്കാനാകാത്ത മീൻ ബിരിയാണിയും പൊരിച്ച കാടയും തീൻമേശയിൽ തിമർത്താടി കോഴിക്കോട് മുന്നിലെത്തിയത്.


മാത്സര്യ ബുദ്ധിയോടെയും മന സംതൃപതിയോടെയുമുള്ള സുഭിക്ഷ ഭക്ഷണശേഷം രാത്രി ഏകദേശം പതിനൊന്നോടെ ഞങ്ങൾ ശൈഖുനാ മടവൂർ മഖാമിലേക്ക് നീങ്ങി.

രാത്രിയുടെ അന്ത്യയാമത്തിൽ ആവലാതികളും വേവലാതികളും ദുൻയവി യും ഉഖ്റവിയുമായ സ്വന്ത ബന്ധത്തിൻ്റെയും ദുആവ സ്വിയത്ത് ചെയ്തവരുടെയും എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞുകൊണ്ട് ആ സവിധത്തിൽ തങ്ങൾ നടത്തിയ നീണ്ട പ്രാർത്ഥന  

കാലങ്ങളോളം മനസ്സിൽ തളം കെട്ടിനിന്ന അസ്വസ്ഥതയുടെ നീണ്ട ഭാരം ഇറങ്ങി ഇല്ലാതായ പ്രതീതിയുണ്ടാക്കി.



കലങ്ങിയ കണ്ണും തെളിഞ്ഞ മനസ്സുമായി ഞങ്ങൾ തിരികെ ഉസ്താദിൻ്റെ വീട്ടിലെത്തുമ്പോൾ ചെറുതും വലുതുമായ ശീതീകരിച്ച റൂമുകളടങ്ങിയ വീടുകൾ തന്നെ ഞങ്ങൾക്ക് വേണ്ടി തയ്യാറായി കാത്ത് കിടക്കുകയായിരുന്നു.

പകലിൻ്റെ യാത്രയും രുചികരമായ ഭക്ഷണ വിഭവങ്ങളാൽ പരമാവധി നിറഞ്ഞ ഉദരവും പരിക്ഷീണിതരാക്കിയപലർക്കും തല ചായ്ക്കാൻ ഒരിടം മതിയായിരുന്നെങ്കിലും പരമാവധി സൗകര്യം തന്നെ ഒരുക്കിയ ശയന സൗകുമാരിക മുറികൾ വിരിപ്പിലേക്കെത്തേണ്ട താമസം രാഗത്തിലും, ഈണത്തിലും താളത്തിലും ആഞ്ഞു വലിച്ചു വിട്ടു കൊണ്ടിരുന്ന ഞാനടക്കമുള്ള പലരുടെയും കൂർക്കം വലികളെ അവഗണിച്ചു നിദ്രാവലംബികളാക്കി.

സുബ്ഹി ജമാഅത്തിന് തന്നെ കോഴിക്കോട് സുന്നിമർക്കസിലെത്തേണ്ടതിനാൽ പുലർച്ചെ മൂന്നരുതൽ ഓരോരുത്തരും കുളി, പ്രാതമിക കർമ്മങ്ങൾ പൂർത്തിയാക്കി യാത്രക്കൊരുങ്ങുമ്പോൾ ബെഡ് കോഫി എന്ന ഓമനപ്പേരിൽ മലയാളി കൾക്കിടയിൽ പ്രസിദ്ധമായചായ,കാട മുട്ട മധുര പലഹാരങ്ങളുടെ  അകമ്പടിയോടെ തീൻമേശയിൽ നിരന്നു അങ്ങിനെ സ്നേഹ സൽകാരത്തിനും സംതൃപ്തികരമായ താമസത്തിനും ശേഷം ഭക്തിനിർഭരമായ പ്രാത്ഥാനയോടെ ഗൃഹനാഥനും നമ്മടെ കൂട്ടായ്മയുടെ തേരാളിയുമായ മൻസൂർ മരക്കാർ ഉസ്താദിൻ്റെ അകമ്പടിയോടെ മർക്കസിലേക്ക് നീങ്ങി.

രാപ്പലുകൾ വ്യത്യാസമന്യേ സദാ ഉണർന്നിരിക്കുന്ന കോഴിക്കോട് നഗരം അതികം തിരക്കുപിടിക്കും മുമ്പേ സുബ്ഹി ജമാഅത്തിന് ഞങ്ങളെയും വഹിച്ചുകൊണ്ടുള്ള വാഹനം അനവധി ചരിത്ര സംഭവങ്ങൾക്കും സുന്നി നവജാഗരണത്തിനും സാക്ഷ്യം വഹിച്ചമർക്കസ് പരിസരത്തെത്തുമ്പോൾ യാത്രാരംഭത്തിൽ അനുഗമിക്കാൻ ആവാത്ത സി വി അഹ്മദ് അൽ ഖാസിമി,മാവൂർ മുഹമ്മദ് ദാരിമി അബ്ദുല്ല ദാരിമിമാരും ഞങ്ങളെ സ്വീകരിക്കാനെത്തിയിരുന്നു നിസ്കാരവും പതിവു തെറ്റാതെ നോക്കുന്ന ചെറിയ അദ്കാറുകളൊക്കെ കഴിഞ്ഞപ്പോൾ ആഴ്ചകൾക്ക് മുമ്പേ  അപ്പോയ്മെൻ്റെടുത്ത ആ അസുലഭ സുന്ദരമുഹൂർത്തത്തിന് സമയമായി രാജ്യാന്തര പ്രതിനിധികളും രാഷ്ട്ര ഭരണാധികളും ഒരു നേരത്തെ കൂടിക്കാഴ്ചക്കു അവസരം കാത്തു നിൽക്കുന്ന ലോകത്തിലെ എണ്ണപ്പെട്ട ഒരു മഹാമനീഷിയുടെ സവിധത്തിലേക്കാണ് നമുക്കവസരം കൈവന്നതെന്നോർത്തപ്പോൾ ഇതിന്നവസരം ഒരുക്കിത്തന്ന നമ്മുടെ ഗ്രൂപ്പിൻ്റെ അഭിമാനം മർസൂഖ് സഅദിയെ പ്രാത്ഥാനകൊണ്ട് പ്രശംസിക്കാതിരിക്കാനായില്ല ഈ ഒരസുലഭ സൗഭാഗ്യ മുഹൂർത്തിന് വഴി ഒരുങ്ങിയത് മർസൂഖ് സഅദിയുടെ ശൈഖുനയുമാള്ള അടുപ്പമല്ലാതെ മറ്റൊന്നുമല്ലെന്ന് സ്പഷ്ഠം അങ്ങിനെ അതികം വൈകാതെ ഏകദേശം രാവിലെ 6:30ന് ശൈഖുനാ ഇരിക്കുന്ന വിശാലമായ ഹാളിലേക് ഞങ്ങളെ ക്ഷണിക്കപ്പെട്ടു പ്രാഥമിക വിവരാന്വേഷണശേഷം ഞങ്ങൾശൈഖുനാ പി കെ പി ഉസ്താദിൻ്റെ ശിഷ്യൻമാരെന്നും ജംഇയ്യത്തു റശാദിയ എന്ന പേരിൽ വാട്സാപ് ഗ്രൂപ്പ് ഉണ്ടെന്നും പറഞ്ഞപ്പോൾ നല്ല പേരാണെന്ന് ശൈഖുനാ ഗുഡ് സർട്ടിഫി നൽകിയത് നല്ലൊരംഗീകാരമായി ഇവിടെ സ്മരിക്കട്ടെ ഞങ്ങൾക്ക് "അവിട "ന്ന് ഹദീസ് കേൾക്കണമെന്നും അതിൻ്റെ ഇജാസത്തും വേണമെന്നും നമ്മുടെ നേതൃത്വം ആററ തോയതങ്ങൾ ആവശ്യപ്പെട്ടപ്പോൾ ആറ് പതിറ്റാണ്ടുകളായി അനേ കായിരങ്ങൾക്ക് ഹദീസ് പറഞ്ഞു കൊടുക്കൽ തപസ്യയായി ഏറ്റെടുത്ത സുൽതാനുൽ ഉലമ ഒരു തലക്കനവുമില്ലാതെ ഓരോന്നോരോന്നായി സനദും സാഹചര്യവും വിവരിക്കുകയായി പിന്നീടങ്ങോട്ട് നടന്നത് തികച്ചും ആവേശകരവും വിവരണാതീത സംവാദ സമാന രംഗവുമാണ് പഠന കാലത്ത് തന്നെ ചോദ്യത്തിന് മറുചോദ്യവും സംശയങ്ങളും കൊണ്ട് മുടിനാരിഴകീറി പഠനരംഗം പ്രോജ്വലമാക്കിപതിവുള്ളതങ്ങൾ ഇവിടെയും അതിൻ്റെ തനിയാവർത്തനമാക്കിയത് പഠനവിഷയം പരമാവധി ചൂഴ്ന്നെടുക്കാൻ സാഹചര്യമുണ്ടാക്കി.



കേവലം ഒരു പാക്കഞ്ഞി രൂപേണ ചൊല്ലിപ്പറഞ്ഞു പിരിയേണ്ടിയിരുന്ന പഠന ക്ലാസ് ആദ്യാന്ത്യം ആവേശവും ജിജ്ഞാസയും നിലനിർത്തി ആകുന്നതത്രയും ആ അ അറിവിൻ്റെ അക്ഷര ഖനിയിൽ നിന്ന് ആവാഹിച്ചെടുക്കാൻ അവസരമുണ്ടാക്കിയത് നമ്മുടെ ബഹു: തങ്ങളുടെ അവസരങ്ങൾ മുതലെടുത്തു കൊണ്ടുള്ള അതിശയകരമായ ഇടപെടൽ തന്നെയാണ്. കൊച്ചു കുട്ടിയെപ്പോലെ ആവശ്യമായത് തങ്ങൾ ആവർത്തിച്ചാവശ്യപ്പെടുന്നതും സ്വന്തമാക്കുന്നതിൽ വാശി പിടിക്കുന്നതുമായ രംഗം ശൈഖുനയെയും സദസ്സിനെയും ചിരിപ്പിക്കുന്ന അവസരമുണ്ടാക്കിയത് ഹദീസ് "മഹബ്ബ "വിവരിക്കുമ്പോഴാണ്

ഈ ഹദീസ് ചൊല്ലുമ്പോൾ സഹാബാ കിറാം ഈത്തപ്പഴം നൽകാറുണ്ടല്ലൊ അതെവിടെ എന്നാണ് തങ്ങളുടെ ചോദ്യം തങ്ങൾക്ക് ഈത്തപ്പഴമോ ഹദീസോ വേണ്ടതെന്ന ഉസ്താദിൻ്റെ മറുചോദ്യത്തിന് രണ്ടും വേണമെന്നായി തങ്ങൾ ഈ തങ്ങൾ വിടുന്ന മട്ടില്ലല്ലൊ എന്ന് സരസമായി തുറന്നടിച്ചു കൊണ്ട് ശൈഖുനാ ഈത്തപ്പഴം എത്തിക്കാനാവശ്യപ്പെടുന്നു ഓരോരുത്തർക്കും ഓരോന്നും വീതവും തങ്ങളവർകൾക്കു രണ്ടെണ്ണവും ഉസ്താദ് നൽകുന്നു ഒറ്റയാക്കലല്ലെ സുന്നത്ത് എനിക്ക് ഒന്ന് കൂടിവേണം അത് മാത്രം പോര ശൈഖുനാ തന്നെ എൻ്റെ വായിലിട്ടുതരണം അതിലും തങ്ങൾക്കു് നിർബന്ധം മാശാ അല്ലാഹ് ഹൃദ സ്പൃക്കായ ആനന്ദത്തിൻ്റെ ബാഷ്പകിരണങ്ങൾ ഉതിർന്ന ഒരത്യപൂർവ്വ വേദിയാകുകയായിരുന്നു ശൈഖുനായുടെ ചരത്തെ ആ പഠന വേദി...






2025 ജനുവരി 29, ബുധനാഴ്‌ച

ഹസനിയയുടെ മടിത്തട്ടിലെ അവിസ്മരണീയ സംഗമം

 

പ്രവാസത്തോട് വിട പറഞ്ഞ് നാട്ടിലെത്തിയ ദുബൈയിലെ പഴയകാല എസ്.വൈ.എസ്, ഐ.സി.എഫ് പ്രവർത്തകരുടെ കൂട്ടായ്മയായ എക്സ് ദുബൈ സുന്നി ഫോറം (EDSF) ന്റെ മൂന്നാം സംഗമം പാലക്കാട് ജാമിഅ: ഹസനിയയിൽ വെച്ച് ജനുവരി 25ന് ചേരുകയുണ്ടായി. കേരളത്തിലുടനീളമുള്ള EDSF പ്രതിനിധികൾ സംബന്ധിച്ച പ്രസ്തുത സംഗമം മറക്കാനാവാത്ത ഒട്ടേറെ അനുഭൂതികൾ സമ്മാനിച്ചു കൊണ്ടാണ് പിരിഞ്ഞത്.

മുൻ നിശ്ചയ പ്രകാരം 24 വെള്ളിയാഴ്ച്ച 2.30 ന് കാസർഗോഡ് റെയിൽവെ സ്റ്റേഷനിൽ നിന്നും CMA ചേരൂർ, DA മുഹമ്മദ്, ബശീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈ മെയിലിൽ കയറി ഒറ്റപ്പാലം ലക്ഷ്യമാക്കി പുറപ്പെട്ടു. മൂന്നര മണിയോടെ പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ഈ വിനീതനും അവരോടൊപ്പം കൂടി. പഴയങ്ങാടിയിൽ നിന്നും സത്താർക്ക, മഹമൂദ്ക്ക, മൂസ ഹാജി, അഷ്റഫ് തുടങ്ങിയവരും കണ്ണൂരിൽ നിന്ന് മുത്തുക്കോയ തങ്ങൾ, ഫാറൂഖ്, ജബ്ബാർ, ശൗക്കത്ത് അലി തുടങ്ങിയവരും തലശ്ശേരിയിൽ നിന്ന് നാസർ കൂരാറയും സംഘത്തെ അനുഗമിച്ചു.

രാത്രി 8 മണിയോടെ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഞങ്ങൾ ഇറങ്ങിയപ്പോഴേക്കും വിവരങ്ങൾ അന്വേഷിച്ചുകൊണ്ട് ഹസനിയയിൽ നിന്നും മാരായമംഗലം ഉസ്താദിന്റെ ദൂതനായ ദഅവ വിദ്യാർത്ഥി മുനവ്വിറിന്റെ ആദ്യ ഫോൺ കോൾ ലഭിച്ചു. ബസ്സ് മാർഗ്ഗം ഹസനിയയിലേക്ക് എത്തേണ്ട കൃത്യമായ ഡയറക്ഷൻ മുനവ്വിർ ഞങ്ങൾക്ക് പറഞ്ഞ് തന്നു. അപ്രകാരം ഒറ്റപ്പാലം ബസ്സ് സ്റ്റാൻഡിൽ നിന്നും പാലക്കാട് പോകുന്ന ബസ്സിൽ  കയറി കല്ലേക്കാട് ലക്ഷ്യമാക്കി ഞങ്ങൾ പുറപ്പെട്ടു. അല്പം കഴിഞ്ഞപ്പോഴേക്കും ഹസനിയയിലെ ഓഫീസ് സ്റ്റാഫായ റാശിദ് ഉസ്താദിൻറെ കോൾ ലഭിച്ചു. ഇറങ്ങേണ്ട കൃത്യമായ പോയിൻറ് പറഞ്ഞുതരികയും അവിടെ എത്തിയാൽ വിളിക്കണം എന്ന നിർദ്ദേശവും ലഭിച്ചു.

ബസ് ഡ്രൈവർ കൃത്യമായി ഹസനിയയുടെ ഗേറ്റിന് മുന്നിൽ തന്നെ ഞങ്ങളെ ഇറക്കി. ഞങ്ങളുടെ കോൾ ലഭിക്കേണ്ട താമസം മുനവ്വിറും, റാശിദ് ഉസ്താദും, മറ്റ് ഉസ്താദുമാരും ചേർന്ന് ഗേറ്റിന് മുന്നിൽ വെച്ച് തന്നെ നമുക്ക് ഉജ്ജ്വലമായൊരു വരവേൽപ്പ് നൽകി. ശേഷം 'I 🩷 HASANIYYA' എന്ന മനോഹരമായ ബോർഡിന് മുന്നിൽ വെച്ച് ഒരു ഫോട്ടോ ഷൂട്ട് നടത്തി. പ്രസ്തുത ബോർഡ് കണ്ടപ്പോൾ തന്നെ വിലയിരുത്തിയിരുന്നു ഹസനിയയുടെ സമ്മേളനം തീർത്തും ഹൈ ടെക് ആണെന്ന്. തികച്ചും ആധുനിക ഡിജിറ്റൽ കാലഘട്ടത്തോട് അനുയോജ്യമായ സംവിധാനങ്ങളാണ് പിന്നീട് നഗരിയിൽ ഓരോയിടത്തും കണ്ടത്. ഹസനിയയുടെ പ്രവിശാലമായ കാമ്പസ് ഒറ്റ നോട്ടത്തിൽ കണ്ടപ്പോൾ തന്നെ നമ്മുടെ കണക്ക് കൂട്ടലുകൾക്കൊക്കെ എത്രയോ അപ്പുറമാണ് ഈ സ്ഥാപനമെന്ന് ബോധ്യപ്പെട്ടു.


തൽസമയം ഹസനിയുടെ ആത്മീയ മജിലിസ് നടക്കുകയായിരുന്നു. വേദിയിൽ സജീവ സാന്നിധ്യമായി നില കൊണ്ടിരിക്കുന്ന ഹസനിയ സാരഥിയും ഞങ്ങളുടെ ആഥിതേയനുയ മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി ഉസ്താദിനെ ആ സമയത്ത് ബുദ്ധിമുട്ടിക്കരുത് എന്ന നിശ്ചയത്തോടെ റാശിദ് ഉസ്താദും സംഘവും ഞങ്ങളെ നേരെ കൊണ്ട് പോയത് ഭക്ഷണപ്പന്തലിലേക്കായിരുന്നു. സുഭിക്ഷമായ ഭക്ഷണങ്ങളൊരുക്കി ഞങ്ങളെ സൽക്കരിക്കാൻ ഓരോരുത്തരും പരസ്പരം മത്സരിക്കുകയായിരുന്നു. കേവലം നാട്യങ്ങളല്ല മറിച്ച് മനസ്സറിഞ്ഞ് കൊണ്ടുള്ള ഒരു സൽക്കാരം തന്നെയായിരുന്നു അതെന്ന് നമുക്ക് ബോധ്യപ്പെട്ട നിമിഷമായിരുന്നു അത്.


വയറും മനസ്സും നിറഞ്ഞു കഴിഞ്ഞപ്പോൾ ഹസനിയ സെക്രട്ടറി ബഹു: സിദ്ധീഖ് നിസാമി അൽ ഹസനി ഉസ്താദിന്റെയും, റാശിദ് ഉസ്താദിന്റെയും നേതൃത്വത്തിൽ ഞങ്ങളെ ഏറെ ബഹുമാനാദരവുകളോടെ ആത്മീയ മജ്ലിസിന്റെ വേദിയിലേക്ക് ആനയിക്കപ്പെട്ടു. 

അപ്പോൾ വേദിയിൽ സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടിയുടെ നേതൃത്വത്തിൽ മഹ്ളറത്തുൽ ബദരിയ നടക്കുകയായിരുന്നു. ശേഷം മുത്തനൂർ തങ്ങളുടെ ഭക്തി നിർഭരമായ പ്രാർത്ഥനയിലും സംബന്ധിച്ച് ഞങ്ങൾ സായൂജ്യമടഞ്ഞു.

ആത്മീയ മജ്‌ലിസിന് ശേഷം നേരെ ഹസനിയ മസ്ജിദിൽ വെച്ച് നിസ്കാരം നിർവഹിച്ചു. പിന്നീട് മാരായമംഗലം ഉസ്താദിൻറെ ഓഫീസിലെത്തി. പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു ആ കൂടിക്കാഴ്ച്ചയിൽ മാരാമംഗലം ഉസ്താദിനും അതിലുപരി ഞങ്ങൾക്കും ഉണ്ടായിരുന്നത്.  കരിമ്പനകളുടെ നാടായ പാലക്കാടിന്റെ മണ്ണിനെയും, മനസ്സിനെയും കുറിച്ചും സ്ഥാപനത്തെ സംബന്ധിച്ചുമൊക്കെ അൽപ്പനേരം മാരായമംഗലം ഉസ്താദ് ഞങ്ങളോട് സംസാരിച്ചു. ബാപ്പു ഉസ്താദിന്റെ ദുബൈ യാത്ര ഇത്തരമൊരു വലിയ ദൗത്യത്തിന് വേണ്ടിയായിരുന്നോ? എന്ന് ഞങ്ങളോരോരുത്തരും ആശ്ചര്യപ്പെട്ടു പോയ നിമിഷങ്ങളായിരുന്നു അത്.


ആ കൂടിക്കാഴ്ച്ചക്ക് ശേഷം ഞങ്ങൾക്കായി തയ്യാറാക്കിയ താമസ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോയി. ഹസനിയയുടെ കീഴിലുള്ള ഏറ്റവും മനോഹര സ്ഥാപനമായ കൊർഡോവ ഇൻറർനാഷണൽ സ്കൂളിലായിരുന്നു ഞങ്ങൾക്കുള്ള താമസ സൗകര്യം ഒരുക്കിയിരുന്നത്. സ്കൂൾ മാനേജർ നൂർ മുഹമ്മദ് ഹാജിയും മറ്റ് സ്റ്റാഫുകളും നമ്മെയും കാത്ത് അവിടെയുണ്ടായിരുന്നു. അവിടെ ഓരോരുത്തർക്കും പ്രത്യേകമായ ബെഡുകൾ തയ്യാറാക്കിയിരുന്നു. വിശാലമായ ബാത്റൂം സൗകര്യവും അവിടെ ഉണ്ടായിരുന്നു. പാലക്കാടൻ മല നിരകളെ തഴുകി വരുന്ന മനോഹരമായ മന്ദ മാരുതനിൽ ഞങ്ങളെല്ലാവരും സുഖനിദ്ര പുൽകി. സുബഹിക്ക് വളരെ മുമ്പ് തന്നെ എല്ലാവരും ഉന്മേഷവാന്മാരായി ഉണർന്നു. പ്രാഥമിക കർമ്മങ്ങളും, സുന്നത്ത് നിസ്കാരവുമൊക്കെ കഴിഞ്ഞപ്പോഴേക്കും ഹസനിയ പള്ളി മിനാരത്തിൽ നിന്നും അതി മനോഹരമായ ബാങ്കൊലി ഒഴുകി വന്നു. എല്ലാവരും പള്ളിയിലെത്തി സുബഹി നിസ്കാരത്തിൽ പങ്ക് കൊണ്ടു. ചെറുപ്പക്കാരനായ ഒരു ഇമാമിന്റെ അതി മനോഹരമായ ഖുർആൻ പാരായണത്തോടെയുള്ള ആ നിസ്കാരം വല്ലാത്തൊരു അനുഭൂതിയായിരുന്നു. 'മാശാ അല്ലാഹ് !!' എന്തൊരു മനോഹരമായ ഖിറാഅത്ത് ! ഓത്ത് കേട്ടാൽ അതൊരു മലയാളിയാണെന്ന് ആരും പറയില്ല. ഹസനിയ സ്ഥാപനത്തിൽ നിന്ന് ഹിഫ്ള് പഠനം പൂർത്തിയാക്കി അവിടുത്തെ ദഅവ കോളേജിൽ നിന്നും അൽ ഹസനി ബിരുദവും നേടിയ ഒരു വിദ്യാർത്ഥിയാണ് ആ ചെറുപ്പക്കാരൻ എന്നും, അത്

ബർ ദുബൈ എസ്.വൈ.എസ് മദ്രസയിലെ മുൻ മുഅല്ലിമും EDSF അംഗവുമായ കെ ഹബീബുള്ള മൗലവിയുടെ പൊന്നോമന പുത്രനുമായ ഹാഫിസ് ഫർഹാൻ അൽ ഹസനി ആയിരുന്നു എന്നും പിന്നീട് മാരായമംഗലം ഉസ്താദ് വ്യക്തമാക്കിത്തന്നപ്പോൾ ഞങ്ങൾക്കൊക്കെ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.

സുബഹി നിസ്കാര ശേഷം ഞങ്ങളെ ഹസനിയയുടെ കേന്ദ്ര ഓഫീസിലേക്ക് ആനയിക്കപ്പെട്ടു. വന്ദ്യരായ കൊമ്പം മുഹമ്മദ് മുസ്‌ലിയാർ, മാരാമംഗലം അബ്ദുറഹ്മാൻ ഫൈസി ഉസ്താദ് തുടങ്ങിയവർ അവിടെ സന്നിഹിതരായിരുന്നു. 'ഇവരൊക്കെയാണ് ദുബൈയിൽ നമ്മുടെ സ്ഥാപനത്തിന്റെ നട്ടെല്ലായി പ്രവർത്തിച്ചവർ' എന്ന മുഖവുരയോടെ ആയിരുന്നു കൊമ്പം ഉസ്താദ് സംസാരം ആരംഭിച്ചത്.


ഹസനിയ വരുന്നതിനുമുമ്പ് ആ നാട്ടിന്റെ ചിത്രം എന്തായിരുന്നു എന്ന് ഒന്നു രണ്ട് ഉദാഹരണങ്ങളിലൂടെ കൊമ്പം ഉസ്താദ് നമുക്ക് വിശദീകരിച്ചു തന്നപ്പോൾ നാമൊക്കെ ആശ്ചര്യപ്പെട്ടു പോയി. ആ പണ്ഡിത കേസരികൾക്കൊപ്പം അൽപ്പ നേരം അവിടെ ചെലവഴിച്ചു. നല്ലൊരു ചായയും, പലഹാരവും കഴിച്ച് പുറത്തിറങ്ങിയ ഞങ്ങൾക്ക് ഓഫീസ് സ്റ്റാഫ് റാശിദ് ഉസ്താദ് ഹസനിയയുടെ കീഴിലുള്ള ഒരു ഡസനോളം സ്ഥാപനങ്ങളെയും, വിവിധ ഓഫ് ക്യാമ്പസുകളെയും പരിചയപ്പെടുത്തിത്തന്നു. ദുബൈയുടെ വിവിധ ഭാഗങ്ങളിൽ മഹാനായ ബാപ്പു ഉസ്താദ് നടന്ന് ചെന്ന് നാണയത്തുട്ടുകൾ ശേഖരിച്ചത് ഇത്രയും വലിയൊരു വിദ്യാഭ്യാസ വിപ്ലവത്തിന് വേണ്ടി ആയിരുന്നു എന്ന് അപ്പോഴാണ് നമുക്ക് ശരിക്കും ബോധ്യപ്പെട്ടത്. ആ മഹാനുഭാവന്റെ സന്ദർശന വേളയിൽ ചെറിയ ചെറിയ ഒത്താശകൾ ചെയ്തു കൊടുക്കാനായത് ജീവിതത്തിലെ വലിയൊരു സാക്ഷാത്കാരമായി ഞങ്ങൾക്ക് അനുഭവപ്പെട്ടു. നാഥൻ അവിടുത്തെ ഖബറിടം പ്രകാശപൂരിതമാക്കട്ടെ - ആമീൻ.

EDSF സംഗമം നിശ്ചയിച്ചത് 11 മണിക്കായതിനാൽ അതിന് മുമ്പ് മഞ്ഞക്കുളം മഖാമും, ടിപ്പു സുൽത്താന്റെ കോട്ടയും സന്ദർശിക്കാമെന്ന തീരുമാനത്തോടെ ഞങ്ങൾ കോർഡോവ സ്കൂളിലെ വിശ്രമ സ്ഥലത്ത് ചെന്ന് കുളിച്ച് ഫ്രഷായി.  അല്പസമയത്തിനകം നമുക്ക് യാത്ര ചെയ്യാനുള്ള ട്രാവലർ റെഡിയായി വന്നു. ഹസനിയയിൽ വന്ന് എല്ലാവരും നല്ലൊരു പ്രാതൽ കഴിച്ചു. ശേഷം മഞ്ഞക്കുളം മഖാമിലേക്ക് സിയാറത്തിനായി പുറപ്പെട്ടു. ദുബൈയിൽ ആയിരുന്നപ്പോൾ അവധി വേളകളിൽ നമ്മൾ നടത്തിയ സിയാറത്ത് യാത്രയെ പുനരാവിഷ്ക്കരിക്കുന്ന തരത്തിലായിരുന്നു ആ യാത്ര. യാത്രയിൽ ഗൈഡ് ആയി വന്നത് ഹസനിയ വിദ്യാർത്ഥിയായ ഇബ്രാഹിം ബാദുഷ ആയിരുന്നു. അദ്ദേഹം നമുക്ക് മഞ്ഞക്കുളം മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്ന സയ്യിദ് ഖാജാ ഹുസൈൻ തങ്ങളുടെ ചരിത്രം ഹ്രസ്വമായി പറഞ്ഞു തന്നു. മഖാമിൽ വെച്ച് നമ്മൾ ഹസനിയ സ്ഥാപനത്തിനും, അതിന്റെ സാരഥികൾക്കും, ഉസ്താദുമാർക്കും വിദ്യാർഥികൾക്കും വേണ്ടി ആത്മാർത്ഥമായി ദുആ ചെയ്തു. ശേഷം ടിപ്പു സുൽത്താന്റെ പാലക്കാടൻ കോട്ട സന്ദർശിച്ചു. കോട്ടയുടെ ഗാംഭീര്യവും, അതിനകത്തെ പഴയ കാല സബ് ജയിലും, പോസ്റ്റ് ഓഫീസും, പൊതു വിതരണ കേന്ദ്രവുമൊക്കെ കണ്ട ശേഷം അധികം വൈകാതെ ഹസനിയയിലേക്ക് തിരിച്ചു. 



അവിടെ എത്തുമ്പോഴേക്കും മൂന്നാം സംഗമത്തിന്റെ സമയം ഏതാണ്ട് അടുത്തിരുന്നു. സംഗമത്തിനായി ഹസനിയ അധികൃതർ പ്രൗഢമായ വേദിയാണ് ഒരുക്കി വെച്ചിരുന്നത്. അല്പ സമയത്തിനകം വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കൂടി എത്തിച്ചേരാൻ തുടങ്ങി. അബ്ദുൽ ഹകീം സഅദി, മുസ്തഫ ദാരിമി വിളയൂർ, ജമാലുദ്ദീൻ ഫൈസി വീരമംഗലം, കെ ഹബീബുള്ള മൗലവി, സൈനുദ്ദീൻ ചിയ്യൂർ, റഷീദ് അൽ ഖാസിമി, ബഷീർ ഹാജി REC, മജീദ് പേരാമ്പ്ര, മുഹമ്മദ് വളാഞ്ചേരി തുടങ്ങിയവരൊക്കെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.


അബ്ദുറശീദ് അൽ ഖാസിമിയുടെ പ്രാർത്ഥനയോടെ EDSF ന്റെ മൂന്നാം സംഗമത്തിന് ഔപചാരിക തുടക്കമായി. ഈ വിനീതന്റെ സ്വാഗത ഭാഷണത്തിനു ശേഷം കെ ഹബീബുള്ള മൗലവിയുടെ അധ്യക്ഷതയിൽ മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി ഉസ്താദ് സംഗമം ഉദ്ഘാടനം ചെയ്തു. മർഹൂം ഇ.കെ ഹസ്സൻ മുസ്‌ലിയാർ, എ ബാപ്പു മുസ്ലിയാർ, ജന്നത്തുൽ ഉലൂം അറബിക് കോളേജ്, പൊട്ടച്ചിറ അൻവരിയ്യ കോളേജ്, കൊമ്പം ഉസ്താദ്, കാന്തപുരം ഉസ്താദിന്റെ മുശാവറ അംഗത്വം, പൂടൂർ സംവാദം, തുടങ്ങിയവയൊക്കെ സ്പർശിച്ച് കൊണ്ടുള്ളതായിരുന്നു ആ പ്രഭാഷണം. (പ്രൗഢമായ ആ പ്രഭാഷണ ശകലങ്ങൾ ഉൾപ്പെടുത്തിയുള്ള എഴുത്ത് നമുക്ക് പിന്നീടാവാം). 


ശേഷം സയ്യിദ് ശംസുദ്ദീൻ ബാ അലവി തങ്ങൾ, അബ്ദുൽ ഹകീം സഅദി, മുസ്തഫ ദാരിമി വിളയൂർ, സി.എം.എ ചേരൂർ,  ജമാലുദ്ദീൻ ഫൈസി, ഹബീബുള്ള മൗലവി തുടങ്ങി അവിടെ സന്നിഹിതരായ മുഴുവൻ ആളുകളും സംസാരിച്ചു. അന്ന് രാത്രി തന്നെ തൃക്കരിപ്പൂർ അൽ മുജമ്മഉൽ ഇസ്ലാമിയുടെ 33 ആം വാർഷിക മൂന്നാം സനദ് ദാന സമ്മേളനത്തിന്റെ സമാപന പരിപാടിയിൽ ഈ വിനീതനടക്കമുള്ള ചിലർക്ക് സംബന്ധിക്കേണ്ടതുള്ളതിനാൽ വൈകിട്ട് 4:25 ന് ഷൊർണൂരിൽ നിന്നുള്ള നേത്രാവതി എക്സ്പ്രസ്സിനായിരുന്നു ഞങ്ങളെല്ലാം ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ കൃത്യം 2 മണിക്ക് അവസാനിപ്പിക്കണമെന്ന രീതിയിലായിരുന്നു പരിപാടി ഷെഡ്യൂൾ ചെയ്തിരുന്നത്. പരിപാടി ഏതാണ്ട് അന്തിമഘട്ടത്തിൽ എത്തിയപ്പോൾ ബഹുമാനപ്പെട്ട കൊമ്പം മുഹമ്മദ് മുസ്ലിയാർ നമ്മുടെ വേദിയിൽ എത്തിച്ചേർന്നു. അവിടുത്തെ സാന്നിധ്യം നമുക്ക് വലിയ സന്തോഷം നൽകി. അപ്പോഴേക്കും പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിനും നമ്മുടെ വേദിയിലേക്ക് എത്തിച്ചേർന്നു. അൽപ്പ നേരം അദ്ദേഹം നമ്മളുമായി സംവദിച്ചപ്പോൾ അത് നമുക്ക് കിട്ടിയ വലിയ അംഗീകാരമായി അനുഭവപ്പെട്ടു.


ഒടുവിൽ ഹസനിയയുടെ ഓർമ്മകൾ എന്നെന്നേക്കുമായി മനസ്സിൽ കുറിച്ചിടത്തക്ക വണ്ണം സംഗമത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും ഓരോ ഉപഹാരവും നൽകി. ആ കിറ്റിനകത്ത് മനോഹരമായ ഒരു അത്തർ, ഒരു മിസ്'വാക്ക്, ഹസനിയയുടെ സ്നേഹം ഉല്ലേഖനം ചെയ്ത ഒരു മെമെന്റോ, ഏതാനും പുസ്തകങ്ങൾ, കലണ്ടർ തുടങ്ങിയവയായിരുന്നു ഉണ്ടായിരുന്നത്.


കൃത്യം 2 മണിക്ക് പരിപാടി അവസാനിപ്പിച്ച് ഞങ്ങൾ താഴെ ഇറങ്ങിയപ്പോൾ കണ്ടത് ഹസനിയയിലെ കൊച്ചു വിദ്യാർത്ഥികൾ ഒരേ വേഷം ധരിച്ച് മനോഹരമായ പുഷ്പവും കയ്യിൽ പിടിച്ച് നിര നിരയായി നിൽക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചയാണ്. അവർ നമുക്ക് വലിയൊരു 'ഗാർഡ് ഓഫ് ഹോണർ' നൽകിയത് ഏറ്റവും വലിയ സന്തോഷ മുഹൂർത്തമായിരുന്നു. ഹസനിയ അധികൃതർ ഞങ്ങളുടെ സംഘത്തെ എത്രമേൽ പരിഗണിക്കുന്നു എന്നതിന്റെ മകുടോദാഹരണമായിരുന്നു അതൊക്കെ.


ശേഷം രുചികരമായ ഉച്ച ഭക്ഷണവും, നിസ്കാരവും നിർവ്വഹിച്ചു. അപ്പോഴേക്കും ഞങ്ങളെ റെയിൽവേ സ്റ്റേഷനിൽ എത്തിക്കാനായി ഹസനിയയുടെ വാഹനം തയ്യാറാക്കി നിർത്തിയിരുന്നു. പിന്നീട് എല്ലാവരും കൂടി ഞങ്ങൾക്ക് ഊഷ്മളമായ യാത്രയയപ്പ് നൽകി വാഹനത്തിൽ കയറ്റി. ഞങ്ങൾ ഷൊർണൂർ ജംഗ്ഷൻ ലക്ഷ്യമാക്കി നീങ്ങി. അപ്പോൾ നമുക്ക് ഓരോരുത്തർക്കും ഹസനിയ അധികൃതരെ കുറിച്ചും, മാരായമംഗലം ഉസ്താദിന്റെ കരുതലിനെ കുറിച്ചും പറയാൻ നൂറ് നാക്കായിരുന്നു. നിശ്ചിത സമയത്തിലും അൽപ്പം വൈകിയായിരുന്നു ട്രെയിൻ എത്തിയത്. യാത്ര പുറപ്പെട്ടപ്പോഴേക്കും മുസ്തഫ ദാരിമി ഉസ്താദ്, റാശിദ് ഉസ്താദ്, നൂർ മുഹമ്മദ് ഹാജി തുടങ്ങിയവരൊക്കെ യാത്രാ വിവരങ്ങൾ അന്വേഷിച്ച് ഫോൺ വിളിച്ച് കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

ഗൾഫിലായിരിക്കുമ്പോൾ അവധിക്ക് നാട്ടിൽ വരുന്ന പ്രവാസികളെ വിവിധ സംഘടനകളും, സ്ഥാപന മേധാവികളും, പള്ളിക്കമ്മിറ്റികളുമൊക്കെ പ്രത്യേകം ക്ഷണിച്ച് ആദരിക്കുന്ന പതിവുണ്ടെങ്കിലും പ്രവാസത്തോട് വിട പറഞ്ഞ് നാട്ടിലെത്തിയ ഒരു വിഭാഗത്തെ ഇത്ര മേൽ പരിഗണിക്കുകയും ആദരിക്കുകയും ചെയ്യുന്നത് ആദ്യാനുഭവം ആയിരുന്നു. ഇനിയുള്ള കാലങ്ങളിൽ നമ്മുടെ ഓരോരുത്തരുടെയും പ്രാർത്ഥനകളിൽ ഹസനിയക്ക് ഒരിടമുണ്ടാവുമെന്നത് തീർച്ചയാണ്. 

ഇത്രയും വലിയ സ്വീകരണ പരിപാടികൾ ഏർപ്പെടുത്തി തന്ന ഹസനിയ അധികൃതർക്കും, മാരായ മംഗലം ഉസ്താദ്, കൊമ്പം ഉസ്താദ്, സിദ്ധീഖ് നിസാമി അൽ ഹസനി ഉസ്താദ്, റാശിദ് ഉസ്താദ്, നൂർ മുഹമ്മദ് ഹാജി, മുനവ്വിർ, ഇബ്രാഹിം ബാദുഷ തുടങ്ങി നമുക്ക് ഒത്താശ ചെയ്ത് തന്ന മുഴുവനാളുകൾക്കും (ചിലരുടെ പേരുകൾ മറന്ന് പോയിട്ടുണ്ട് അവർക്കും) അർഹമായ പ്രതിഫലം നാഥൻ ഇരു വീട്ടിലും നൽകുമാറാകട്ടെ - ആമീൻ. സ്ഥാപനത്തെ ഉത്തരോത്തരം അഭിവൃദ്ധിയിലേക്ക് അല്ലാഹു ഉയർത്തുമാറാകട്ടെ - ആമീൻ.

മഹാനായ ബാപ്പു ഉസ്താദിന്റെ പേരിൽ സ്ഥാപിക്കുന്ന 'ഹിഫ്ളുൽ ഖുർആൻ & ഖുർആൻ റിസർച്ച് സെൻറർ' ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്ഥാപനമായി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ നാഥൻ തൗഫീഖ് നൽകുമാറാകട്ടെ ആമീൻ എന്ന പ്രാർത്ഥനയോടെ.

(പ്രവാസ ഭൂമിയിൽ വെച്ച് എഴുതാനും, പറയാനും, പ്രവർത്തിക്കാനും എല്ലായ്പ്പോഴും പ്രചോദനവും പ്രോത്സാഹനവും നൽകുകയും, കുറ്റമറ്റ സംഘാടനം എങ്ങിനെ ആയിരിക്കണമെന്ന് എന്നെ പഠിപ്പിക്കുകയും ചെയ്ത അഭിവന്ദ്യ ഗുരു മാരായമംഗലം ഉസ്താദിന്റെ വ്യക്തി പ്രഭാവത്തിന് മുന്നിൽ ഏറെ ബഹുമാനാദരവുകൾ സമർപ്പിച്ച് കൊണ്ട്)....

സസ്നേഹം: 

ടി.സി ഇസ്മാഈൽ ഉദിനൂർ
















2024 ഓഗസ്റ്റ് 24, ശനിയാഴ്‌ച

ദുബൈയിലെ പഴയ കാല സുന്നി പ്രവർത്തകർ നാട്ടിൽ സംഗമിക്കുന്നു.


ദുബൈയിലെ പഴയകാല സുന്നി പ്രവർത്തകർ നാട്ടിൽ സംഗമിക്കുന്നു.

80 കളിൽ ദുബൈയിലെ സുന്നി സംഘടനാ പ്രവർത്തനത്തിന് തുടക്കം കുറിക്കുകയും അതിന് വെള്ളവും, വളവും നൽകി വളർത്തിയെടുക്കുകയും ചെയ്ത പഴയ കാല സുന്നി പ്രവർത്തകർ ജൻമ നാട്ടിൽ ഒത്തുചേരുന്നു.

2024 ഓഗസ്റ്റ് 25 ഞായർ ഉച്ചക്ക് 2.30ന് തളിപ്പറമ്പ് അൽ മഖറാണ് ഈ അപൂർവ്വ സംഘമത്തിന് വേദിയാവുക.

ഒന്നിച്ച് പ്രവർത്തിച്ച പഴയകാലാനുഭവങ്ങൾ പങ്ക് വെക്കാനും, പരസ്പര സൗഹൃദം ഊട്ടിയുറപ്പിക്കാനും, വീണ്ടുമൊരിക്കൽ കൂടി പരസ്പരം കാണാനും ഉദ്ദേശിച്ച് കൊണ്ടുള്ള ഈ കൂടിച്ചേരൽ എന്ത് കൊണ്ടും വേറിട്ട അനുഭവമാകും.

ഗൾഫിനോട് വിട പറഞ്ഞെത്തിയിട്ടും പഴയ കാല ആവേശം ഒട്ടും ചോർന്നു പോകാതെ നാട്ടിൽ സംഘടനാ, സ്ഥാപന കമ്മിറ്റികളിൽ സജീവ സാന്നിധ്യമായി പ്രവർത്തിക്കുകയാണ് പല പഴയ കാല പ്രവർത്തകരും.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന അത്തരം പഴയകാല സഹപ്രവർത്തകരെ ഈ അപൂർവ്വ സംഗമത്തിലേക്കെത്തിക്കുവാനുള്ള തീവ്ര ശ്രമത്തിലാണ് ഇപ്പോൾ സംഘാടകർ. 

മിഡിലീസ്റ്റിലെ തന്നെ മൊത്തം സംഘടനാ സംവിധാനങ്ങൾക്ക് മാതൃകയാകും വിധം ദുബൈയിലെ സംഘടനാ പ്രവർത്തനങ്ങൾക്ക് ചടുലഭാവം നൽകിയ പഴയകാല നേതാക്കൾ തന്നെയാണ് ഇത്തരമൊരു കൂട്ടായ്മക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.  25ന് നടക്കുന്ന ഈ സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക: 9747950070


2024 ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച

മീലാദ് കാമ്പയിൻ പോസ്റ്റർ പ്രകാശനവും, ഫണ്ടുൽഘാടനവും, പ്രതിഭകൾക്ക് അനുമോദനവും. സംഘടിപ്പിച്ചു.













ആത്മീയ മജ്ലിസും, മീലാദ് കാമ്പയിൻ പോസ്റ്റർ പ്രകാശനവും, ഫണ്ടുൽഘാടനവും, പ്രതിഭകൾക്ക് അനുമോദനവും. സംഘടിപ്പിച്ചു.

ഉദിനൂർ താജുൽ ഉലമ സുന്നി മദ്രസയുടെ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന മീലാദ് ക്യാമ്പയിന്റെ പോസ്റ്റർ പ്രകാശനം സ്വാഗത സംഘം ചെയർമാൻ കെ.സി ഹുസൈൻ സഖാഫി പെട്ടിക്കുണ്ട് നിർവഹിച്ചു. മീലാദ് ക്യാമ്പയിൻ ഫണ്ട് കൈമാറ്റം എൻ ഇബ്രാഹിം, എം.ടി.പി അബൂബക്കർ മൗലവി എന്നിവർ നിർവ്വഹിച്ചു.

ഇക്കഴിഞ്ഞ എസ്.എസ്.എഫ് സെക്ടർ സാഹിത്യോത്സവിൽ ജേതാക്കളായ ഉദിനൂർ യൂണിറ്റിലെ പ്രതിഭകളെ വേദിയിൽ വെച്ച് അനുമോദിച്ചു.

തുടർന്ന് നടന്ന മാസാന്ത ആത്മീയ മജ്ലിസിന് നിസാർ മിസ്ബാഹി നേതൃത്വം നൽകി.

2024 ഫെബ്രുവരി 25, ഞായറാഴ്‌ച

ബറാഅത്ത് സ്മൃതി സംഗമവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു.

ഉദിനൂർ: പുണ്യങ്ങൾ പെയ്തിറങ്ങുന്ന ശഅബാൻ 15 ന്റെ പ്രാധാന്യം വിളിച്ചറിയിച്ച് കൊണ്ടുള്ള ബറാഅത്ത് സ്മൃതി സംഗമവും ഉദിനൂരിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നും അടുത്ത ദിവസങ്ങളിലായി മരണപ്പെട്ടവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയും സംഘടിപ്പിച്ചു. 

ഉദിനൂർ താജുൽ ഉലമ മെമ്മോറിയൽ സുന്നി മദ്രസ മാനേജ്മെൻറ് കമ്മിറ്റിയുടെയും സ്റ്റാഫ് കൗൺസിൽ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സദർ മുഅല്ലിം നിസാർ മിസ്ബാഹി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ടി.കെ.സി മുനീർ മിസ്ബാഹി ഉദ്ബോധന പ്രസംഗം നടത്തി. വി.ടി മുഹമ്മദലി ബാഖവി, ഹുസൈൻ സഖാഫി പെട്ടിക്കൊണ്ട്. എ.ജി താജുദ്ദീൻ മൗലവി, ഇബ്രാഹിം അമാനി, ഹംസ മൗലവി പിലാവളപ്പിൽ, അബ്ദുൽ കരീം മൂപ്പന്റകത്ത്, ടി.പി അബ്ദുൽ റഹീം, എ.ജി ഫിറോസ്, ടി.പി നൗഷാദ്, ടി.പി അബ്ദുൽസലാം ഹാജി, ടി അബ്ദുല്ല മാസ്റ്റർ, എ.കെ കുഞ്ഞബ്ദുള്ള, എൻ അബ്ദുൽ റസാഖ് ഹാജി, എ.ജി ഖാലിദ് ഹാജി, എൻ അബ്ദുൽ റഷീദ് ഹാജി, ടി.സി മുഹമ്മദ് സാനി, റസാഖ് പുഴക്കര, ടി അഷറഫ്, ടി.സി ഇസ്മായിൽ, പി മുഹമ്മദ് അലി, സി ഇബ്രാഹിം,  ടി.സി മുസമ്മിൽ, പി ബഷീർ എടച്ചാക്കൈ, എൻ ഇബ്രാഹിംകുട്ടി, എ.ജി കമറുദ്ദീൻ, ടി.സി അബ്ദുൽ കാദർ ഹാജി, ടി മുഹമ്മദ് കുഞ്ഞി ഹാജി, പി.പി യൂസഫ് ഹാജി, പി.പി അഹമ്മദ് കുട്ടി ഹാജി, എം.ടി.പി മുഹമ്മദ് കുഞ്ഞി, എൻ അബ്ദുൽ സലീം, എം.ടി.പി ശാഹുൽ ഹമീദ്, സി യൂനുസ്, പി.പി അബ്ദുൽ ഖാദർ തുടങ്ങിയവർ സംബന്ധിച്ചു.

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് സംഘടിപ്പിച്ച 'സ്മാർട്ട് സ്കോളർഷിപ്പ്' പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒമ്പതാം റാങ്കും (8 ആം തരം), കാസറഗോഡ് ജില്ലയിൽ രണ്ടാം റാങ്കും നേടിയ ഉദിനൂർ താജുൽ ഉലമ സുന്നി മദ്രസ വിദ്യാർത്ഥി മുഹമ്മദ് സിദാന് സ്റ്റാഫ് & മാനേജ്മെന്റ് കമ്മിറ്റി വകയായുള്ള ഉപഹാരം വേദിയിൽ വെച്ച് മൂപ്പന്റകത്ത് അബ്ദുൽ കരീം സാഹിബ് സമ്മാനിച്ചു.